അന്തസ്സും അഭിമാനവും സ്ത്രീകള്‍ക്കു മാത്രമല്ല: ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം നല്‍കി ഹൈക്കോടതി
നടി നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അന്തസ്സും അഭിമാനവും സ്ത്രീകള്‍ക്കു മാത്രമല്ല, പുരുഷന്മാര്‍ക്കുമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ബാലചന്ദ്ര മേനോന് നേരത്തേ ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. പരാതിക്കടിസ്ഥാനമായ സംഭവങ്ങളുണ്ടായത് 2007 ലാണെന്നും പരാതി സമര്‍പ്പിച്ചത് 17 വര്‍ഷത്തിനു ശേഷമാണെന്നതും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്.
'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ 2007 ജനുവരി ഒന്നിനും 21നും ബാലചന്ദ്ര മേനോന്‍ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. തുടര്‍ന്ന് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു. ഇതിനെതിരെ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുകയും ജസ്റ്റിസ് സി.എസ്.ഡയസിന്റെ ബെഞ്ച് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും ചെയ്തു.
നടന്‍ സിദ്ദിഖുമായി ബന്ധപ്പെട്ട കേസില്‍ പരാതി നല്‍കുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി മുന്‍കൂര്‍ ജാമ്യം അനുവദിച്ച സുപ്രീം കോടതി ഉത്തരവ് മുന്‍നിര്‍ത്തിയായിരുന്നു ഇത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ, നടന്മാരായ മുകേഷ്, ജയസൂര്യ, ഇടവേള ബാബു എന്നിവര്‍ക്കെതിരെയും നടി പരാതി നല്‍കിയിരുന്നു.
എന്നാല്‍ നടിയുടെ ആരോപണം വാസ്തവവിരുദ്ധമാണെന്നായിരുന്നു ബാലചന്ദ്ര മേനോന്റെ പ്രതികരണം. 2024 സെപ്റ്റംബര്‍ 13ന് തന്നെയും ഭാര്യയെയും നടിയുടെ അഭിഭാഷകന്‍ എന്നു പരിചയപ്പെടുത്തിയ വ്യക്തി പല തവണ ഫോണില്‍ വിളിച്ച് പരാതി നല്‍കുമെന്നു ഭീഷണിപ്പെടുത്തി. പണം തട്ടാനുള്ള ശ്രമമാണെന്നു മനസ്സിലായി. ചിത്രത്തില്‍ നടിക്ക് വളരെ ചെറിയ റോള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവസാന എഡിറ്റിങ്ങില്‍ ചിത്രത്തിന്റെ നിര്‍മാതാവ് ഈ രംഗങ്ങളും നീക്കിയെന്നും ബാലചന്ദ്ര മേനോന്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha