നടുക്കം മാറാതെ കരിമ്പ സ്കൂള്‍: നാളെ സ്കൂള്‍ തുറക്കുമ്പോള്‍ അവള് മാത്രം ഒറ്റയ്ക്ക്; നെഞ്ച് പൊട്ടുന്ന വേദനയില്‍ അധ്യാപകര്‍
പാലക്കാട്ടെ കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നാളെ എന്താണ് അവസ്ഥയെന്ന ആശങ്കയിലാണ് അധ്യാപകര്‍. എപ്പോഴും ഒരുമിച്ചുള്ള അഞ്ചുപേര്‍. വരുന്നതും പോകുന്നതും ഒരുമിച്ച്. എട്ടാം ക്ലാസുകാരാണെങ്കിലും അവര്‍ വേറെ ഡിവിഷനുകളിലാണ്. വേറെ ക്ലാസ്സുകളിലാണെങ്കിലും അവര്‍ എപ്പോഴും ഒരുമിച്ചായിരുന്നു. പരീക്ഷയും കഴിഞ്ഞ് വരാന്തയിലൂടെ കൈപിടിച്ചു നടന്ന അഞ്ച് പേര്. ഒരാളെ മാത്രം അവശേഷിപ്പിച്ചുള്ള അവര്‍ അങ്ങ് പോയി. നാളെ സ്കൂള്‍ തുറക്കുമ്പോള്‍ എന്ത് എന്ന ആശങ്കയിലാണ് അധ്യാപകര്‍.
നാളെ സ്കൂള്‍ തുറക്കും. ക്രിസ്മസ് പരീക്ഷയാണ്. എട്ടാം ക്ലാസുകാര്‍ക്ക് സോഷ്യല്‍ സയന്‍സ്. വ്യാഴാഴ്ച ഇംഗ്ലീഷ് പരീക്ഷയും കഴിഞ്ഞ് ഒരുമിച്ചിറങ്ങിയതാണ് അവര്‍. സ്കൂളിലെ നെല്ലിമരച്ചോട്ടില്‍ ആദ്യം പരീക്ഷ എഴുതിവര് കാത്തിരുന്നു. ഓരോരുത്തരായി ക്ലാസ് മുറികളില്‍ നിന്നിറങ്ങി വന്നു. പിന്നെ ഒരുമിച്ച് നടത്തം.
'നാല് പേരും എട്ടാം ക്ലാസ്സുകാരാണ്. ചെറുപ്പം മുതല്‍ സുഹൃത്തുക്കളാണ്. ഒരുമിച്ച് വരികയും പോവുകയും ചെയ്യുന്നവര്‍'- പ്രധാനാധ്യാപകന് എം ജമീര്‍ പറഞ്ഞു. എട്ട് ഡി ക്ലാസില്‍ രണ്ടാം നിരയിലെ ബെഞ്ചിലിനി ഒരുമിച്ചിരിക്കാന്‍ നിദയും റിദയും ഇര്‍ഫാനയുമില്ല. എട്ട് ഇയില്‍ നിന്ന് ഇവര്‍ക്കൊപ്പം കൂട്ടുകൂടാന്‍ ആയിഷയും. കോണിപ്പടിക്ക് അപ്പുറത്താണ് എട്ട് സി. അജ്നയുടെ ക്ലാസ്.
ഇനി സ്കൂളില്‍ ഒരുമിച്ച് ഇല്ലെങ്കിലും തുപ്പനാട്ടെ ഖബറിടത്തില്‍ ഒരു കയ്യകലെ അവരങ്ങനെ ഉറങ്ങുകയാണ്. സമാന അപകടം ആവര്‍ത്തിക്കാതെ ഇരിക്കാന്‍ നമ്മള് ഉണര്‍ന്നു പ്രവര്‍ത്തിക്കണം എന്ന് ഓര്‍മപ്പെടുത്തലായി.
വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് അപകടമുണ്ടായത്. നടന്നുവരികയായിരുന്ന കുട്ടികളുടെ മുകളിലേക്ക് സിമന്റ് ലോറി മറിയുകയായിരുന്നു. പള്ളിപ്പുറം വീട്ടില്‍ അബ്ദുല്‍ സലാം - ഫാരിസ ദമ്പതികളുടെ മകള്‍ ഇര്‍ഫാന ഷെറിന്, പെട്ടേത്തൊടിയില്‍ വീട്ടില്‍ അബ്ദുല്‍ റഫീഖ് - ജസീന ദമ്പതികളുടെ മകള്‍ റിദ ഫാത്തിമ, കവുളേങ്ങല്‍ വീട്ടില്‍ അബ്ദുല്‍ സലീം- നബീസ ദമ്പതികളുടെ മകള്‍ നിദ ഫാത്തിമ, അത്തിക്കല്‍ വീട്ടില്‍ ഷറഫുദ്ദീന്-സജ്ന ദമ്പതികളുടെ മകള്‍ ആയിഷ എന്നിവരാണ് മരിച്ച വിദ്യാര്‍ത്ഥിനികള്‍.
https://www.facebook.com/Malayalivartha