സിറിയയില്‍ ആക്രമണം ശക്തമാക്കിയ ഇസ്രായേൽ കൂടുതല്‍ മേഖലകളിലേക്ക് നടപടി വ്യാപിപ്പിച്ചു; അഞ്ചുമണിക്കൂറിനിടെ ഇസ്രയേല്‍ തൊടുത്തത് 61 മിസൈലുകള്‍...
അസദ് ഭരണകൂടത്തിന്റെ പതനത്തിനും പിന്നാലെ സിറിയയില്‍ ആക്രമണം ശക്തമാക്കിയ ഇസ്രായേൽ കൂടുതല്‍ മേഖലകളിലേക്ക് നടപടി വ്യാപിപ്പിച്ചു. സിറിയന്‍ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ശനിയാഴ്ച രാത്രി അഞ്ചുമണിക്കൂറിനിടെ ഇസ്രയേല്‍ 61 മിസൈലുകള്‍ തൊടുത്തതായി യുദ്ധനിരീക്ഷകരായ 'സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ്' പറഞ്ഞു. അസദിന്റെ ശക്തികേന്ദ്രങ്ങളില്‍ ശനിയാഴ്ച വിമതര്‍ക്കുനേരേയുണ്ടായ ഒളിയാക്രമണത്തില്‍ നാലുപേര്‍ മരിച്ചു. മെഡിറ്ററേനിയന്‍ തീരനഗരങ്ങളായ ലടാകിയ, ടാര്‍ട്ടസ്, ബജ്ലഹ് എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്.
തുര്‍ക്കി അനുകൂല സുന്നിസംഘടനായ ഫയ്‌ലാഖ് അല്‍ ഷാമിലെ അംഗങ്ങളാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് 11 ദിവസത്തെ വിപ്ലവത്തിനൊടുവില്‍ എച്ച്.ടി.എസിന്റെ നേതൃത്വത്തിലുള്ള വിമതസഖ്യം അസദ് ഭരണകൂടത്തെ അട്ടിമറിച്ച് തലസ്ഥാനമായ ഡമാസ്‌കസ് പിടിച്ചത്. രണ്ടാഴ്ചയോളംനീണ്ട സായുധവിപ്ലവത്തിനുശേഷം സിറിയയില്‍ പലയിടങ്ങളിലും ജനജീവിതം സാധാരണനിലയിലേക്കുമടങ്ങി. രാജ്യത്തെ സ്‌കൂളുകളും കോളേജുകളും ഞായറാഴ്ച തുറന്നു. യു.പി., ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുമാത്രമേ ക്ലാസ് ആരംഭിച്ചിട്ടുള്ളൂ. പ്രൈമറി സ്‌കൂളുകള്‍ തുറക്കാന്‍ രണ്ടുദിവസമെടുക്കും.
മിക്ക സ്‌കൂളുകളിലും ഹാജര്‍നില 30 ശതമാനത്തില്‍ കുറവായിരുന്നു. പ്രവിശ്യകള്‍ക്കുപുറത്തുനിന്നുള്ള വിദ്യാര്‍ഥികള്‍ കൂടുതല്‍ പഠിക്കുന്ന സര്‍വകലാശാലകളില്‍ പലയിടത്തും ക്ലാസുകള്‍ നടന്നില്ല. അഞ്ചുദിവസത്തിനിടെ തുര്‍ക്കി അതിര്‍ത്തിവഴി 7600 സിറിയന്‍ അഭയാര്‍ഥികള്‍ സ്വന്തം രാജ്യത്തേക്കുമടങ്ങിയെന്ന് നരീക്ഷണസംഘടനകള്‍ അറിയിച്ചു.
അതിനിടെ സിറിയയിൽ നിരന്തരം ആക്രമണം നടത്തുന്ന ഇസ്രായേലിനെതിരെ വിമത സേനയായ ഹയാത് തഹ്‍രീർ അൽ ശാമിന്റെ തലവൻ അബു മുഹമ്മദ് അൽ ജുലാനി രംഗത്ത് വരികയും ചെയ്തിരുന്നു. സിറിയയിൽ ഇനി വ്യോമാക്രമണം നടത്താൻ ഇസ്രായേലിന് ന്യായീകരണമൊന്നുമില്ലെന്ന് അദ്ദേഹം സിറിയൻ ടിവി ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്. ഈയിടെ നടത്തിയ ആക്രമണങ്ങൾ എല്ലാവിധ അതിർവരമ്പുകളും ലംഘിക്കുന്നതാണ്. ആക്രമണം ഇല്ലാതാക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും സിറിയൻ പരമാധികാരത്തെ മാനിക്കണമെന്നും ജുലാനി ആവശ്യപ്പെട്ടു.
സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കാൻ നയതന്ത്ര പരിഹാരങ്ങളാണ് വേണ്ടത്. സിറിയൻ മണ്ണിലേക്കുള്ള ഇസ്രായേൽ സൈനികാധിനിവേശം അപകടകരമാണ്. ഇസ്രായേലുമായുള്ള ദീർഘകാല സംഘർഷം രാജ്യത്തെ വീർപ്പുമുട്ടിച്ചിരിക്കെ, പുതിയ ഏറ്റുമുട്ടലിന് താൽപര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ശനിയാഴ്ചയും ഇസ്രായേൽ ദമസ്കസിലടക്കം ആക്രമണം നടത്തി. സൈനിക കേന്ദ്രങ്ങൾക്ക് നേരെയായിരുനു ആക്രമണം. പർവതത്തിന് അടിയിലായുള്ള റോക്കറ്റ് സംഭരണ കേന്ദ്രത്തിലടക്കം ആക്രമണം നടത്തിയതായി സിറിയൻ വാർ മോണിറ്റർ വ്യക്തമാക്കി. നേരത്തെ സിറിയയുടെ ആയുധ ശേഷിയുടെ 80 ശതമാനവും തകർത്തതായി ഇസ്രായേൽ അറിയിച്ചിരുന്നു.
അതേസമയം, സിറിയയിൽ നടക്കുന്ന കാര്യങ്ങളിൽ ഞങ്ങൾ ഇടപെടില്ലെന്ന് ഇസ്രായേൽ സൈനിക മേധാവി ഹെർസി ഹലേവി പറഞ്ഞു. സിറിയൻ ഗോലാൻ കുന്നുകളിൽ നിലയുറപ്പിച്ച ഇസ്രായേലി സൈനികരെ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. സിറിയയിൽ ഭരണം നടത്താൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. ഇസ്രായേലി ജനതക്ക് സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്. ഇവിടെ ഒരു ശത്രു രാജ്യമുണ്ടായിരുന്നു. അതിെൻറ സൈന്യം തകർന്നിരിക്കുന്നു. തീവ്രവാദ സംഘങ്ങൾ ഇവിടേക്ക് വരുമെന്ന് ആശങ്കയുണ്ട്. അതിനാലാണ് ആക്രമണം നടത്തിയതെന്നും ഹെർസി വ്യക്തമാക്കി.
https://www.facebook.com/Malayalivartha