മലേഷ്യയിൽനിന്ന് എത്തുന്ന മക്കളെ സ്വീകരിക്കാൻ ഒരുമിച്ച് പോകാമെന്ന് തീരുമാനിച്ച് ഉറപ്പിച്ച് പുറപ്പെട്ടു; വീട്ടിൽ എത്താൻ ഏഴ് കിലോമീറ്റർ മാത്രം ബാക്കി നിൽക്കെ, ഉറക്കം... പിന്നാലെ ദാരുണ അപകട മരണം...
ശബരിമല തീര്‍ത്ഥാടകരുടെ ബസ്സിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട നവദമ്പതികളുടെയും ഇരുവരുടെയും അച്ചന്മാരുടെയും വേർപാടിൽ നീറുകയാണ് നാട്. കുമ്പഴ മല്ലശ്ശേരി സ്വദേശികളായ നിഖില്‍ മത്തായി, അനു നിഖില്‍, നിഖിലിന്റെ പിതാവ് മത്തായി ഈപ്പന്‍, അനുവിന്റെ പിതാവ് ബിജു പി ജോര്‍ജ് എന്നിവരാണ് മരിച്ചത്. പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ കലഞ്ഞൂര്‍ മുറിഞ്ഞകല്ലില്‍
പുലര്‍ച്ചെ നാലിനാണ് അപകടം. നവംബര്‍ 30-ന് പൂങ്കാവ് സെന്റ് മേരീസ് മലങ്കര പള്ളിയില്‍വെച്ചായിരുന്നു അനുവിന്റേയും നിഖിലിന്റേയും വിവാഹം. യു.കെയില്‍ ജോലി ചെയ്യുകയായിരുന്നു നിഖില്‍. അനു എംഎസ്ഡബ്ല്യു പൂര്‍ത്തിയാക്കിയിരുന്നു. വിവാഹം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് മലേഷ്യയില്‍ ഹണിമൂണ്‍ ആസ്വദിക്കാന്‍ ഇരുവരും പോയത്. തിരികെ ഇരുവരെയും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നതിനിടെയാണ് അപകടം.
അമിതവേഗത്തില്‍ എത്തിയ കാര്‍ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. വീട്ടിലേക്ക് എത്തുന്നതിന് എഴ് കിലോമീറ്റര്‍ മാത്രം അകലെവെച്ചായിരുന്നു അപകടം. ബിജു ആണ് കാര്‍ ഓടിച്ചിരുന്നത്. അനുവിന്റെ പിതാവ് ബിജു പി. ജോര്‍ജും നിഖിലിന്റെ പിതാവ് ഈപ്പന്‍ മത്തായിയുമായിരുന്നു കാറിന്റെ മുന്‍സീറ്റില്‍ ഉണ്ടായിരുന്നത്. പിന്‍ സിറ്റിലായിരുന്നു നിഖിലും അനുവും. തെലങ്കാനയില്‍ നിന്നുള്ള ശബരിബല തീര്‍ത്ഥാടകര്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു.
ഇവരുടെ വണ്ടിയിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു എന്നാണ് സമീപത്തുള്ളവര്‍ പറയുന്നത്. വാഹനത്തിലുള്ളവര്‍ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. മൂന്നു പേര്‍ സംഭവസ്ഥലത്ത് വെച്ച് മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അനു മരിച്ചത്. ബസില്‍ ഉണ്ടായിരുന്ന അയ്യപ്പന്മാര്‍ക്കും നിസാര പരിക്കുണ്ട്.
മലേഷ്യയിൽനിന്ന് എത്തുന്ന മക്കളെ സ്വീകരിക്കാൻ ഒരുമിച്ച് പോകാമെന്ന് മത്തായി ഈപ്പനും ബിജുവും തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം മക്കളെ അറിയിച്ചിരുന്നു. രാത്രിയാണ് ഇരുവരും തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോയത്. വീട്ടിലെത്തിയശേഷം ബന്ധുക്കളുടെ വീടുകൾ സന്ദർശിക്കാനിരിക്കുകയായിരുന്നു നിഖിലും അനുവും. വീട് എത്തുന്നതിന് 7 കിലോമീറ്റർ മുൻപ് അപകടം സംഭവിച്ചു. അപകടവിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ബന്ധുക്കൾ പൊട്ടിക്കരഞ്ഞു.
ബസിന്റെ വലതു വശത്തേക്കാണ് കാർ ഇടിച്ചു കയറിയത്. ശബ്ദം കേട്ട് അടുത്തുള്ള വീട്ടുകാരാണ് ഓടിയെത്തിയത്. ഉടൻ തന്നെ പൊലീസിനെയും ഫയർഫോഴ്സിനെയും വിവരം അറിയിച്ചു. കാറിന്റെ നാല് ഡോറുകളും തുറക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. അനുവിന് മാത്രമാണ് ശ്വാസം ഉണ്ടായിരുന്നത്. മറ്റ് മൂന്നുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. അനുവിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മറ്റു മൂന്നുപേരുടെ മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിലാണ്.
നാട്ടുകാർ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാര്‍ വെട്ടിപ്പൊളിച്ചാണ് ബിജുവിനെയും മത്തായി ഈപ്പനെയും നിഖിലിനെയും പുറത്തെടുത്തത്. മൂവരും അബോധാവസ്ഥയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. വലിയ ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴാണ് ബസിലേക്ക് കാര്‍ ഇടിച്ചുകയറി കിടക്കുന്നത് കണ്ടതെന്നും അയ്യപ്പഭക്തന്‍മാര്‍ ചുറ്റിലും കൂടി നില്‍പ്പുണ്ടായിരുന്നുവെന്നും പ്രദേശവാസികള്‍ പറഞ്ഞു.
അപകടകാരണത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. പത്തനംതിട്ട എസ്പി സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തി. വാഹനത്തിന്‍റെ അമിത സ്പീഡും ഉറങ്ങിപ്പോകാനുള്ള സാധ്യതയുമായിരിക്കാം അപകടകാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. നിഖിലിന്റെ സഹോദരി വിദേശത്ത് നിൻ വന്നതിനു ശേഷമായിരിക്കും സംസ്ക്കാര ചടങ്ങുകൾ.
https://www.facebook.com/Malayalivartha