ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ യാത്ര പുനരാരംഭിച്ചു
തകരാറിനെ തുടര്‍ന്ന് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ യാത്ര പുനരാരംഭിച്ചു. എന്‍ജിന്‍ ഭാഗത്തെ തകരാറിനെ തുടര്‍ന്ന് കാസര്‍കോട് തിരുവനന്തപുരം വന്ദേഭാരത് ട്രെയിന്‍ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മൂന്നര മണിക്കൂറോളമാണ് നിര്‍ത്തിയിട്ടത്.
ബുധനാഴ്ച വൈകിട്ട് നാലരയ്ക്കു ശേഷമാണ് ട്രെയിന്‍ ഇവിടെയെത്തിയത്. പിന്നീട് മറ്റൊരു ഇലക്ട്രിക് എന്‍ജിന്‍ ഘടിപ്പിച്ചാണ് ട്രെയിന്‍ തിരുവനന്തപുരത്തേയ്ക്ക് യാത്ര പുനരാരംഭിച്ചത്. ട്രെയിനിന് അങ്കമാലിയില്‍ പ്രത്യേക സ്റ്റോപ് അനുവദിച്ചു. കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് വേഗത്തില്‍ നെടുമ്പാശേരിയില്‍ എത്താനാണ് ഇവിടെ സ്റ്റോപ് അനുവദിച്ചത്.
ഷൊര്‍ണൂര്‍ സ്റ്റേഷന്റെ ബി ക്യാബിന് സമീപത്താണു ട്രെയിനിനു തകരാര്‍ സംഭവിച്ചത്. ഇരുവശങ്ങളും ചതുപ്പ് നിലവും മറ്റു ട്രാക്കുകളും ഉണ്ടായിരുന്നതിനാല്‍ യാത്രക്കാര്‍ക്ക് പുറത്തിറങ്ങാന്‍ സാധിച്ചില്ല. എസി കൃത്യമായി പ്രവര്‍ത്തിക്കാതിരുന്നതും ദുരിതമായി. വന്ദേഭാരതിന്റെ പവര്‍ സര്‍ക്യൂട്ടിലാണ് തകരാര്‍ ഉണ്ടായതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. സംഭവത്തെപ്പറ്റി വിശദമായി അന്വേഷിക്കുമെന്നു റെയില്‍വേ പറഞ്ഞു.
https://www.facebook.com/Malayalivartha