കേരളവും തമിഴ്നാടും... മുല്ലപ്പെരിയാര്‍ ചര്‍ച്ചാവിഷയം; പിണറായി-സ്റ്റാലിന് കൂടിക്കാഴ്ച നാളെ കുമരകത്ത്; വൈക്കത്തെ നവീകരിച്ച പെരിയാര്‍ സ്മാരകത്തിന്റെ ഉദ്ഘാടനം എം.കെ.സ്റ്റാലിന് നിര്‍വഹിക്കും
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കേരളത്തിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ തമിഴ്നാട് മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ ഡി എം കെ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേര് എത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും തമ്മിലുള്ള കൂടിക്കാഴ്ച നാളെ കുമരകത്ത് നടക്കും. കുമരകം ലേക് റിസോര്‍ട്ടിലാണ് ഇരുവരും താമസിക്കുന്നത്. നാളെ വൈക്കത്തെ നവീകരിച്ച പെരിയാര്‍ സ്മാരകത്തിന്റെ ഉദ്ഘാടനത്തിനായാണ് സ്റ്റാലില്‍ എത്തിയത്.
നാളെ രാവിലെ മുല്ലപ്പെരിയാര്‍ വിഷയം ഇരുവരും ചര്‍ച്ച ചെയ്യാന്‍ സാധ്യതയുണ്ട്. ചര്‍ച്ചകള്‍ നടക്കുമെന്ന് തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈ മുരുകന് നിയമസഭയെ അറിയിച്ചിരുന്നു. എം.കെ.സ്റ്റാലിന് ഉച്ചയോടെ കുമരകത്ത് എത്തി. ഹൗസ് ബോട്ടില്‍ സഞ്ചരിച്ച അദ്ദേഹം കായല്‍ സൗന്ദര്യം ആസ്വദിച്ചു. വൈകിട്ടോടെ പിണറായി വിജയനും കുമരകത്ത് എത്തി.
ശക്തമായ സുരക്ഷയാണ് കുമരകത്ത്. ഇന്നലെ നടത്തിയ അവസാനവട്ട സുരക്ഷാ അവലോകന യോഗത്തില്‍ തമിഴ്നാട് എസ്പി ശക്തിവേല്‍, കേരള പൊലീസിലെ ഡിവൈഎസ്പിമാരായ കെ.ജി.അനീഷ്, പിപ്സണ്‍ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു. വൈക്കത്തെ ഒരുക്കം മന്ത്രി വി.എന്‍.വാസവന്, മന്ത്രി എ.വി.വേലു, കലക്ടര്‍ ജോണ്‍ വി,സാമുവല്‍, ജില്ലാ പൊലീസ് മേധാവി എ.ഷാഹുല്‍ ഹമീദ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിലയിരുത്തി.
നവീകരിച്ച തന്തൈ പെരിയാര്‍ സ്മാരകത്തിന്റെ ഉദ്ഘാടനവും തമിഴ്നാട് സര്‍ക്കാരിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും നാളെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് ഉദ്ഘാടനം ചെയ്യും. കേരള മുഖ്യമന്ത്രി പിണറായി വിജയന് അധ്യക്ഷത വഹിക്കും. ദ്രാവിഡ കഴക അധ്യക്ഷന്‍ കെ.വീരമണി മുഖ്യാതിഥിയാകും. വൈക്കം വലിയ കവലയിലെ പെരിയാര്‍ സ്മാരകം ഉദ്ഘാടനത്തിനു ശേഷം ബീച്ച് മൈതാനിയില്‍ പൊതുസമ്മേളനം നടക്കും.
https://www.facebook.com/Malayalivartha