കളർകോട് വാഹനാപകടത്തിൽ, കാറിന്റെ ആര്‍.സി. റദ്ദാക്കുമെന്ന് ആര്‍.ടി.ഒ; ഷാമില്‍ഖാന് വിദ്യാര്‍ഥികളുമായി ബന്ധമോ പരിചയമോ സൗഹൃദമോ ഇല്ലെന്ന് കോടതിയില്‍ നല്‍കിയ റിപ്പോർട്ടിൽ മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്സ്‌മെന്റ് വിഭാഗം...
ആറ് മെഡിക്കൽ വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ കളർകോട് വാഹനാപകടത്തിൽ, കാറിന്റെ ആര്‍.സി. റദ്ദാക്കുമെന്ന് ആര്‍.ടി.ഒ. എ.കെ. ദിലു അറിയിച്ചു. കാറിന്റെ ആര്‍.സി. റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്മെന്റ് ആര്‍.ടി.ഒ. ആര്‍. രമണന്‍ ആലപ്പുഴ ആര്‍.ടി.ഒ. ദിലുവിന് കത്തുനല്‍കിയിരുന്നു. വാഹന രജിസ്‌ട്രേഷന്‍ സംബന്ധിച്ച നടപടികള്‍ സ്വീകരിക്കേണ്ടത് ആലപ്പുഴ ആര്‍.ടി.ഒ.യാണ്. കാര്‍ വാടകയ്ക്കു കൊടുത്തെന്നു കണ്ടെത്തിയതിനാലും വിവിധ നിയമലംഘനങ്ങള്‍ നടത്തിയെന്നു തെളിഞ്ഞതിനാലുമാണ് ആര്‍.സി. റദ്ദാക്കാന്‍ കത്തു നല്‍കിയത്. ഈ കത്തിന്റെ അടിസ്ഥാനത്തില്‍ ചട്ടങ്ങളനുസരിച്ച് നടപടി സ്വീകരിക്കുമെന്ന് ആലപ്പുഴ ആര്‍.ടി.ഒ. അറിയിച്ചു.
വാഹനം നിയമവിരുദ്ധമായി വാടകയ്ക്കു നല്‍കിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് മോട്ടോര്‍വാഹന നിയമപ്രകാരം ഉടമയ്‌ക്കെതിരേ എന്‍ഫോഴ്‌സ്മെന്റ് വിഭാഗം വെള്ളിയാഴ്ച കേസെടുത്തിരുന്നു. ഇതിനൊപ്പം മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്സ്‌മെന്റ് വിഭാഗം ശനിയാഴ്ച ആലപ്പുഴ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ കാറിന്റെ ഉടമ ഷാമില്‍ഖാന് വിദ്യാര്‍ഥികളുമായി ബന്ധമോ പരിചയമോ സൗഹൃദമോ ഇല്ലെന്നും പണത്തിനാണ് കാര്‍ നല്‍കിയതെന്നും അറിയിച്ചിരുന്നു.
വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഈ മേഖലയില്‍ ഇന്ന് മുതല്‍ മോട്ടോര്‍വാഹനവകുപ്പ് പരിശോധന കര്‍ശനമാക്കും. ജനറല്‍ ആശുപത്രി ജങ്ഷന്‍ മുതല്‍ കളര്‍കോടുവരെയുള്ള ഭാഗം ബ്ലാക്ക് സ്പോട്ടില്‍ അപകടമുണ്ടാകാതിരിക്കാനുള്ള നടപടിയെപ്പറ്റി വിശദ റിപ്പോര്‍ട്ടു നല്‍കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ആവശ്യപ്പെട്ടിരുന്നു.
ആലപ്പുഴ ആര്‍.ടി.ഒ., നാഷണല്‍ സെക്ടര്‍ ആര്‍.ടി.ഒ., ദക്ഷിണമേഖലാ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എന്നിവര്‍ പരിശോധനയ്ക്കു നേതൃത്വം നല്‍കും. അപകടംനടന്ന സ്ഥലത്ത് വെളിച്ചമില്ലാത്തതും റോഡിനു വീതിയില്ലാത്തതും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കും. തിരക്കേറിയ സ്ഥലങ്ങളില്‍ റോഡരികില്‍ മരംനില്‍ക്കുന്നതും അപകടകാരണമെന്നാണു വിലയിരുത്തുന്നത്. ജനങ്ങളുമായും ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തും.
https://www.facebook.com/Malayalivartha