നാട്ടുകാര്‍ക്ക് പ്രിയപ്പെട്ട ആളായിരുന്നു കൊല്ലപ്പെട്ട നവാസ്... സുമില്‍ഷാദിന്റെ ഹോട്ടല്‍ നാട്ടുകാരും നവാസിന്റെ ബന്ധുക്കളും ചേര്‍ന്ന് അടിച്ചു തകര്‍ത്തു
ഹോട്ടലിനു മുന്നിലെ കോഴിത്തലയ്ക്ക് പിന്നില്‍ ആരാണെന്ന സുമില്‍ഷാദിന്റെ സംശയമാണ് ഓട്ടോ ഡ്രൈവറായ നവാസിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. നാട്ടുകാര്‍ക്ക് പ്രിയപ്പെട്ട ആളായിരുന്നു കൊല്ലപ്പെട്ട നവാസ്. മജ്ലിസ് ഹോട്ടല്‍ നാട്ടുകാരും നവാസിന്റെ ബന്ധുക്കളും ചേര്‍ന്ന് അടിച്ചു തകര്‍ത്തു. എന്നാല്‍ ഹോട്ടലിന് മുന്നില്‍ ആഭിചാര ക്രിയകള്‍ ചെയ്തത് ആരാണെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ മാസം മുപ്പതിനാണ് സുമില്‍ഷാദിന്റെ പിതാവിന്റെ ഉടമസ്ഥതയില്‍ ചുണ്ടേല്‍ ഉള്ള 'മജ്ലിസ്' എന്ന ഹോട്ടലിന് മുന്നില്‍ കോഴിത്തലയും മുട്ടയും പട്ടും മറ്റു വസ്തുക്കളും കണ്ടത്. ചുറ്റും രക്തവും തളിച്ചിട്ടുണ്ടായിരുന്നു. കോഴിത്തല വയ്ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
കറുത്ത വസ്ത്രം ധരിച്ച ആളാണ് കോഴിത്തല വച്ചത്. തലയിലൂടെ മുണ്ടിട്ടതിനാല്‍ ആളെ തിരിച്ചറിയാന്‍ സാധിച്ചില്ല. നവാസാണ് ഇതു ചെയ്തതെന്നാണ് സുമില്‍ഷാദ് കണ്ടെത്തിയത്. സുമില്‍ ഷാദിന് നേരത്തേതന്നെ നവാസിനോട് വ്യക്തിവൈരാഗ്യം ഉള്ളതായാണ് വിവരം. ലഹരിമരുന്ന് കേസില്‍ പ്രതിയായ സുമില്‍ ഷാദിനെക്കുറിച്ച് നാട്ടുകാര്‍ക്കും നല്ല അഭിപ്രായമല്ല ഉള്ളത്. സുമില്‍ഷാദിന് ലഹരിമരുന്ന് ഇടപാടുകളുള്ളതായി നാട്ടുകാര്‍ക്ക് അറിയാമായിരുന്നു.
തിങ്കളാഴ്ചയാണ് അമ്മാറ-ആനോത്ത് റോഡില്‍ ചുണ്ടേല്‍ എസ്റ്റേറ്റ് ഫാക്ടറിക്ക് സമീപം ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ ചുണ്ടേല്‍ കാപ്പംകുന്നത്ത് പീടിയേക്കല്‍ അബ്ദുല്‍ നവാസ് (44) മരിച്ചത്. രാവിലെ എട്ടരയോടെയാണ് അപകടമുണ്ടാക്കിയത്. നവാസിന്റെ ഓട്ടോ വരുന്നതും കാത്ത് സുമില്‍ഷാദ് ഒരു മണിക്കൂറോളം ചുണ്ടേല്‍ പള്ളിക്ക് സമീപം കാത്തുനിന്നു. ജീപ്പ് നിര്‍ത്തിയിട്ടിരിക്കുന്ന ദൃശ്യങ്ങള്‍ പള്ളിയുടെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. തുടര്‍ന്ന് ഫോണ്‍ കോള്‍ വന്നതിന് പിന്നാലെയാണ് ജീപ്പെടുത്ത് പോയത്.
പുതിയ ജീപ്പ് പള്ളിക്ക് സമീപം നിര്‍ത്തിയിട്ടത് നാട്ടുകാരും ശ്രദ്ധിച്ചിരുന്നു. അപകട സാധ്യത ഒട്ടുമില്ലാത്ത സ്ഥലത്താണ് ഓട്ടോയും ജീപ്പും കൂട്ടിയിടിച്ചത്. അപകടം സംഭവിച്ചശേഷം ജീപ്പില്‍നിന്ന് പുറത്തിറങ്ങിയ സുമില്‍ഷാദ് ഫോട്ടോ എടുക്കുകയായിരുന്നുവെന്നും സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു. ഇതോടെയാണ് നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും സംശയം തോന്നിയത്.
https://www.facebook.com/Malayalivartha