മന്ത്രി കെ രാജന്‍ കല്ലടിക്കോട്ടെ വാഹനാപകടത്തില്‍ മരണമടഞ്ഞ വിദ്യാര്‍ത്ഥിനികളുടെ വീട് സന്ദര്‍ശിച്ചു
കല്ലടിക്കോട്ടെ വാഹനാപകടത്തില്‍ മരണമടഞ്ഞ വിദ്യാര്‍ത്ഥിനികളുടെ വീട് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ സന്ദര്‍ശിച്ചു. നികത്താന്‍ കഴിയാത്ത വലിയ നഷ്ടമാണ് അപകടത്തിലൂടെ ഉണ്ടായിരിക്കുന്നത് എന്ന് പറഞ്ഞ മന്ത്രി കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി അറിയിച്ചു.
ദുരന്തവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറോട് വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. മറ്റു കാര്യങ്ങളില്‍ സര്‍ക്കാരുമായി കൂടിയാലോചിച്ച് ആവശ്യമായ നടപടികള്‍ ഉണ്ടാവും. ദുരന്തത്തിന് ഇരയായ കുട്ടികളുടെ കുടുംബത്തിന്റെ ദുരിതങ്ങളും വിഷമങ്ങളും മനസ്സിലാക്കി സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് നടപടികള്‍ ഉണ്ടാവും. ഇക്കാര്യത്തില്‍ ക്യാബിനറ്റില്‍ കൂടിയാലോചിച്ച് തീരുമാനമെടുക്കും. കുട്ടികളുടെ വീട് സംബന്ധിച്ച കാര്യങ്ങളില്‍ ജില്ല കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുള്ളത് അടുത്ത ദിവസം ലഭ്യമാവും. അതിന്റെ തൊട്ടടുത്ത ദിവസം തന്നെ തുടര്‍ നടപടികള്‍ ഉണ്ടാവും.
സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെയും ജില്ലാ കളക്ടറുടെയും നേതൃത്വത്തില്‍ അപകടവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പരിശോധിക്കുന്നതിന് വേണ്ടി ഇന്ന് കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകനയോഗ തീരുമാന പ്രകാരം ഇന്നും നാളെയുമായി പോലീസിന്റെയും എസ്പിയുടെയും സാന്നിധ്യത്തില്‍ വിവിധ വകുപ്പുകളെ കൂട്ടിയോജിപ്പിച്ച് ഒരു സുരക്ഷ ഓഡിറ്റ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. തുടര്‍ന്ന് തിങ്കളാഴ്ച കളക്ടറുടെ നേതൃത്വത്തില്‍ യോഗം നടക്കും. അതിന് ശേഷം സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടര്‍ എസ് ചിത്ര, കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി എസ് രാമചന്ദ്രന്‍, തഹസില്‍ദാര്‍ , മണ്ണാര്‍ക്കാട് ഡിവൈഎസ്പി ഉള്‍പ്പെടെ ഉദ്യോഗസ്ഥരും അനുഗമിച്ചു.
https://www.facebook.com/Malayalivartha