ആത്മഹത്യ പെരുകുമ്പോള്‍ ആശങ്ക... ആത്മഹത്യ ഒന്നിനും പരിഹാരമല്ല; അരീക്കോട് പൊലീസ് ക്യാമ്പില്‍ പൊലീസുകാരന്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി
അടുത്തിടെ ചര്‍ച്ച ചെയ്ത പോലീസ് ആത്മഹത്യ വീണ്ടും ചര്‍ച്ചയാകുന്നു. അരീക്കോട് സായുധ പൊലീസ് ക്യാമ്പില്‍ പൊലീസുകാരന്‍ ജീവനൊടുക്കി. വയനാട് സ്വദേശി വിനീത് ആണ് ആത്മഹത്യ ചെയ്തത്. എസ്ഓജി കമാന്‍ഡോ ആയ വിനീത് സ്വയം നിറയൊഴിച്ച് ജീവനൊടുക്കുകയായിരുന്നു. അവധി നല്‍കാത്തതാണ് ആത്മഹത്യക്ക് കാരണമെന്നാണ് സൂചന. മൃതദേഹം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
കേരള പോലീസ് സേനയില്‍ ഉയരുന്ന ആത്മഹത്യാ നിരക്ക് ആശങ്കജനിപ്പിക്കുന്നതാണെന്ന് വ്യക്തമാക്കുന്നതാണ് മുമ്പ് നിയമസഭയില്‍ നടന്ന ചര്‍ച്ചകള്‍. കഠിനമായ ജോലിഭാരം കൊണ്ടുള്ള മാനസിക സമ്മര്‍ദമാണ് മിക്കവരുടെയും ആത്മഹത്യക്ക് കാരണമെന്നാണ് സേനാംഗങ്ങള്‍ പറയുന്നത്. മറ്റ് കാരണങ്ങളുണ്ടെങ്കിലും അതിലേക്ക് എല്ലാം നയിക്കുന്നതും ജോലിസമ്മര്‍ദം തന്നെ.
പോലീസുകാരുടെ ജോലിസമ്മര്‍ദ്ദം കുറയ്ക്കാന്‍ കൊണ്ടുവന്ന കൗസിലിങ്ങും യോഗയുംകൊണ്ട് കാര്യമുണ്ടായില്ലെന്ന് വ്യക്തം. 48 മണിക്കൂറുകള്‍ തുടര്‍ച്ചയായി ജോലി ചെയ്യേണ്ടിവരുന്നതുള്‍പ്പെടെ വലിയ സമ്മര്‍ദ്ദങ്ങള്‍ നേരിടുന്ന മേഖലയാണ് കേരള പോലീസ് സേന. ആവശ്യത്തിന് പോലീസുകാരുടെ അഭാവം, കുറ്റാന്വേഷണം, ക്രമസമാധാന പാലനം, വിഐപി ഡ്യൂട്ടി തുടങ്ങി നിരവധി വിഷയങ്ങള്‍ കൈകാര്യംചെയ്യേണ്ടിവരുന്നതിനിടയില്‍ സമ്മര്‍ദ്ദം കുറയ്ക്കാന്‍ എന്താണ് ചെയ്യേണ്ടത് എന്നതിന് പല വാദങ്ങളുമുണ്ട്.
പോലീസുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി, ആത്മഹത്യചെയ്ത നിലയില്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ അതിനെ വാര്‍ത്തകള്‍ക്കപ്പുറത്തേക്ക് നോക്കാന്‍ ആരും മെനക്കെടാറില്ല. കര്‍ഷകരുടെ ആത്മഹത്യ നമ്മെ ആശങ്കപ്പെടുത്തിയിരുന്നു. അതിലേറെ ആശങ്കയുണ്ടാക്കുന്നു സമൂഹത്തിന്റെ കാവല്‍ക്കാരായ പോലീസുകാരുടെ ആത്മഹത്യാ പരമ്പര. പോലീസുകാരുടെ ആത്മഹത്യ ഇന്നോ ഇന്നലെയൊ തുടങ്ങിയതല്ല. പക്ഷെ, അതിന്റെ എണ്ണം പെട്ടെന്ന് കൂടുന്നത് 2015 മുതലാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കേരള പോലീസില്‍ ആത്മഹത്യചെയ്ത പോലീസുകാരുടെ എണ്ണം 88 ആണെന്നതാണ് സര്‍ക്കാരിന്റെ തന്നെ കൈവശമുള്ള കണക്ക്.
2015-നും 2019-നും ഇടയില്‍ മാത്രം 51 പോലീസുകാരാണ് ജീവനൊടുക്കിയത്. 2016-ല്‍ മാത്രം 16 പേര്‍ സ്വയം ജീവിതം അവസാനിപ്പിച്ചു. ഇങ്ങനെ പോയാല്‍ അഭിമാനത്തോടെയും ബഹുമാനത്തോടെയും കാണുന്ന കാക്കി യൂണിഫോമിനെ മരണത്തിന്റെ കുപ്പായമായി കാണേണ്ടിവരും. കഴിഞ്ഞ വര്‍ഷം രണ്ട് ഐ.ജി.മാര്‍ സമഗ്രപഠനം നടത്തി, പോലീസ് മേധാവിക്ക് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പോലീസ് സേനയില്‍ ആത്മഹത്യാപ്രവണത കൂടുന്നു എന്നായിരുന്നു കണ്ടെത്തല്‍. അമിത ജോലിഭാരവും വിശ്രമമില്ലായ്മയുമാണ് മാനസിക പിരിമുറക്കത്തിന് കാരണമെന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറഞ്ഞത്. ജോലിഭാരവും കുടുംബപ്രശ്നങ്ങളും കാര്യങ്ങള്‍ സങ്കീര്‍ണമാക്കുന്നു.
മേലുദ്യോഗസ്ഥരുടെ പീഡനമാണ് സംസ്ഥാനത്ത് പോലീസ് ആത്മഹത്യകള്‍ക്ക് പിന്നിലുള്ള മറ്റൊരു കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കുടുംബാംഗങ്ങള്‍ക്ക് ഒപ്പം ചെലവഴിക്കാന്‍ സമയം കിട്ടുന്നില്ല. മാനസിക സമ്മര്‍ദം ഏറുമ്പോള്‍ ലഹരിയിലേക്ക് വഴിമാറുന്നു, ചിലര്‍. പിന്നീട് കടുത്ത ആരോഗ്യ പ്രശ്നങ്ങളും സാമ്പത്തിക പ്രതിസന്ധിയും. പോലീസ് സേനയിലെ സിവില്‍ പോലിസ് ഉദ്യോഗസ്ഥര്‍ നേരിടുന്നത് വലിയ പ്രതിസന്ധികളാണ്. സ്വന്തം കുടുംബത്തിനൊപ്പം സമയംചെലവഴിക്കാന്‍ സാധിക്കാതെവരുമ്പോള്‍ ഉണ്ടാകുന്ന വിരക്തി ലഹരി ഉപയോഗത്തിലേക്ക് കൊണ്ടുപോകും. പതിയെ ഈ പ്രശ്നം സാമ്പത്തിക പ്രയാസത്തിലേക്കും കുടുംബ ബന്ധങ്ങള്‍ താളംതെറ്റുന്നതിനും വഴിവെക്കുന്നു.
മറ്റുള്ളവര്‍ കേള്‍ക്കെ വയര്‍ലെസുവഴി പേരെടുത്തുപറഞ്ഞ് സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ഉദ്യോഗസ്ഥരെ ശാസിക്കുന്ന മേലുദ്യോഗസ്ഥര്‍ തങ്ങളുടെ താഴെയുള്ളവരെ മാനസിക സമ്മര്‍ദ്ദത്തിലാഴ്ത്തുന്നു. പിതാവിന്റെ പ്രയമുള്ള പോലീസുകാരെ പ്രായത്തില്‍ കുറഞ്ഞ ഏമാന്‍മാര്‍ ഏടാ പോടാ എന്ന് വിളിക്കുന്നത് പതിവാണ്. കേള്‍ക്കുന്നയാളുടെ മാനസിക പ്രയാസം പരിഗണിക്കപ്പെടുന്നതേയില്ല. പേരെടുത്ത് വിളിക്കാന്‍ പോലും മനസ്സുകാണിക്കാത്ത ഇവര്‍ എങ്ങനെ പൊതുജനത്തെ സേവിക്കുന്ന ജനമൈത്രി പോലീസിന്റെ ഉയര്‍ന്ന തലത്തിലിരിക്കുന്നുവെന്ന് ചിന്തിച്ച് നോക്കിയിട്ടുണ്ടോ?
"
https://www.facebook.com/Malayalivartha