ഐ ഐ ടി ഗവേഷക വിദ്യാര്‍ത്ഥിനിയുടെ ആദ്യ സിനിമ ഐ എഫ് എഫ് കെ മലയാളം ടുഡേ വിഭാഗത്തില്‍
29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാളം ടുഡേ വിഭാഗത്തില്‍ ഗവേഷക വിദ്യാര്‍ത്ഥിനി ശിവരഞ്ജിനി ജെയുടെ ചലച്ചിത്രം വിക്ടോറിയ പ്രദര്‍ശിപ്പിക്കും. നിലവില്‍ ഐ ഐ ടി ബോംബെയില്‍ ഗവേഷക വിദ്യാര്‍ത്ഥിനിയായ അങ്കമാലി സ്വദേശിനി ശിവരഞ്ജിനിയുടെ ആദ്യ സിനിമ കൂടിയാണിത്. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നത് ശിവരഞ്ജിനിയാണ് . ഇന്ന് (14/12/2024) ഉച്ചയ്ക്ക് 12:15ന് കലാഭവന്‍ തിയേറ്ററിലാണ് 'വിക്ടോറിയ'യുടെ ആദ്യ പ്രദര്‍ശനം.
അങ്കമാലിയിലെ ഒരു ബ്യൂട്ടിപാര്‍ലറില്‍ പോയപ്പോള്‍ സംവിധായികയ്ക്ക് കിട്ടിയ കഥാതന്തുവില്‍ നിന്നാണ് വിക്ടോറിയ സിനിമയുടെ യാത്ര ആരംഭിക്കുന്നത്. അന്ന് ഒറ്റവരിയില്‍ എഴുതിയിട്ട വിക്ടോറിയയാണ് ഇന്ന് ഐ എഫ് എഫ് കെ വരെ എത്തിനില്‍ക്കുന്നത്. കേരള ചലച്ചിത്ര വികസന കോര്‍പറേഷന്റെ നിര്‍മാണത്തില്‍ പുറത്തിറങ്ങുന്ന അഞ്ചാമത്തെ സിനിമയാണ് വിക്ടോറിയ.
സിനിമാ നിര്‍മാണത്തിന് പണം കണ്ടെത്താന്‍ പ്രയാസപ്പെടുന്നവര്‍ക്ക് ഏറെ ഉപകാരപ്രദമാണ് കെ എസ് എഫ് ഡി സി നല്‍കുന്ന സ്ത്രീ ശാക്തീകരണ ഗ്രാന്റുകളെന്ന് ശിവരഞ്ജിനി പറഞ്ഞു. പൊതുവെ സ്ത്രീകള്‍ കുറവുള്ള മേഖലയായത് കൊണ്ടും സിനിമയില്‍ പരിചയക്കാര്‍ ഇല്ലാത്തത് കൊണ്ടും തുടക്കത്തില്‍ പേടിച്ചുനിന്ന തനിക്ക് ആത്മവിശ്വാസം നല്‍കിയത് കെ എസ് എഫ് ഡി സി പദ്ധതിയാണെന്ന് ശിവരഞ്ജിനി പറഞ്ഞു.
തന്റെ ഹൈസ്‌കൂള്‍ കാലഘട്ടം മുതല്‍ക്കേ സിനിമയെന്ന ആഗ്രഹം ഉള്ളില്‍ കൊണ്ടുനടന്ന സംവിധായിക അവസാന വര്‍ഷ എന്‍ജിനീയറിങ്ങിന് പഠിക്കുമ്പോഴാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ ഫിലിം കോഴ്‌സിനെക്കുറിച്ച് അറിയുന്നത്.
എന്‍ജിനീയറിങ്ങിന് ശേഷം എന്‍ ഐ ഡി യില്‍ ഫിലിം ആന്‍ഡ് വീഡിയോ കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം ചെയ്തത് സംവിധാനം, എഡിറ്റിംഗ്, തിരക്കഥാരചന എന്നിവയില്‍ കൂടുതല്‍ അറിവ് നേടി. പ്രധാനപ്പെട്ട ഈ മൂന്ന് മേഖലയും വിക്ടോറിയ സിനിമയില്‍ വെല്ലുവിളി നിറഞ്ഞതായിരുന്നെങ്കിലും ഏറെ ആസ്വദിച്ചാണ് ഓരോന്നും ചെയ്തതെന്ന് ശിവരഞ്ജിനി പറയുന്നു. അണിയറപ്രവര്‍ത്തകരില്‍ അധികവും സുഹൃത്തുക്കള്‍ തന്നെയായത് ഇരുപത് ദിവസം നീണ്ടുനിന്ന ഷൂട്ടിങ് എളുപ്പമാക്കിയെന്നും ശിവരഞ്ജിനി പറഞ്ഞു.
https://www.facebook.com/Malayalivartha