റെയ്ഡിനെത്തിയ വീട്ടില്‍ നിന്ന് മോഷണം നടത്തിയ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
ചിതറയില്‍ പ്രതിയുടെ വീട്ടില്‍ നടത്തിയ റെയ്ഡിനിടെ മോഷണം നടത്തിയ എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ചടയമംഗലം എക്‌സൈസ് ഓഫിസിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഇളമ്പഴന്നൂര്‍ സ്വദേശി ഷൈജുവാണ് അറസ്റ്റിലായത്. പരാതിയുടെ അടിസ്ഥാനത്തില്‍ ചിതറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് എക്‌സൈസ് ഉദ്യോഗസ്ഥനെ തൊണ്ടി സഹിതം പിടികൂടിയത്.
2023 ഡിസംബര്‍ ഒന്നിനാണ് ചിതറ മാങ്കോട് തെറ്റിമുക്ക് സ്വദേശിയായ അന്‍സാരി വ്യാജവാറ്റ് നടത്തുന്നതായി ചടയമംഗലം എക്‌സൈസിന് വിവരം കിട്ടിയത്. രാത്രിയോടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വാറ്റ് ഉപകരണങ്ങള്‍ പിടികൂടി. തുടര്‍ന്ന് അന്‍സാരിയെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് 42 ദിവസത്തെ റിമാന്‍ഡിന് ശേഷം അന്‍സാരി ജാമ്യത്തിലിറങ്ങി.
വീട്ടിലെത്തിയതിന് പിന്നാലെയാണ് വീട്ടിലെ കിടപ്പ് മുറിയിലെ മെത്തയുടെ അടിയില്‍ സൂക്ഷിച്ചിരുന്ന 5 പവന്‍ സ്വര്‍ണമാലയും പത്ത് ഗ്രാം തൂക്കം വരുന്ന ലോക്കറ്റും മോഷണം പോയതായി അന്‍സാരി മനസിലാക്കിയത്. ഇതിന് പുറമെ മൊബൈല്‍ ഫോണും ഒരു ടോര്‍ച്ച് ലൈറ്റും മോഷണം പോയിരുന്നു. വൈകാതെ ചിതറ പൊലീസില്‍ പരാതി നല്‍കി.
പരാതി ചിതറ പൊലീസ് ആദ്യ ഘട്ടത്തില്‍ കാര്യമായി അന്വേഷിച്ചിരുന്നില്ല. സംഭവത്തിന് പൊലീസ് പ്രാധാന്യം നല്‍കാതിരുന്നതോടെ കൊട്ടാരക്കര റൂറല്‍ എസ്പിക്ക് അന്‍സാരി പരാതി നല്‍കി. ഇതിന് പിന്നാലെയാണ് ചിതറ പൊലീസ് എഫ്‌ഐആര്‍ റജിസ്ടര്‍ ചെയ്ത് കേസ് അന്വേഷണം ആരംഭിച്ചത്. പിന്നീട് പരാതിയില്‍ കഴമ്പില്ലെന്ന് കാട്ടി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി കേസ് ഫയല്‍ മടക്കുകയായിരുന്നു.
വൈകാതെ കടയ്ക്കലിലെ അഭിഭാഷകന്റെ സഹായത്തോടെ കടയ്ക്കല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അന്‍സാരി പരാതി ഫയല്‍ ചെയ്തു. പൊലീസ് ശരിയായ രീതിയില്‍ അന്വേഷണം നടത്തിയിട്ടില്ലെന്നും കേസ് ഡയറി കോടതിയില്‍ ഹാജരാക്കണമെന്നും അന്‍സാരി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പൊലീസിനോട് അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു.
ഇതിനിടെയാണ് അന്‍സാരിയുടെ നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ കൈവശം വച്ചിരുന്നത് എക്‌സൈസ് ഉദ്യോഗസ്ഥന്‍ ഷൈജുവാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ ഇയാളെ ചിതറ പൊലീസ് പിടികൂടുകയായിരുന്നു. അതേസമയം അന്‍സാരിയുടെ വീട്ടില്‍ നിന്ന് നഷ്ടപ്പെട്ട സ്വര്‍ണ്ണാഭരണങ്ങള്‍ ഇനിയും കണ്ടെത്താനായിട്ടില്ല. ഇത് കണ്ടെത്താനുളള ശ്രമത്തിലാണ് ചിതറ പൊലീസ്.
https://www.facebook.com/Malayalivartha