ഇന്‍ഷുറന്‍സ് ഇല്ലാത്തത് പുലിവാല്‍... യുവാവിന് ജീവന്‍ നഷ്ടമായ അപകടത്തിന് കാരണം ബെന്‍സ് കാറാണെന്ന ശക്തമായ തെളിവ് കണ്ടെത്തി പോലീസ്
കോഴിക്കോട് വീഡിയോ ചിത്രീകരണത്തിനിടെ യുവാവിന് ജീവന്‍ നഷ്ടമായ സംഭവത്തില്‍ ട്വിസ്റ്റ്. അപകടത്തിന് കാരണം ബെന്‍സ് കാറാണെന്ന ശക്തമായ തെളിവ് പൊലീസ് കണ്ടെത്തി. ആല്‍വിന്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ച ഫോണില്‍ നിന്നാണ് ഈ തെളിവുകള്‍ ലഭിച്ചത്. ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാല്‍ ഉടമകള്‍ വാഹനം മാറ്റി പറയുകയായിരുന്നു.
ബെന്‍സ് ഓടിച്ച വാഹന ഉടമ സാബിത്തിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. മരിച്ച ആല്‍വിന്റെ മൃതദേഹം വടകര പുറമേരിയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കുകയും ചെയ്തു. ആല്‍വിന്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. ഇതില്‍ നിന്നാണ് ബെന്‍സ് ജി വാഗണ്‍ കാറാണ് ഇടിച്ചതെന്ന് വ്യക്തമായത്.
സ്ഥാപന ഉടമ സാബിത്, ജീവനക്കാരന്‍ റയീസ് എന്നിവര്‍ രണ്ട് വാഹനങ്ങളില്‍ ചേസ് ചെയ്യുന്ന വീഡിയോ ആണ് ചിത്രീകരിച്ചിരുന്നത്. ഇതിനിടെ സാബിത് ഓടിച്ച ബെന്‍സ് ജീ വാഗണ്‍ അല്‍വിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ ഇടിച്ചാണ് അപകടം എന്നാണ് വാഹനമോടിച്ചവര്‍ ആദ്യം പൊലിസിന് മൊഴി നല്‍കിയത്.
തെലങ്കാന രജിസ്‌ട്രേഷനിലുള്ള ബെന്‍സ് കാറിന് ഇന്‍ഷുറന്‍സ് ഇല്ല, നിയമ നടപടികളില്‍ നിന്നും രക്ഷപ്പെടാനാണ് കള്ളമൊഴി നല്‍കിയതെന്നും വ്യക്തമായിട്ടുണ്ട്. തുടര്‍നടപടിക്കായി മോട്ടോര്‍ വാഹന വകുപ്പിന് റിപോര്‍ട്ട് നല്‍കുമെന്നും പൊലിസ് പറഞ്ഞു. മനഃപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. 999 ഓട്ടോമോട്ടീവ് എന്ന സ്ഥാപനത്തിന്റെ പ്രമോഷണല്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെ ആണ് അപകടമുണ്ടായത്. സാബിത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം.
കഴിഞ്ഞ ദിവസം ബീച്ചില്‍ യുവാവ് അപകടത്തില്‍ മരിച്ച വാര്‍ത്തയറിഞ്ഞ് നാട് നടുങ്ങി. 'റീല്‍സ്' തയാറാക്കാനായി കാറുകള്‍ അമിതവേഗത്തില്‍ കുതിക്കുകയായിരുന്നു എന്നു നാട്ടുകാര്‍ പറഞ്ഞു. രാവിലെ ഏഴോടെയാണു ആല്‍വിനും സംഘവും വെള്ളയില്‍ സ്റ്റേഷനു മുന്‍വശത്തുള്ള റോഡില്‍ എത്തിയത്. ആല്‍വിനെ സ്റ്റേഷനു മുന്‍പില്‍ ഇറക്കിയ ശേഷം കാറുകള്‍ മുന്നോട്ടു പോയി തിരിഞ്ഞു വരികയായിരുന്നു. അപ്പോഴേക്കും ആല്‍വിന്‍ റോഡിന്റെ മധ്യത്തില്‍ നിന്നു ചിത്രീകരണം ആരംഭിച്ചു.
അതിവേഗത്തില്‍ കുതിച്ചു വരുന്ന കാറുകള്‍ കണ്ട് ആല്‍വിന്‍ പരിഭ്രാന്തനായി റോഡരികിലേക്കു മാറിയെങ്കിലും കാര്‍ ഇടിച്ചു. ഉയരത്തിലേക്കു തെറിച്ച ആല്‍വിന്‍ റോഡില്‍ തലയടിച്ചു വീണു. നട്ടെല്ലിനും പരുക്കേറ്റു. കാറുകളിലുണ്ടായിരുന്നവര്‍ ഉടന്‍ ആല്‍വിനെ എടുത്തു കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. സമീപത്തുള്ളവര്‍ ഓടിയെത്തിയപ്പോള്‍ പ്രശ്‌നമില്ല, സഹോദരന്‍ കാറിലുണ്ട് എന്നു പറഞ്ഞതായും നാട്ടുകാര്‍ പറഞ്ഞു. പൊലീസിനെ പോലും അറിയിക്കാതെയാണ് ആല്‍വിനെ കൊണ്ടുപോയത്.
ഈ ഭാഗത്തു വാഹനങ്ങള്‍ അപകടകരമാം വിധം ഓടിച്ചു റീല്‍സ് നിര്‍മിക്കുന്നതു പതിവാണെന്നു നാട്ടുകാര്‍ പറഞ്ഞു. അതിരാവിലെ ബൈക്ക്, കാര്‍, ജീപ്പ് തുടങ്ങിയ വാഹനങ്ങളുമായി എത്തി 'റീല്‍സ്' ഷൂട്ട് ചെയ്യുകയാണ്. വാഹനങ്ങള്‍ പലവിധത്തില്‍ ഓടിച്ചാണു റീല്‍സ് നിര്‍മാണം. അതിനിടയില്‍ ആളുകള്‍ നടന്നു പോകുന്നതും മറ്റു വാഹനങ്ങള്‍ പോകുന്നതും ശ്രദ്ധിക്കാറില്ല. ഇന്നലെ 2 കാറുകളും അടുത്തടുത്തായി ഓടുകയായിരുന്നു. അവ തമ്മില്‍ കൂട്ടിയിടിക്കാനുള്ള സാധ്യതയും ഏറെയായിരുന്നു. ഇത്തരം റീല്‍സ് നിര്‍മാണത്തിനെതിരെ മോട്ടര്‍ വാഹന വകുപ്പും പൊലീസും നടപടി സ്വീകരിക്കണമെന്നു ബിജെപി നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ.ഷൈബു പറഞ്ഞു.
അതിനിടെ അപകടം വരുത്തിയ കാര്‍ മാറ്റാന്‍ ശ്രമിക്കുന്നതായി ആരോപണം ഉയര്‍ന്നു. ആദ്യം പറഞ്ഞ കാര്‍ നമ്പര്‍ അപകടം വരുത്തിയ 2 കാറുകളുടേതും അല്ലായിരുന്നു. അതു പ്രഥമ വിവര പ്രകാരം പൊലീസ് തയാറാക്കിയ റിപ്പോര്‍ട്ട് ആയിരുന്നു. പിന്നീട് ഇരു കാറുകളും വെള്ളയില്‍ ഇന്‍സ്‌പെക്ടര്‍ കസ്റ്റഡിയില്‍ എടുത്തു. 2 ഡ്രൈവര്‍മാരെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. രാത്രി മോട്ടര്‍ വെഹിക്കിള്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പൊലീസ് സ്റ്റേഷനിലെത്തി കാറുകള്‍ പരിശോധിച്ചു. കാറുകളിലൊന്ന് തെലങ്കാന റജിസ്‌ട്രേഷനില്‍ ഉള്ളതാണ്. ഇതിന്റെ ഇന്‍ഷുറന്‍സ് പുതുക്കിയിട്ടുമില്ല.
കാര്‍ ആക്‌സസറീസ് സ്ഥാപനത്തിന്റെ പ്രമോഷന്‍ റീല്‍സ് ആണു ചിത്രീകരിച്ചത്. ഗള്‍ഫില്‍ ബന്ധുവിന്റെ സ്ഥാപനത്തില്‍ വിഡിയോഗ്രഫറായി ജോലി ചെയ്യുകയായിരുന്നു ആല്‍വിന്‍. 2 വര്‍ഷം മുന്‍പു വൃക്ക മാറ്റിവച്ചതുമായി ബന്ധപ്പെട്ട പരിശോധനയ്ക്കായാണ് നാട്ടിലെത്തിയത്. നേരത്തെ ഇതേ സ്ഥാപനത്തിന്റെ റീല്‍സ് ചെയ്തിട്ടുള്ളതിനാല്‍ നാട്ടിലെത്തിയപ്പോള്‍ അവര്‍ വീണ്ടും വിളിക്കുകയായിരുന്നു. 2 കാറുകളും വെള്ളയില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha