നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് പത്തനംതിട്ട കലക്ടറേറ്റിലേക്ക് സ്ഥലംമാറ്റം
കെ.നവീന്‍ ബാബുവിന്റെ ഭാര്യ കെ.മഞ്ജുഷയുടെ സ്ഥലംമാറ്റ അപേക്ഷ അംഗീകരിച്ച് സര്‍ക്കാര്‍. നിലവില്‍ കോന്നി തഹസില്‍ദാരായ മഞ്ജുഷയെ പത്തനംതിട്ട കലക്ടറേറ്റിലേക്കു സ്ഥലംമാറ്റിയാണ് ലാന്‍ഡ് റവന്യൂ കമ്മിഷണറുടെ ഉത്തരവ്. നവീന്‍ ബാബുവിന്റെ മരണത്തിനു പിന്നാലെയാണ് സ്ഥലംമാറ്റം ആവശ്യപ്പെട്ട് മഞ്ജുഷ അപേക്ഷ നല്‍കിയത്. കൂടുതല്‍ സൗകര്യപ്രദമായി ജോലി ചെയ്യുന്നതിന് പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം വേണമെന്നായിരുന്നു അഭ്യര്‍ഥന. ഇതാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. പത്തനംതിട്ട കലക്ടറേറ്റില്‍ സീനിയര്‍ സൂപ്രണ്ടന്റ് പദവിയിലേക്കാണു മഞ്ജുഷയുടെ മാറ്റം.
അതേസമയം, നവീന്‍ ബാബുവിന്റെ മരണത്തില്‍ ഡിജിറ്റല്‍ തെളിവുകള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മഞ്ജുഷ നല്‍കിയ ഹര്‍ജിയില്‍ കലക്ടര്‍ അരുണ്‍ കെ.വിജയനോടും പെട്രോള്‍ പമ്പ് തുടങ്ങാന്‍ അപേക്ഷ നല്‍കിയ ടി.വി.പ്രശാന്തിനോടും വിശദീകരണം തേടി കണ്ണൂര്‍ ചീഫ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് നോട്ടിസ് അയച്ചിട്ടുണ്ട്.
കേസ് 10ന് വീണ്ടും പരിഗണിക്കും. ആത്മഹത്യപ്രേരണക്കുറ്റത്തിന് അറസ്റ്റിലായ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി.ദിവ്യ, മുഖ്യസാക്ഷിയായ കലക്ടര്‍, ടി.വി.പ്രശാന്ത് എന്നിവരുടെ മൊബൈല്‍ ഫോണ്‍ വിളികളുടെ വിശദാംശങ്ങളും ടവര്‍ ലൊക്കേഷന്‍ സംബന്ധിച്ച വിവരങ്ങളും നഷ്ടപ്പെടാതെ സംരക്ഷിക്കാന്‍ നിര്‍ദേശം നല്‍കണമെന്നായിരുന്നു മഞ്ജുഷയുടെ ആവശ്യം. സിസിടിവി ദൃശ്യങ്ങള്‍ സംരക്ഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. വേണ്ട തെളിവുകള്‍ സംരക്ഷിച്ചിട്ടുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍ നല്‍കിയ മറുപടി.
https://www.facebook.com/Malayalivartha