മുഖ്യമന്ത്രിയുടെ ജോലിയും നഷ്ടമായേക്കുമെന്ന് നിയമവ്യത്തങ്ങൾ...ദുരിതാശ്വാസ നിധി വകമാറ്റിയ കേസിൽ, ഡിസംബർ 9 നാണ് ഹൈക്കോടതി കേസ് പരിഗണിക്കുന്നത്... പ്രതികൂല പരാമർശം ഉണ്ടായാൽ മുഖ്യമന്ത്രി രാജിവയ്ക്കേണ്ടി വരും...
മുൻ എം എൽ എ കെ.കെ. രാമചന്ദ്രന്റെ മകന് ജോലി നഷ്ടമായതിന് പിന്നാലെ മുഖ്യമന്ത്രിയുടെജോലിയും നഷ്ടമായേക്കുമെന്ന് നിയമവ്യത്തങ്ങൾ. ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസിൽ സുപ്രീം കോടതി വിധി തീർച്ചയായും പ്രതിഫലിക്കുമെന്നാണ് കരുതുന്നത്.. ഡിസംബർ 9 നാണ് ഹൈക്കോടതി കേസ് പരിഗണിക്കുന്നത്. ലോകായുക്ത ഈ കേസ് തള്ളിയതിനെ തുടർന്നാണ് ഹർജിക്കാരനായ ആർ.എസ്. ശശികുമാർ കേരള ഹൈക്കോടതിയിൽ അപ്പിൽ നൽകിയത്. സുപ്രീം കോടതി വിധി പറഞ്ഞ കേസിന് സമാനമാണ് ഹൈക്കോടതിയിലുള്ള ഹർജിയും. ഹൈക്കോടതിയിൽ നിന്നും പ്രതികൂല പരാമർശം ഉണ്ടായാൽ മുഖ്യമന്ത്രി രാജിവയ്ക്കേണ്ടി വരും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്തെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ചില മുൻ മന്ത്രിമാർക്കും എതിരെ സമർപ്പിച്ച പരാതി ലോക് ആയുക്ത, ഉപ ലോക് ആയുക്തകൾ തള്ളിയ നടപടി ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചത് കഴിഞ്ഞ ജനുവരിയിലാണ്.. ചീഫ് ജസ്റ്റിസ് ആയിരുന്ന എ ജെ ദേശായിയും ജസ്റ്റിസ് വി ജി അരുണും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജി സ്വീകരിച്ചത്..പിണറായി വിജയന് നൽകിയ കത്തിന് പുറമെ മുൻ മന്ത്രിമാരായ എ കെ ബാലൻ, ഇ ചന്ദ്രശേഖരൻ, ഡോ കെ ടി ജലീൽ, കടകംപള്ളി സുരേന്ദ്രൻ, എം എം മണി, മാത്യു ടി തോമസ്, ജെ മേഴ്സിക്കുട്ടി അമ്മ, എ സി മൊയ്തീൻ, കെ രാജു, രാമചന്ദ്രൻ കടന്നപ്പള്ളി, ടി പി എന്നിവർക്കും ബെഞ്ച് നോട്ടീസ് അയച്ചു. രാമകൃഷ്ണന് , സി രവീന്ദ്രനാഥ്, കെ.കെ ഷൈലജ, ജി സുധാകരൻ, പി തിലോത്തമൻ,
ഡോ ടി എം തോമസ് ഐസക്. കേസിലെ പ്രതികളിലൊരാളായ കേരള ലോകായുക്തയ്ക്കും കോടതി നോട്ടീസ് അയച്ചു.രാഷ്ട്രീയ പരിഗണനയുടെയും സ്വജനപക്ഷപാതത്തിൻ്റെയും അടിസ്ഥാനത്തിൽ സിഎംഡിആർഎഫ് ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് 2018ലാണ് ശശികുമാർ ലോകായുക്തയിൽ കേസ് ഫയൽ ചെയ്തത് . ദുരിതാശ്വാസത്തിന് അർഹതയില്ലാത്തവർക്കാണ് പണം നൽകിയതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. എൻസിപി നേതാവ് ഉഴവൂർ വിജയൻ്റെ കുടുംബത്തിന് 25 ലക്ഷം രൂപയും ചെങ്ങന്നൂർ മുൻ എംഎൽഎ കെകെ രാമചന്ദ്രൻ നായരുടെ കുടുംബത്തിന് 8.5 ലക്ഷം രൂപയും അനുവദിച്ചതായി ശശികുമാർ പറഞ്ഞു.സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അനുഗമിക്കുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച പൊലീസുകാരൻ്റെ കുടുംബത്തിന് 20 ലക്ഷം രൂപ സഹായധനം നൽകിയതായി ശശികുമാർ പറഞ്ഞു.
2018 സെപ്റ്റംബറിലാണ് ശശികുമാർ ഹർജി നൽകിയത്.തുടർന്ന് ലോക് ആയുക്തയും ഉപ ലോകായുക്തയും പരാതി തള്ളുകയും സിഎംഡിആർഎഫിൽ നിന്ന് പണം അനുവദിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണെന്ന് കണ്ടെത്തുകയും ചെയ്തു. . 'സിഎംഡിആർഎഫ് ഫണ്ട് ദുരുപയോഗം ചെയ്തതിന് തെളിവുകളൊന്നുമില്ല. ദുരിതാശ്വാസ നിധിയിൽ നിന്ന് പരമാവധി മൂന്ന് ലക്ഷം രൂപ അനുവദിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമുണ്ട്. ധനസഹായം രാഷ്ട്രീയ പ്രേരിതമാണെന്നതിന് തെളിവില്ല,' ലോകായുക്ത കോടതി അന്ന് പറഞ്ഞു.ഇതിനെതിരെയാണ് ശശികുമാർ ഹൈക്കോടതിയെ സമീപിച്ചത്. സുപ്രീം കോടതി വിധി ഹൈക്കോടതി മാതൃകയാക്കിയാൽ മുഖ്യമന്ത്രി കസേര കുലുങ്ങും.
ചട്ടങ്ങൾ മറികടന്ന് ഇഷ്ടക്കാരെ സർക്കാർ സർവീസിൽ തിരുകി കയറ്റിയ മന്ത്രിസഭാ തീരുമാനത്തിന് ലഭിച്ച കനത്ത തിരിച്ചടിയാണ് സുപ്രീംകോടതി വിധി. അന്തരിച്ച മുൻ എംഎൽഎ കെ.കെ.രാമചന്ദ്രൻ നായരുടെ മകന് ആശ്രിത നിയമനം നൽകിയ കേസാണ് സുപ്രീംകോടതി റദ്ദാക്കിയത്. ഹൈക്കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ച്, റദ്ദാക്കിയ നിയമനത്തിന് അംഗീകാരം ലഭിക്കാനാണ് സർക്കാർ സുപ്രീംകോടതിയിൽ പോയതും വീണ്ടും തിരിച്ചടി ഏറ്റു വാങ്ങിയതും. ഈ കേസുമായി സർക്കാർ സുപ്രീം കോടതിയിൽ പോയത് മണ്ടത്തരമായി. കെ.കെ. രാമചന്ദ്രൻ നായരുടെ മകൻ ആർ. പ്രശാന്തിന് പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയറായി ഗസറ്റഡ് തസ്തികയിലാണ് ആശ്രിത നിയമനം നൽകിയത്. 2018ൽ മന്ത്രിസഭ തീരുമാനിച്ച പ്രകാരമായിരുന്നു നിയമനം. ജനപ്രതിനിധികളുടെ മക്കൾക്കും ബന്ധുക്കൾക്കും ആശ്രിത നിയമനം നൽകുന്നത് പഞ്ചായത്ത് പ്രസിഡന്റിന്റെ മക്കളെ വരെ സർക്കാർ ജോലികളിൽ നിയമിക്കുന്നതിലേക്കു കാര്യങ്ങളെ കൊണ്ടെത്തിക്കും എന്നു ഹൈക്കോടതി രൂക്ഷമായി വിമർശിച്ച കേസിലാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
എംഎൽഎയുടെ ആശ്രിതന് ജോലി നൽകിയതിൽ പരാതിക്കാരന് ദോഷമായി ഒന്നുമില്ലെന്നും പൊതുതാൽപര്യ ഹർജി നിലനിൽക്കില്ലെന്നുമായിരുന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ, സർക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. ഈ നിയമനം അംഗീകരിക്കുന്നതു സർക്കാരിനെ കയറൂരി വിടുന്നതിനു തുല്യമാകുമെന്നും പിൻവാതിൽ നിയമനങ്ങൾ നടത്തുന്നതിലേക്കും അതിലൂടെ സാമൂഹിക വിവേചനങ്ങൾക്കും വഴി തുറക്കുമെന്നും കോടതി പറഞ്ഞു.ഇങ്ങനെ സംഭവിക്കുന്നതു സമത്വവും നിയമത്തിന്റെ തുല്യ സംരക്ഷണവും ലംഘിക്കുന്നതിനു തുല്യമാണെന്നും സർക്കാർ ജോലിക്കായി കാത്തിരിക്കുന്ന യോഗ്യരായ ഉദ്യോഗാർഥികളുടെ ഭരണഘടന അവകാശത്തിന്റെ നിഷേധമായിരിക്കുമെന്നും ജസ്റ്റിസ് എസ്.മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
നീതിപൂർവവും നിഷ്പക്ഷവുമായി നിയമനം നടത്തുമ്പോൾ ഉദ്യോഗാർഥിയുടെ സാഹചര്യം മാത്രമല്ല, ഭരണഘടനയും സർക്കാരുണ്ടാക്കിയ ചട്ടങ്ങളും ശ്രദ്ധിക്കണം. ഒരു കുടുംബത്തിന്റെയോ വ്യക്തിയുടെയും സ്വകാര്യ താൽപര്യം സംരക്ഷിക്കാനല്ല അധികാരം ഉപയോഗിക്കേണ്ടത്. ഇക്കാര്യത്തിൽ സർക്കാരിന്റെ ഇഷ്ടാനുസരണം അസാധാരണമായി അധികാരം ഉപയോഗിക്കാനാവില്ല. സർക്കാർ ജോലി ഉറപ്പാക്കാൻ ആത്മാർഥമായ തയാറെടുപ്പ്, എഴുത്തുപരീക്ഷ, അഭിമുഖം തുടങ്ങിയ നടപടികളിലൂടെ കടന്നുപോകണം. എന്നാൽ എംഎൽഎയുടെ മകനെന്നതു പരിഗണിച്ചും ആശ്രിത നിയമനം വേണമെന്നതിന്റെ അടിസ്ഥാനത്തിലും ഇതെല്ലാം മറികടന്നെന്നും കോടതി പറഞ്ഞു. ഇതുസംബന്ധിച്ച നിയമങ്ങൾ ലംഘിച്ചാണു നിയമനം. ഇക്കാര്യത്തിൽ പൊതുതാൽപര്യം ഇല്ലെന്നും വ്യക്തിപരമായ പരിഗണന മാത്രമാണുള്ളതെന്നും കോടതി പറഞ്ഞു.
ആശ്രിത നിയമനത്തിനായി സൂപ്പർ ന്യൂമററി തസ്തികകൾ സൃഷ്ടിക്കാൻ വ്യവസ്ഥയില്ലെന്നും കോടതി വ്യക്തമാക്കി. മരിച്ച ഉദ്യോഗസ്ഥന്റെ ബന്ധുക്കളുടെ നിയമന കാര്യത്തിലാണെങ്കിലും ഒഴിവുണ്ടെങ്കിൽ ചട്ടങ്ങൾക്ക് അനുസൃതമായി മാത്രമേ ആശ്രിതജോലി അനുവദിക്കാവൂ എന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. നിയമനത്തിനെതിരെ ലോകായുക്തയിലും പരാതി ലഭിച്ചിരുന്നു. എന്നാൽ മന്ത്രിസഭ നടത്തിയ നിയമനത്തിൽ ഇടപെടാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ലോകായുക്ത ഹർജി തള്ളുകയായിരുന്നു.ഒരു മുന്‍ എം.എല്‍.എയുടെ മകന് എന്ത് അടിസ്ഥാനത്തിലാണ് ആശ്രിത നിയമനം നല്‍കുന്നതെന്നാണ് സുപ്രീം കോടതി പ്രധാനമായി ഉന്നയിച്ച ചോദ്യം.
എന്നാല്‍, മതിയായ യോഗ്യതകള്‍ പ്രശാന്തിനുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് നിയമനം നല്‍കിയതെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടിരുന്നത്.അതേസമയം, പ്രശാന്ത് സര്‍വീസില്‍ ഇരുന്ന കാലത്ത് വാങ്ങിയിരുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തിരിച്ച് പിടിക്കരുതെന്ന് ഹര്‍ജികാരന്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം സുപ്രീം കോടതി അംഗീകരിച്ചിട്ടുണ്ട്. ആശ്രിത നിയമനം സംബന്ധിച്ച് കൃത്യമായ സര്‍വീസ് ചട്ടങ്ങള്‍ സംസ്ഥാനത്തിനുണ്ട്. കേരള സബോഡിനേറ്റ് സര്‍വീസ് ചട്ടം പ്രകാരം തസ്തിക സൃഷ്ടിച്ച് ഇത്തരത്തിലൊരു നിയമനം നടത്താന്‍ മന്ത്രിസഭയ്ക്ക് കഴിയുമോയെന്ന കാര്യവും സുപ്രീം കോടതി പരിശോധിച്ചു. ഒരു എം.എല്‍.എയുടെ മകന് ഇത്തരത്തിലൊരു നിയമനം നല്‍കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി നിയമനം റദ്ദാക്കിയത്.
പൊതുതാത്പര്യ ഹര്‍ജിയില്‍ നിയമനം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന വാദം. നിയമനത്തിനായി പ്രത്യേക തസ്തിക രൂപീകരിക്കാന്‍ മന്ത്രിസഭയ്ക്ക് അധികാരം ഉണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചു. സംസ്ഥാനത്തിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, സ്റ്റാന്റിംഗ് കോണ്‍സല്‍ സി.കെ ശശി എന്നിവരാണ് ഹാജരായത്. ആര്‍ പ്രശാന്തിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ വി.ഗിരി, മുഹമ്മദ് സാദിഖ് എന്നിവരും ഹാജരായി. ഹര്‍ജിക്കാരന് വേണ്ടി അഭിഭാഷകന്‍ എ.കാര്‍ത്തിക് ഹാജരായി.ലോകായുക്തക്കും ഉപ ലോകായുക്തമാർക്കുമെതിരെ ആർ എസ് ശശികുമാർ ഹൈക്കോടതിയെ സമീപിച്ചിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരും വിവരണാതീതമായ പ്രതിസന്ധിയാണ് അനുഭവിക്കാൻ പോകുന്നത്. . ഒരു കാരണവശാലും ഹൈക്കോടതി കേസ് ലാഘവത്തോടെ കൈകാര്യം ചെയ്യരുതെന്നും അതീവശ്രദ്ധയോടെ നീങ്ങണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസും നിയമകാര്യ വിദഗ്ദ്ധനും എ ജിക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു.
അതീവ സൂക്ഷ്മതയോടെ നീങ്ങിയില്ലെയിൽ മുഖ്യമന്ത്രി സ്ഥാനം തെറിക്കാൻ ഇത് മതിയാകും. അതായത് ഹൈക്കോടതിയെ മാനേജ് ചെയ്യണം. ലോകായുക്ത ഉത്തരവ് നിയമവിരുദ്ധമാണെന്നാണ് ആരോപണം. പരാതി നിലനിൽക്കില്ലെന്ന് പറയാൻ ലോകായുക്തക്ക് അനുവാദമില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് രാഷ്ട്രീയക്കാർക്ക് മാനദണ്ഡങ്ങള്‍ ലംഘിച്ച് പണം നല്‍കിയെന്നാണ് ആർ എസ് ശശികുമാറിന്റെ പരാതി. പണം അനുവദിച്ചതിലെ നടപടിക്രമങ്ങളിൽ വീഴ്ച ഉണ്ടായെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞെങ്കിലും, സെക്ഷൻ 14 പ്രകാരം ഡിക്ലറേഷൻ നൽകാനുള്ള തെളിവുകൾ ഇല്ലെന്നായിരുന്നു ഉത്തരവ്. പരാതി ലോകായുക്തയുടെ അധികാരപരിധിയിലേ വരില്ലെന്ന് പറഞ്ഞാണ് ഉപലോകായുക്തമാരായ ബാബു മാത്യു പി ജോസഫും,ഹാറൂണ്‍ അല്‍ റഷീദും ഹർജി തള്ളിയത്. ഈ ഉത്തരവുകൾ റദ്ദാക്കണമെന്ന് അപ്പീലിൽ പറയുന്നു. ഇരുവരും ഇപ്പോൾ പിണറായിക്ക് എതിരാണ്.
ദുരിതാശ്വാസ നിധിയിലെ പണം വകമാറ്റിയെന്ന പരാതിയിൽ സംസ്ഥാന സർക്കാരിനെ വിധിയിൽ രൂക്ഷമായി വിമർശിച്ച ലോകയുക്ത സിറിയക് ജോസഫിന്റെ നിലപാടാണ് മുഖ്യമന്ത്രിക്ക് വിനയായത്. ജസ്റ്റിസ് സിറിയക് ജോസഫിന്റെ വിധി പകർപ്പിലാണ് അപേക്ഷ കിട്ടാതെ പണം അനുവദിക്കേണ്ട തിടുക്കം ഉണ്ടായിരുന്നില്ല എന്നടക്കം വിമർശനം ഉന്നയിച്ചത്. എന്നാൽ അഴിമതിക്കും സ്വജനപക്ഷപാതത്തിനും തെളിവില്ലെന്ന് വിധിയിൽ ലോകായുക്ത ചൂണ്ടിക്കാട്ടിയത്. ഫണ്ട് വിനിയോഗം ലോകായുക്തക്ക് പരിശോധിക്കാമെന്ന് ജസ്റ്റിസ് സിറിയക് ജോസഫിന്റെ വിധിയിൽ ചൂണ്ടിക്കാട്ടിയിരുന്നു . മന്ത്രിസഭാ കാലാവധി തീർന്നെങ്കിലും പരാതി നില നിൽക്കും. ഫണ്ട് അനുവദിച്ചുള്ള മന്ത്രിസഭാ തീരുമാനം നയപരമായ തീരുമാനമല്ല, മറിച്ച് ഭരണപരമായ തീരുമാനമാണ്. പൊതു പണമാണ് ഉപയോഗിച്ചിരിക്കുന്നത്. ഫണ്ട് അനുവദിച്ചതിൽ അപാകതകളുണ്ട്. സിഎംഡിആർഎഫ് നിയമപ്രകാരമുള്ള ഒരു അപേക്ഷയും ഉണ്ടായിരുന്നില്ല. മന്ത്രിസഭാ യോഗത്തിന്റെ നോട്ടും ഉണ്ടായിരുന്നില്ല.
മന്ത്രിസഭാ യോഗത്തിന്റെ അജണ്ടയിലും വിഷയം ഉൾപ്പെടുത്തിയിരുന്നില്ല. സംസ്ഥാന സർക്കാർ തീരുമാനമെടുക്കുമ്പോൾ വിവേചനാധികാരം ഏകപക്ഷീയമാകരുതെന്ന് സിറിയക് ജോസഫ് വിധിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്ഇതിലാണ് കുരുക്ക്. സിറിയക് ജോസഫ് കണ്ടെത്തിയത് പൂർണമായി ക്രമക്കേടുകൾ മാത്രമാണ്. എന്നാൽ മുഖ്യമന്ത്രിയും മന്ത്രി സഭയും കുറ്റക്കാരല്ലെന്ന് പറയുന്നു. ഇത് എങ്ങനെ ശരിയാകുമെന്നാണ് ഹർജിക്കാരന്റെ ചോദ്യം. ഒരു അപക്ഷ പോലുമില്ലാതെ ഒരാൾക്ക് സർക്കാർ ജോലി നൽകുന്നത് എങ്ങനെ അംഗീകരിക്കും എന്നാണ് ചോദ്യം. മന്ത്രിസഭയെ സ്വന്തം കുടുംബമായി കണ്ടതു കൊണ്ടുള്ള പ്രയാസമാണ് ഉണ്ടായതെന്ന് ഹർജിക്കാരൻ ആരോപിക്കുന്നത് വെറുതെയല്ലമുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹർജിയിൽ അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ലോകായുക്ത വിധിപറഞ്ഞത്. മരണ ശേഷം ഉഴവൂർ വിജയന്‍റെ കുടുംബത്തിനും ചെങ്ങന്നൂർ മുൻ എംഎൽഎ കെ കെ രാമചന്ദ്രൻ നായരുടെ കുടുംബത്തിനും, കോടിയേരി ബാലകൃഷ്ണൻ സഞ്ചരിച്ച വാഹനം ഇടിച്ച് മരിച്ച സിവിൽ പൊലീസ് ഓഫീസറുടെ കുടുംബത്തിനും ഒരു അപേഷാ രേഖ പോലുമില്ലാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം അനുവദിച്ചിരുന്നു.
ഇത് അധികാര ദുർവിനിയോഗമെന്ന് കാട്ടി ആർഎസ് ശശികുമാർ നൽകിയ ഹർജിയാണ് ലോകായുക്ത ഫുൾബഞ്ച് തള്ളിയത്.അപേക്ഷയില്ലാതെ സർക്കാരിന് ഇത്തരം കാര്യങ്ങൾക്ക് പണം അനുവദിക്കാൻ കഴിയില്ല. കാരണം ഇത് രാജഭരണമല്ല. ഓരോ രൂപക്കും സർക്കാരിന് മറുപടി പറയേണ്ടി വരും. ലോകായുക്ത വിരമിച്ച ഹൈക്കോടതി ജഡ്ജിമാരാണ്. ഇവരുടെ നിയമനങ്ങൾ 1957 ലെ കേരള ഹൈക്കോർട്ട് ജഡ്ജസ് കണ്ടീഷൻസ് ഓഫ് സർവീസ് ആക്റ്റ് അനുസരിച്ചാണ് നിർണയിക്കുന്നത്. അതായത് വിരമിച്ച ജഡ്ജിമാർക്ക് ശമ്പളം നൽകുന്നതിൽ മാത്രമല്ല ആക്റ്റ് ബാധകം. പണ്ട് ജഡ്ജിമാർ പൊതു സമൂഹവുമായി ഇട പഴകിയിരുന്നില്ല. ഇതിന് കാരണം തങ്ങൾക്ക് മറ്റ് താൽപ്പര്യങ്ങൾ ഉണ്ടാകരുത് എന്നതു കൊണ്ടാണ്. .
ലോകായുക്തയെ സർക്കാർ ഗൗരവമായി എടുത്തിരുന്നില്ല. ഇത്തരത്തിൽ മുമ്പ് പാളിച്ച പറ്റിയത് കർണാടക സർക്കാരിനാണ്. അവർ ലോകായുക്തയായി നിയമിച്ച മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡേ അവരെ തന്നെ തിരിഞ്ഞു കുത്തിയിരുന്നു . ഇത്തരം നിയമ ഏജൻസികളെ ശ്രദ്ധിക്കണം എന്ന പാഠമാണ് സർക്കാരിന് ഇതിൽ നിന്ന് ലഭിക്കുന്നത്. ലോകായുക്ത സുപ്രീം കോടതിയുടെ മുൻ ജഡ്ജിയാണ്. അദ്ദേഹം ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ താൽകാലിക അധ്യക്ഷനായിരുന്നു. കമ്മീഷനുകൾ കേസുകൾ കൈകാര്യം ചെയ്യുമ്പോൾ മികച്ച സർക്കാർ അഭിഭാഷകർ പോലും ഹാജരാകാറില്ല.അതു കൊണ്ടാണ് ഇത്തരത്തിൽ പണി കിട്ടുന്നത്. മുമ്പ് ജലീലിന് പണി കിട്ടിയതും ഇങ്ങനെയാണ്.
2017 ജൂലൈ 27 മുതൽ 2018 ജനുവരി14 വരെയുള്ള മൂന്ന് മന്ത്രിസഭാ തീരുമാനങ്ങളാണ് ചോദ്യം ചെയ്യപ്പെട്ടത്. .2019 ജനുവരി14 ന് ഇത് പരിഗണിച്ച ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസ് ഇതിൽ പ്രഥമദ്യഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടെത്തി. പയസ് കുര്യാക്കോസ് മാന്യനായ ജഡ്ജിയായിരുന്നു. അദ്ദേഹം മാറിയ ശേഷമാണ് സിറിയക് ജോസഫിന്റെ ബഞ്ചിൽ കേസ് എത്തിയത്. 2022 ഫെബ്രുവരി അഞ്ചിന് വാദം ആരംഭിച്ച ഹർജിയിൽ മാർച്ച് 18നാണ് വാദം പൂർത്തിയായത്. ഹർജിയിന്മേലുള്ള വാദത്തിനിടെ ലോകായുക്തനിയമം പതിനാലാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ട് സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചു. ഈ വകുപ്പ് പ്രകാരമുള്ള ലോകായുക്ത വിധിയിലാണ് കെ.ടി.ജലീലിനു മന്ത്രി സ്ഥാനം രാജി വയ്ക്കേണ്ടിവന്നത്.
ഇന്ത്യയിലെ പരമോന്നത കോടതിയിലെ ഉത്തരവുകൾ അടിസ്ഥാനമാക്കിയാണ് ഹൈക്കോടതികൾ വിധി പറയുന്നത്. ഹൈക്കോടതി കേസിൽ സുപ്രീം കോടതിയുടെ വിധിന്യായം തീർച്ചയായും പരാമർശിക്കപ്പെടും.അപ്പോൾ അത് ഹൈക്കോടതിക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല. അങ്ങനെ വരികയാണെങ്കിൽ ദുരിതാശ്വാസ നിധി വകമാറ്റിയതാണെന്ന് ഹൈക്കോടതി കണ്ടെത്തും. ഇപ്രകാരം കണ്ടെത്തിയാൽ പിണറായിക്ക് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വരും. കാരണം പൂർണമായും നിയമവിരുദ്ധമായാണ് ദുരിതാശ്വാസനിധി കൈകാര്യം ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha