കാർ ഡോർ തുറന്നതും, ഒരാളുടെ കഴുത്ത് ഓടിഞ്ഞുകിടക്കുകയായിരുന്നു; പെട്ടെന്ന് ഫോൺ ബെല്ലടിച്ചു: എടുത്തപ്പോൾ മോളേ നിങ്ങൾ എവിടെ എത്തി’യെന്നാണ് 'അമ്മ' ചോദിച്ചത്... പിറന്നാൾ ആഘോഷിക്കേണ്ട വീടുകളിൽ തളംകെട്ടിനിൽക്കുന്നത് 4 മരണങ്ങളുടെ സങ്കടം...
8 വർഷത്തെ പ്രണയത്തിനു ശേഷം കഴിഞ്ഞ നവംബർ 30ന് ഒന്നിച്ച നിഖിലിന്റെയും അനുവിന്റെയും ജീവിതത്തിന് പാതിവഴിയിൽ അവസാനമായപ്പോൾ ഇന്ന് അനുവിന്റെ പിറന്നാൾ ആഘോഷിക്കേണ്ട വീടുകളിൽ തളംകെട്ടിനിൽക്കുന്നത് 4 മരണങ്ങളുടെ സങ്കടം. അടുത്ത മാസം നിഖിലിനൊപ്പം കാനഡയിലേക്കു പോകാനുള്ള ഒരുക്കത്തിലായിരുന്നു അനുവും. രണ്ടാഴ്ച മുൻപു നടന്ന കല്യാണത്തിന്റെയും ഇടവകപ്പെരുന്നാളിന്റെയും സന്തോഷം മാറും മുൻപ് അപ്രതീക്ഷിതമായെത്തിയ വിയോഗങ്ങളിൽ പകച്ചിരിക്കുകയാണ് ഇരുകുടുംബങ്ങളും നാടും.
കൂടലിന് സമീപം മുറിഞ്ഞകല്ലിലെ അപകടത്തിന് കാരണം വാഹനമോടിച്ചിരുന്ന ആൾ ഉറങ്ങിപ്പോയതാണ്, എന്ന് പൊലീസും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും വ്യക്തമാക്കിയിരുന്നു. ഹൈദരാബാദ് സ്വദേശികളായ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിലേക്കാണ് മല്ലശേരി സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ ഇടിച്ചുകയറിയത്.
‘ഓർക്കാൻ പോലും കഴിയാത്ത സംഭവമാണ് ആ സമയത്ത് ഉണ്ടായതെന്നും ഡോർ തുറന്നപ്പോൾ കണ്ട കാഴ്ച ഭയാനകമായിരുന്നുവെന്നും അപകടത്തിന് തൊട്ടുപിന്നാലെ സ്ഥലത്തെത്തിയ പ്രദേശവാസി വെളിപ്പെടുത്തിയിരിക്കുകയാണ്. ബസിനകത്തേക്ക് കാർ ഇടിച്ചുകയറി ജാമായി കിടക്കുകയായിരുന്നു. പെൺകുട്ടിക്ക് മാത്രമാണ് അനക്കമുണ്ടായിരുന്നത്. ആ കുട്ടി രക്ഷപ്പെടുമെന്ന് കരുതിയിരുന്നു. പെട്ടെന്ന് വണ്ടിയിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആ സമയത്ത് ആംബുലൻസും വന്നതായിരുന്നു. എല്ലാ സാഹചര്യവും ഒത്ത് കിട്ടിയതാണ്. പക്ഷേ, ജീവൻ രക്ഷിക്കാനായില്ല.
‘കാറിനകത്ത് കുടുങ്ങിക്കിടന്നവരെ ബാക്കി മൂന്ന് പേരെ പുറത്തെടുക്കാൻ ശ്രമിച്ചിട്ട് നടന്നില്ല. ഒരാളുടെ കഴുത്ത് ഓടിഞ്ഞുകിടക്കുകയായിരുന്നു. പെട്ടെന്ന് തന്നെ ഫയർഫോഴ്സും പൊലീസും വന്നെങ്കിലും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. മൂന്ന് ആണുങ്ങളും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. ഫോൺ വന്നപ്പോഴാണ് അവർ അടുത്തുള്ളവരാണെന്ന് മനസിലായത്. അനുവിന്റെ അമ്മയാണ് സംസാരിച്ചത്. ‘മോളേ നിങ്ങൾ എവിടെ എത്തി’യെന്നാണ് അവിടെ നിന്ന് ചോദിച്ചത്. ഒരു അപകടം സംഭവിച്ചു, അവരെ പത്തനംതിട്ട ആശുപത്രിയിലേക്ക് വിട്ടിട്ടുണ്ടെന്ന് ഞങ്ങൾ പറഞ്ഞു. കൂടുതലായി ഒന്നും സംസാരിക്കാൻ നിന്നില്ലെന്നും’ പ്രദേശവാസി പറഞ്ഞു.
അപകടവാർത്ത അറിഞ്ഞതു മുതൽ ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും ഇരുവരുടെയും വീട്ടുകളിലേയ്ക്ക് ഒഴുകിയെത്തി. കല്യാണത്തിന്റെ ആഘോഷങ്ങൾ തീർന്നപ്പോൾ പെരുന്നാളിന്റെ ആഘോഷം തുടങ്ങിയിരുന്നു. ഒരേ ഇടവക ആയതിനാൽ കല്യാണ ശേഷമുള്ള ആദ്യ പെരുന്നാൾ ഇരുവരും ഗംഭീരമായി ആഘോഷിച്ചു. കഴിഞ്ഞ 7നും 8നുമായിരുന്നു പൂങ്കാവ് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിലെ പെരുന്നാൾ. പള്ളിയിലെ ക്വയറിൽ അംഗങ്ങളായിരുന്നു ഇരുവരും. അനു യുവജനപ്രസ്ഥാനത്തിന്റെ ഭാഗമായും പ്രവർത്തിച്ചിരുന്നു. അപകടത്തിൽ മരിച്ച നിഖിലിന്റെ പിതാവ് മത്തായി ഈപ്പൻ മസ്കത്തിലായിരുന്നു.
ഒരു വർഷം മുൻപാണ് നാട്ടിൽ തിരിച്ചെത്തിയത്. അനുവിന്റെ പിതാവ് ബിജു സൈനികനായി വിരമിച്ച ശേഷം ലേക്‌ഷോർ ഹോസ്പിറ്റലിൽ സെക്യൂരിറ്റി മാനേജറായി ജോലി ചെയ്യുകയായിരുന്നു. ഇടവകയിലെ ഗായക സംഘത്തിലെ അംഗമായിരുന്നു അനു ബിജു. കഴിഞ്ഞ ദിവസം പുലർച്ചെ നാല് മണിക്കാണ് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായത്. മല്ലശേരി സ്വദേശികളായ നിഖിൽ, അനു, ബിജു പി ജോർജ്, മത്തായി ഈപ്പൻ എന്നിവരാണ് മരിച്ചത്.
കാർ അമിത വേഗത്തിലാണ് വന്നതെന്ന് ബസ് ഡ്രൈവർ വ്യക്തമാക്കിയിരുന്നു. കാനഡയിൽ ക്വാളിറ്റി ടെക്നീഷനായിരുന്ന നിഖിൽ വിവാഹത്തിനു വേണ്ടിയാണ് നാട്ടിലെത്തിയത്. ജനുവരി 18ന് അനുവിനോടൊപ്പം തിരിച്ചു പോകാനിരിക്കുമ്പോഴാണു ദുരന്തം. നിഖിൽ മുസല്യാർ എൻജിനീയറിങ് കോളജിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്. പള്ളിയിലെ പരിപാടികളിലും സജീവമായിരുന്നു. മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റിന്റെ ഭവന നിർമാണ പദ്ധതിയുടെ ഭാഗമായി സാധാരണക്കാർക്കു വീടുവച്ചു നൽകുന്ന പ്രവർത്തനങ്ങളിലടക്കം മുന്നിൽ നിന്നവരാണ് അനുവും സഹോദരൻ ആരോണും.
https://www.facebook.com/Malayalivartha