മുറിഞ്ഞകല്ലില്‍ ബസും കാറും കൂട്ടിയിടിച്ച് മരിച്ച 4 പേരുടെ മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി
പത്തനംതിട്ട കൂടല്‍ മുറിഞ്ഞകല്ലില്‍ ശബരിമല തീര്‍ത്ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ച് നവദമ്പതികള്‍ ഉള്‍പ്പടെ മരിച്ച 4 പേരുടെ മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയാണ് മൃതദേഹങ്ങള്‍ പത്തനംതിട്ടയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയത്. നിഖിലിന്റെ സഹോദരിയും ബിജു പി ജോര്‍ജിന്റെ സഹോദരിയും വിദേശത്ത് നിന്ന് എത്തിയതിന് ശേഷമായിരിക്കും സംസ്‌കാരം നടക്കുക. ഇന്ന് വൈകുന്നേരത്തോടു കൂടി സമയം തീരുമാനിക്കുമെന്ന് അടുത്ത ബന്ധുക്കള്‍ പറഞ്ഞു. മല്ലശ്ശേരി സ്വദേശികളായ അനു, നിഖില്‍, ബിജു പി ജോര്‍ജ്, മത്തായി ഈപ്പന്‍ എന്നിവരാണ് മരിച്ചത്.
കാറിന്റെ ഡോര്‍ തുറന്നപ്പോള്‍ കണ്ട കാഴ്ച്ച പറയാനാകാത്തതാണെന്ന് രക്ഷാപ്രവര്‍ത്തനത്തിന് മുന്‍കൈ എടുത്ത നാട്ടുകാരന്‍ പറയുന്നു. അനുവൊഴികെ മറ്റു മൂന്നുപേരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചിരുന്നു. കാറിന്റെ ഡോര്‍ വെട്ടിപ്പൊളിച്ച് അകത്ത് നോക്കിയപ്പോള്‍ അനുവിന് മാത്രമായിരുന്നു ജീവനുണ്ടായിരുന്നത്. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി ആംബുലന്‍സില്‍ കയറ്റിയെങ്കിലും വഴിമധ്യേ മരണത്തിന് കീഴടങ്ങി. ഈ സമയത്ത് അനുവിന്റെ അമ്മ ഫോണില്‍ വിളിച്ചിരുന്നു. മോളേ, എവിടെയെത്തി എന്നായിരുന്നു ചോദ്യം. മകളല്ല, അവര്‍ക്കൊരു അപകടം പറ്റിയെന്നും പത്തനംതിട്ട ആശുപത്രിയിലേക്ക് കൊണ്ടുപോവുകയാണെന്നും താന്‍ പറഞ്ഞെന്നും നാട്ടുകാരന്‍ പറയുന്നു.
അതേസമയം, സംഭവത്തില്‍ അലക്ഷ്യമായും അശ്രദ്ധമായും വാഹനമോടിച്ചതാണ് അപകടകാരണമെന്നാണ് എഫ്‌ഐആര്‍. കാര്‍ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് എഫ്‌ഐആറില്‍ പറയുന്നു. സംഭവ സ്ഥലത്ത് സ്ഥിരമായി അപകടം നടക്കാറുണ്ടെന്ന് നാട്ടുകാരും പറയുന്നുണ്ട്. അപകടം നടക്കുന്നതിന് തൊട്ടു മുന്‍പ് കാര്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇന്ന് രാവിലെ നാലരയോടെ നടന്ന അപകടത്തില്‍ ഒരു കുടുംബത്തിലെ നാല് പേരുടെ ജീവനാണ് നിരത്തില്‍ പൊലിഞ്ഞത്. കഴിഞ്ഞ നവംബര്‍ 30 നായിരുന്നു അനുവിന്റെയും നിഖിലിന്റെയും വിവാഹം.
എട്ടു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. മധുവിധു ആഘോഷിക്കാന്‍ മലേഷ്യയിലേക്ക് പോയി മടങ്ങിയെത്തിയ ഇവരെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ പോയതായിരുന്നു ബിജു ജോര്‍ജും മത്തായി ഈപ്പനും. നിഖിലിന്റെ അച്ഛനാണ് മത്തായി ഈപ്പന്‍.
അനുവിന്റെ പിതാവാണ് ബിജു ജോര്‍ജ്. കാനഡയില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന നിഖില്‍ കഴിഞ്ഞ മാസം 25നാണ് വിവാഹത്തിനായി നാട്ടിലെത്തിയത്. കാര്‍ അമിതവേഗത്തില്‍ വന്നിടിച്ചു എന്നാണ് തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിന്റെ ഡ്രൈവര്‍ സതീഷ് പറയുന്നത്. കാര്‍ വരുന്നത് കണ്ട് വേഗം കുറച്ച് വശത്തേക്ക് വാഹനം ഒതുക്കി. പക്ഷേ കാര്‍ ഇടിച്ചു കയറി. ബസ് സാധാരണ വേഗത്തില്‍ മാത്രമായിരുന്നുവെന്നും ഡ്രൈവര്‍ സതീഷ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha