വനിതാ സുഹൃത്തിനെ അപമാനിക്കാൻ ശ്രമിച്ചതിന് ക്വട്ടേഷൻ നൽകി വ്യാപാരിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ക്വട്ടേഷൻ ഏറ്റെടുത്ത മൂന്നു കൂട്ടു പ്രതികൾക്ക് ജാമ്യമില്ല. ജയിലിൽ കഴിയുന്ന പ്രതികളുടെ രണ്ടാം ജാമ്യ ഹർജിയും ജില്ലാ കോടതി തള്ളി. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ. പി. അനിൽകുമാറാണ് പ്രതികൾക്ക് ജാമ്യം നിരസിച്ചത്.നവംബർ 30 ന് ആദ്യ ജാമ്യ ഹർജി തള്ളിയ സാഹചര്യങ്ങളിൽ മാറ്റമുണ്ടായിട്ടില്ലെന്നും പ്രതികൾ കൃത്യത്തിന് ഉപയോഗിച്ച കാറും ആയുധങ്ങളും വീണ്ടെടുത്തതിനാൽ തുടർ കസ്റ്റഡി യാതൊരന്വേഷണത്തിനും ആവശ്യമില്ലെന്ന കാരണത്താൽ ഗൗരവമേറിയ കുറ്റാരോപണം നേരിടുന്ന പ്രതികൾക്ക് ജാമ്യം നൽകാനാവില്ലെന്നും ജാമ്യം നിരസിച്ച ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി. കൃത്യത്തിൽ പ്രതികളുടെ സജീവ പങ്കാളിത്തം കേസ് റെക്കോഡിൽ വ്യക്തമാണെന്നും കോടതി ഉത്തരവിൽ നിരീക്ഷിച്ചു. സംഭവത്തിൽ ക്വട്ടേഷൻ ഏറ്റെടുത്ത മുണ്ടേല കൊക്കോതമംഗലം മേലേവിള വീട്ടിൽ രഞ്ജിത്ത് (34), തുമ്പോട് ഒഴുക്കുപാറ എസ്.ജി.ഭവനിൽ സാം (29), മഞ്ച പത്താംകല്ല് പാറക്കാട് തോട്ടരികത്ത് വീട്ടിൽ സുബിൻ (32) എന്നിവരുടെ ജാമ്യ ഹർജികളാണ് നിരസിച്ചത്. ക്വട്ടേഷേൻ നൽകിയ മുഖ്യ പ്രതി ആൻ്റണിക്ക് കഴിഞ്ഞ ദിവസം ജാമ്യം നിഷേധിച്ചിരുന്നു.പ്രതികൾക്കെതിരായ ആരോപണം ഗുരുതരവും ഗൗരവമേറിയതുമാണ്. കേസിൽ അന്വേഷണം പുരോഗമിച്ചു വരികയാണ്. കൃത്യത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട പ്രതികളുടെ സജീവ പങ്കാളിത്തം കേസ് റെക്കോർഡുകളിൽ വെളിവാകുന്നുണ്ട്. ഈ സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം നൽകി സ്വതന്ത്രരാക്കിയാൽ സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനും തെളിവു നശിപ്പിക്കുവാനും സാക്ഷികളെയോ കേസിൻ്റെ വസ്തുത അറിയാവുന്നവരെയോ സ്വാധീനിച്ചോ ഭീഷണിപ്പെടുത്തിയോ മൊഴി തിരുത്താനും പ്രോസിക്യൂഷൻ ഒഴിവാക്കാൻ ഒളിവിൽ പോകാനും സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ നീതിയുടെ താൽപര്യത്തിന് വേണ്ടി ജാമ്യ ഹർജി തള്ളുകയാണെന്നും ജാമ്യം നിരസിച്ച ഉത്തരവിൽ കോടതി വ്യക്തമാക്കി. തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ. വിഷ്ണു ആണ് ആദ്യ ജാമ്യ ഹർജി നവംബർ 30 ന് തള്ളിയത്. നവംബർ 11 മുതൽ അഴിക്കുള്ളിൽ കഴിയുന്ന മുഖ്യ പ്രതി മനോജ് എന്ന ആൻ്റണിയുടെ ജാമ്യ ഹർജി നവംബർ 28 നാണ് തള്ളിയത്. നെയ്യാറ്റിൻകരയിൽ ക്വട്ടേഷൻ നൽകി പെരുമ്പഴുതൂർ സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് പ്രതികൾ അറസ്റ്റിലായത്. നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്ത പെരുമ്പഴുതൂർ വണ്ടന്നൂർ പാരഡൈസിൽ വിനോദ് കുമാർ (43), കാരക്കോണം കുന്നത്തുകാൽ വണ്ടിത്തടം ആലക്കോട്ടുകോണം ആന്റണി ഭവനിൽ മനോജ് എന്നു വിളിക്കുന്ന ആന്റണി (42) എന്നിവരെ കോടതി നവംബർ 11 ന് റിമാൻ്റ് ചെയ്തിരുന്നു.