വല്ലാത്തൊരു ദുരന്തം... കോഴിക്കോട് അത്യന്ത്യം അപകടകരമായ റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന് ജീവന്‍ നഷ്ടമായി; ആല്‍വിന്‍ തെറിച്ചുയര്‍ന്ന് റോഡില്‍ തലയടിച്ചു വീണു; ഗള്‍ഫില്‍ നിന്ന്എത്തിയത് ഒരാഴ്ച മുമ്പ്
കോഴിക്കോട് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന മരണമാണ് ഉണ്ടായത്. അത്യന്ത്യം അപകടകരമായ റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന് ജീവന്‍ നഷ്ടമായി. ബീച്ച് റോഡില്‍ അപകടകരമായ രീതിയില്‍ കാര്‍ ചേസിംഗ് വീഡിയോ റീല്‍സ് ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ വടകര സ്വദേശിയായ 20 കാരനാണ് ജീവന്‍ നഷ്ടമായത്.
വടകര കടമേരി സ്വദേശി ആല്‍വിന്‍ ടി കെ (20) ആണ് മരിച്ചത്. വാഹനങ്ങളുടെ ചേസിംഗ് വീഡിയോ ചിത്രീകരിക്കുകയായിരുന്നു ആല്‍വിന്‍. അതിനിടെ കൂട്ടത്തിലുള്ള കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെയായിരുന്നു അപകടമുണ്ടായത്. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആല്‍വിന്റെ ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട്ടെ ഒരു സ്വകാര്യ കമ്പനിക്കായി ഡിഫന്‍ഡര്‍, ബെന്‍സ് കാറുകളുടെ ചേസിംഗ് വീഡിയോ റോഡിന് നടുവില്‍ നിന്ന് ചിത്രീകരിക്കുകയായിരുന്നു ആല്‍വില്‍.
അതിവേഗത്തിലെത്തിയ ഡിഫന്‍ഡര്‍ കാര്‍ നിയന്ത്രണം വിട്ട് ആല്‍വിനെ ഇടിച്ചു തെറിപ്പിച്ചു. ഒപ്പമുണ്ടായിരുന്നവര്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 11.30ഓടെ മരിച്ചു. മൃതദേഹം കോഴിക്കോട് ബീച്ച് ആശുപത്രി മോര്‍ച്ചറിയിലാണ്.
മുമ്പ് ജോലി ചെയ്തിരുന്ന കമ്പനിക്കായി സൗഹൃദത്തിന്റെ പേരിലാണ് ആല്‍വില്‍ വീഡിയോ ചിത്രീകരിച്ചത്. അശ്രദ്ധമായ ഡ്രൈവിംഗ്, മന:പൂര്‍വമല്ലാത്ത നരഹത്യ വകുപ്പുകള്‍ ചേര്‍ത്ത് വാഹനം ഓടിച്ചയാള്‍ക്കെതിരെ വെള്ളയില്‍ പൊലീസ് കേസെടുത്തു. കമ്പനി പ്രതിനിധിയാണ് വാഹനം ഓടിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. കാറുകള്‍ കസ്റ്റഡിയിലെടുത്തു. സിനിമാറ്റോഗ്രാഫര്‍ കൂടിയായ ആല്‍വിന്‍ മുമ്പും വാഹനങ്ങളുടെ ചേസിംഗ് റീല്‍സുകള്‍ ഷൂട്ട് ചെയ്തിട്ടുണ്ട്.
ജോലിയുമായി ബന്ധപ്പെട്ട് ഗള്‍ഫിലായിരുന്ന ആല്‍വിന്‍ ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. രണ്ടു വര്‍ഷം മുമ്പ് ആല്‍വിന് കിഡ്‌നി ഓപ്പറേഷന്‍ കഴിഞ്ഞിരുന്നു. ആറുമാസം കൂടുമ്പോള്‍ മെഡിക്കല്‍ ചെക്കപ്പ് നടത്തുന്നതിന്റെ ഭാഗമായാണ് നാട്ടിലെത്തിയത്. ബീച്ച് റോഡില്‍ വാഹനത്തിരക്ക് കുറവുള്ള രാവിലെ ഇത്തരത്തില്‍ വാഹനങ്ങളുടെ ചേസിംഗ് വീഡിയോ ചിത്രീകരണം നടക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
റീല്‍സ് എടുക്കുന്നതിനിടെ യുവാവ് അപകടത്തില്‍ മരിക്കാനിടയായ സംഭവത്തില്‍, കാറുകള്‍ അമിതവേഗത്തില്‍ കുതിക്കുകയായിരുന്നെന്നു നാട്ടുകാര്‍ പറഞ്ഞു. രാവിലെ ഏഴു മണിയോടെയാണ് ആല്‍വിനും സംഘവും വെള്ളയില്‍ സ്റ്റേഷനു മുന്‍വശത്ത് റോഡില്‍ എത്തിയത്. ആല്‍വിനെ സ്റ്റേഷനുമുന്നില്‍ ഇറക്കിയ ശേഷം കാറുകള്‍ മുന്നോട്ടു പോയി തിരിഞ്ഞു വരികയായിരുന്നു. അപ്പോഴേക്കും ആല്‍വിന്‍ റോഡിന്റെ മധ്യത്തില്‍നിന്നു വിഡിയോ ചിത്രീകരണം ആരംഭിച്ചു.
അതിവേഗത്തില്‍ കുതിച്ചു വരുന്ന കാറുകള്‍ക്ക് നിയന്ത്രണം വിട്ടെന്നു തോന്നിയ ആല്‍വിന്‍ പരിഭ്രാന്തനായി റോഡരികിലേക്കു മാറിയെങ്കിലും ഒരു കാര്‍ ഇടിച്ചു. തെറിച്ചുയര്‍ന്ന ആല്‍വിന്‍ റോഡില്‍ തലയടിച്ചു വീണു. നട്ടെല്ലിനും പരുക്കേറ്റു. കാറുകളിലുണ്ടായിരുന്നവര്‍ ഉടന്‍ ആല്‍വിനെ എടുത്തു കാറില്‍ കയറ്റി കൊണ്ടുപോയി. സമീപത്തുള്ളവര്‍ ഓടിയെത്തിയപ്പോള്‍ 'പ്രശ്‌നമില്ല സഹോദരന്‍ കാറിലുണ്ട്, നിങ്ങളാരും വരണ്ട' എന്നു പറഞ്ഞതായും നാട്ടുകാര്‍ പറഞ്ഞു.
ഈ ഭാഗത്തു വാഹനങ്ങള്‍ അപകടകരമായി ഓടിച്ചു റീല്‍സ് എടുക്കുന്നതു പതിവാണെന്നു നാട്ടുകാര്‍ പറഞ്ഞു. അതിരാവിലെ ബൈക്ക്, കാര്‍, ജീപ്പ് തുടങ്ങിയ വാഹനങ്ങളുമായി എത്തി റീല്‍സ് നിര്‍മിക്കുകയാണ്. വാഹനങ്ങള്‍ അതിവേഗത്തിലും കാതടപ്പിക്കുന്ന ശബ്ദത്തിലും മറ്റും ഓടിച്ചാണു റീല്‍സ് എടുക്കുന്നത്. അതിനിടയില്‍ ആളുകള്‍ നടന്നു പോകുന്നതും മറ്റു വാഹനങ്ങള്‍ പോകുന്നതും ഒന്നും ശ്രദ്ധിക്കില്ല. പ്രഭാത സവാരിക്കു ബീച്ചിലെത്തുന്നവര്‍ ഭയന്നാണു നടക്കുക. അപകടസമയത്ത് രണ്ടു കാറുകളും അടുത്തടുത്തായി ഓടുകയായിരുന്നു. അവ തമ്മില്‍ കൂട്ടിയിടിക്കാനുള്ള സാധ്യതയും ഏറെയായിരുന്നു.
അതിനിടെ, അപകടം വരുത്തിയ കാര്‍ മാറ്റാന്‍ ശ്രമിക്കുന്നതായി ആരോപണം ഉയര്‍ന്നു. ആദ്യം പറഞ്ഞ കാര്‍ നമ്പര്‍ അപകടം വരുത്തിയ മത്സര ഓട്ടത്തില്‍ പങ്കെടുത്ത രണ്ടു കാറുകളുടേതും അല്ലായിരുന്നു. പിന്നീട് രണ്ടു കാറുകളും വെള്ളയില്‍ ഇന്‍സ്‌പെക്ടര്‍ കസ്റ്റഡിയില്‍ എടുത്തു. രണ്ടു ഡ്രൈവര്‍മാരെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha