കുട്ടി ഡ്രൈവര്‍മാര്‍ പെരുകുന്നു: പലരും രക്ഷിതാക്കളുടെ കണ്ണുവെട്ടിച്ചാണ് നിരത്തിലിറങ്ങുന്നത്; പിടിവീണാല്‍ 25 വയസ് വരെ ലൈസന്‍സ് കിട്ടില്ല
റോഡ് നിയമം ശക്തമായിട്ടും സംസ്ഥാനത്ത് കുട്ടി ഡ്രൈവര്‍മാര്‍ പെരുകുകയും റോഡ് അപകടങ്ങള്‍ തുടരുകയുമാണ്. മലപ്പുറം ജില്ലയില്‍ ഈ വര്‍ഷം മാത്രം മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിയിലായത് 678 കുട്ടി ഡ്രൈവര്‍മാരാണ്. എ ഐ ക്യാമറകള്‍ മുതലുള്ള ആധുനിക സജ്ജീകരണങ്ങള്‍ ഉപയോഗിച്ച് നിയമലംഘകരെ പിടികൂടുന്നതിനിടയിലാണ് കുട്ടി ഡ്രൈവര്‍മാര്‍ പെരുകുന്നത്. പലരും രക്ഷിതാക്കളുടെ കണ്ണുവെട്ടിച്ചാണ് നിരത്തിലിറങ്ങുന്നത്. പ്രവാസി കുടുംബങ്ങളില്‍ വാഹനം രക്ഷിതാക്കളുടേയോ ബന്ധുക്കളുടേയോ പേരിലാണെങ്കിലും മിക്കപ്പോഴും ഉപയോഗിക്കുന്നത് കുട്ടിഡ്രൈവര്‍മാരാണ്.
വാഹനം നല്‍കുന്ന രക്ഷിതാക്കള്‍ക്ക് 25,000 മുതല്‍ 35,000 വരെയാണ് പിഴ. പിഴ കോടതിയിലാണ് അടയ്‌ക്കേണ്ടത്. വാഹനത്തിന്റെ ആര്‍.സി ഒരുവര്‍ഷത്തേക്ക് റദ്ദാക്കുകയും ചെയ്യും. കൂടാതെ വാഹനമോടിച്ച കുട്ടിയ്ക്ക് 25 വയസ് വരെ ലൈസന്‍സ് ലഭിക്കില്ല. വാഹനം അപകടത്തില്‍പ്പെട്ടാല്‍ ഇന്‍ഷ്വറന്‍സ് തുക അനുവദിക്കില്ല. ഇരയ്ക്ക് വലിയ നഷ്ടപരിഹാരം സ്വന്തമായി നല്‍കേണ്ടി വരും.
റോഡില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെയോ പൊലീസിന്റെയോ പരിശോധന കണ്ടാല്‍ ബൈക്കിന്റെ വിവരങ്ങള്‍ ലഭിക്കാതിരിക്കാന്‍ പിറകിലിരിക്കുന്നയാള്‍ നമ്പര്‍ പ്ലേറ്റ് കാല് കൊണ്ട് മറച്ചുപിടിക്കുന്ന പ്രവണതയുണ്ട്.
ഇത്തരം സാഹസങ്ങള്‍ ജീവന്‍ അപകടത്തിലാക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പേകുന്നു. ക്യാമറകളും മറ്റും പരിശോധിച്ച് ഇത്തരം കുട്ടിഡ്രൈവര്‍മാരെ പിടികൂടാറാണ് പതിവ്. ബൈക്കില്‍ അള്‍ട്രേഷന്‍ നടത്തുന്നതിലും മുന്നില്‍ കുട്ടി ഡ്രൈവര്‍മാരാണ്. ബൈക്കിലെ രണ്ട് മിററുകളും അഴിച്ചു മാറ്റിയും വലിയ ശബ്ദമുള്ള സൈലന്‍സര്‍ ഘടിപ്പിച്ചും അടക്കം നിരത്തില്‍ ചീറിപ്പായുന്നവരുണ്ട്.
https://www.facebook.com/Malayalivartha