5 മെഡിക്കൽ വിദ്യാർഥികൾ മരിച്ച സംഭവത്തിൽ മോട്ടർ വാഹന വകുപ്പ് റിപ്പോർട്ട് സമർപ്പിച്ചു:- അപകട കാരണമായി ചൂണ്ടിക്കാട്ടിയത് നാല് കാര്യങ്ങൾ...
കേരളത്തെ നടുക്കിയ കളർകോടുണ്ടായ വാഹനാപകടത്തിൽ 5 മെഡിക്കൽ വിദ്യാർഥികൾ മരിച്ച സംഭവത്തിൽ മോട്ടർ വാഹന വകുപ്പ് റിപ്പോർട്ട് സമർപ്പിച്ചു. ട്രാൻസ്പോർട്ട് കമ്മിഷണർക്ക് നൽകിയ റിപ്പോർട്ടിൽ നാല് കാരണങ്ങളാണ് ആലപ്പുഴ ആർടിഒ പറയുന്നത്. മഴ കാരണം റോഡിലുണ്ടായ വെള്ളത്തിന്റെ സാന്നിധ്യവും വെളിച്ചക്കുറവും, ഡ്രൈവറുടെ പരിചയക്കുറവ്, വാഹനത്തിന്റെ കാലപ്പഴക്കം, ഏഴുപേർ കയറേണ്ട വാഹനത്തിൽ 11 പേർ യാത്ര ചെയ്തു എന്നിവയാണ് അപകടത്തിന് കാരണങ്ങളായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
വാഹനം ഓടിച്ചയാൾക്ക് ലൈസൻസ് ലഭിച്ചിട്ട് 5 മാസം മാത്രമേ ആയിട്ടുള്ളൂവെന്ന് റിപ്പോർട്ടിൽ പറയുന്നു. വാഹനം റോഡിൽ തെന്നിയതോടെ ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. 14 വർഷം പഴക്കമുള്ള വാഹനത്തിൽ ആധുനിക സുരക്ഷാ സംവിധാനങ്ങളായ ആന്റി ലോക്ക് ബ്രേക്ക് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ എന്നിവ ഇല്ലാതിരുന്നതിനാൽ പെട്ടെന്ന് വാഹനം ബ്രേക്കിട്ടപ്പോൾ തെന്നി നീങ്ങി നിയന്ത്രണം നഷ്ടമായി. അത് അപകടത്തിന്റെ തീവ്രത കൂട്ടിയെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവറെ പ്രതി ചേർത്താണ് പൊലീസ് എഫ്ഐആർ തയ്യാറാക്കിയിട്ടുള്ളത്.
തിങ്കളാഴ്ച ടേബിള്‍ ടെസ്റ്റ് കഴിഞ്ഞ് ക്ലാസ് പിരിഞ്ഞതായിരുന്നു സുഹൃത്തുക്കൾ. പരീക്ഷയുടെ ഞെരുക്കം മാറ്റുന്നതിനാണ് സിനിമ കാണാന്‍ തീരുമാനിച്ചത്. രാത്രി വൈകിയുള്ള ഷോയ്ക്കു പോകാന്‍ പല കൂട്ടുകാരും തയ്യാറായെങ്കിലും പലരുടെയും മാതാപിതാക്കള്‍ വിലക്കി. ഒടുവില്‍ 13 പേര്‍ സിനിമയ്ക്കു പോകാന്‍ തീരുമാനിക്കുകയായിരുന്നു. ബസ്സിനു പോയിവരുമ്പോഴേക്കും വൈകും എന്ന കാരണംകൊണ്ടാണ് കാറിനുപോകാമെന്ന തീരുമാനത്തിലെത്തിയത്. ഒടുവിൽ ഈ യാത്ര അപകടത്തിന് വഴിവയ്ക്കുകയായിരുന്നു.
കൂട്ടുകാർ മരണത്തിലേക്കു സഞ്ചരിച്ച രാത്രിയിൽ അവർക്കു പിന്നിൽ ബൈക്കിൽ മറ്റൊരു സുഹൃത്ത് അശ്വിത്തുമുണ്ടായിരുന്നു. വാഹനത്തിൽ ആള് കൂടിയതിനാൽ ദേവാനന്ദ് എന്ന മറ്റൊരു കൂട്ടുകാരനെയും ഒപ്പം കൂട്ടി. തിയറ്ററിലേക്കുള്ള യാത്രയ്ക്കിടെ ഒരു വാഹനം അപകടത്തിൽ പെട്ടു തകർന്നു കിടക്കുന്നതു ആദ്യം ശ്രദ്ധയിൽപ്പെട്ടു. ബൈക്ക് നിർത്തി ഇറങ്ങി നോക്കി. ചോരയിൽ കുളിച്ചു കിടക്കുന്ന രണ്ടു പേരെ ഒരുനോക്കു കണ്ടു. പക്ഷേ സഹപാഠികളാണെന്നു തിരിച്ചറിയാനായില്ല. അപ്പോഴേക്കും ആംബുലൻസ് എത്തി. ഞങ്ങൾ നേരെ തിയറ്ററിലേക്കു പോയി. കൂട്ടുകാർ എത്താതായപ്പോൾ സംശയമായി. ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. ഉടൻ അപകട സ്ഥലത്തെത്തി. എല്ലാവരെയും മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി എന്നറിഞ്ഞു. അത്യാഹിത വിഭാഗത്തിലെത്തിയപ്പോഴാണ് അപകടത്തിൽ പെട്ടത് അവർ തന്നെയാണെന്നു മനസ്സിലായത്.
ആലപ്പുഴ വളഞ്ഞവഴി സ്വദേശി ഷാമിൽഖാന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിലാണു വിദ്യാർഥികൾ യാത്ര ചെയ്തത്. വണ്ടി വാടകയ്ക്കു നൽകിയതല്ലെന്നും സുഹൃത്തിന്റെ മകനു സിനിമയ്ക്കു പോകാൻ കുറച്ചു നേരത്തേക്കു കൊടുത്തതാണെന്നും ഷാമിൽഖാൻ പറഞ്ഞു. അതേസമയം, മുൻപും ഇതേ പരാതി ഇദ്ദേഹത്തിനെതിരെ ഉണ്ടായിട്ടുണ്ടെന്നു മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.അപകടസമയത്തു കാർ ഓടിച്ചിരുന്ന വിദ്യാർഥിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് ആർടിഒ: എ.കെ.ദിലു പറഞ്ഞു. അപകടത്തെക്കുറിച്ചു വിശദമായി പരിശോധിച്ച ശേഷമാകും നടപടി.
അപകടത്തിൽ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്കാണ് ജീവൻ നഷ്ടമായത്. മറ്റ് ആറുപേർക്ക് ഗുരുതരമായി പരിക്കുമേറ്റു. കനത്ത മഴയിൽ മറ്റൊരു വാഹനം മറികടന്ന് മുന്നോട്ടു നീങ്ങിയ കാർ എതിരെ വന്ന ട്രാൻസ്‌പോർട്ട് ബസിൽ ഇടിക്കാതിരിക്കാൻ ബ്രേക്ക് ചെയ്യവെ റോഡിൽ നിന്ന് തെന്നിമാറി ബസിലിടിച്ച് തകരുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
https://www.facebook.com/Malayalivartha