വിദേശവനിതയുടെ മൃതദേഹം ഒരാഴ്ച കിടന്നത് ആംബുലന്‍സില്‍ ഡ്രൈവറുടെ വീടിന്റെ ഷെഡില്‍
വയനാട്ടില്‍ ഒരു റിസോട്ടില്‍ ചികിത്സയ്‌ക്കെത്തിയ വിദേശ വനിതയുടെ മൃതദേഹം ഒരാഴ്ച ആംബുലന്‍സില്‍ സൂക്ഷിച്ചെന്ന് പരാതി. കഴിഞ്ഞ മാസം 20ന് പുലര്‍ച്ചെയോടെയാണ് കാമറൂണ്‍ സ്വദേശി മോഗ്യും ക്യാപ്റ്റു പാല്‍വെളിച്ചം ആയുര്‍വേദ യോഗാവില്ല റിസോര്‍ട്ടില്‍ മരിച്ചത്. രണ്ടു മാസം മുമ്പാണ് മാനന്തവാടിയിലെ സ്വകാര്യ ആയുര്‍വേദ കേന്ദ്രത്തില്‍ യുവതി ചികിത്സയ്‌ക്കെത്തിയത്.
യുവതിയുടെ മൃതദേഹം പിന്നീട് മാനന്തവാടിയിലെ സ്വകാര്യ ആംബുലന്‍സ് ഡ്രൈവര്‍ക്ക് കൈമാറുകയായിരുന്നു. മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കെന്ന് പറഞ്ഞാണ് ആംബുലന്‍സ് ഡ്രൈവര്‍ മൃതദേഹം കൊണ്ടു പോയത്. എന്നാല്‍ ഒരാഴ്ച ആംബുലന്‍സ് ഡ്രൈവറുടെ വീടിനോട് ചേര്‍ന്ന ഷെഡിലാണ് മൃതദേഹം സൂക്ഷിച്ചത്. മൃതദേഹം 27ന് കോഴിക്കോട് വച്ച് എംബാം ചെയ്ത് ബെംഗളൂരുവിലേക്കും തുടര്‍ന്ന് സ്വദേശത്തേക്കും കൊണ്ടുപോയി. മോഗ്യും ക്യാപ്റ്റുവിനൊപ്പം സഹോദരിയുമുണ്ടായിരുന്നു.
മാനന്തവാടി മെഡിക്കല്‍ കോളജില്‍ സൗകര്യങ്ങളുണ്ടായിട്ടും മൃതദേഹം വീട്ടിലേക്ക് കൊണ്ടു പോയത് എന്തിനാണെന്നാണ് സംശയം. വിഷയത്തില്‍ സമഗ്ര അന്വേഷണമാവശ്യപ്പെട്ട് ബിജെപിയും യൂത്ത് കോണ്‍ഗ്രസും പൊലീസില്‍ പരാതി നല്‍കി. മരണം സ്ഥിരീകരിക്കാന്‍ ആയുര്‍വേദ കേന്ദ്രത്തില്‍ അംഗീകൃത ഡോക്ടര്‍മാരുണ്ടായില്ല എന്നും പൊലീസിന്റെ സാന്നിധ്യത്തിലല്ലാതെയാണ് മൃതദേഹം ആംബുലന്‍സ് ഡ്രൈവര്‍ക്ക് കൈമാറിയതെന്നും പരാതിയിലുണ്ട്.
എന്നാല്‍ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് മൃതദേഹം സൂക്ഷിച്ചതെന്ന് ആയുര്‍വേദ യോഗവില്ല അധികൃതര്‍ പറഞ്ഞു. മെഡിക്കല്‍ വിസയില്‍ രണ്ടുമാസംമുന്‍പ് സഹോദരിക്കൊപ്പമാണ് ഇവര്‍ ചികിത്സയ്ക്കെത്തിയത്. ജനറേറ്റര്‍ സൗകര്യമില്ലാത്തതിനാലാണ് വയനാട് ഗവ. മെഡിക്കല്‍ കോളേജില്‍ മൃതദേഹം സൂക്ഷിക്കാന്‍ കഴിയാതിരുന്നത്. തുടര്‍ന്ന് സ്വകാര്യ ഫ്രീസര്‍ റൂം ഉപയോഗിച്ചതും നിയമപ്രകാരമാണെന്നും യോഗവില്ല അധികൃതര്‍ വ്യക്തമാക്കി.
വിഷയത്തില്‍ വീഴ്ചയില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൃതദേഹം സൂക്ഷിക്കാനുള്ള സൗകര്യമുണ്ടായിരുന്നില്ല. സ്വകാര്യ ആശുപത്രികളെ ബന്ധപ്പെട്ടപ്പോള്‍ വിദേശ വനിതയായതിനാല്‍ നിയമപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അവരും തയാറായില്ല. വിദേശത്തേക്ക് മൃതദേഹം കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനാണ് ആംബുലന്‍സില്‍ സൂക്ഷിച്ചതെന്നാണ് ആംബുലന്‍സ് ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവരുടെ വിശദീകരണം.
https://www.facebook.com/Malayalivartha