റോഡ് അടച്ചുകെട്ടി പാര്‍ട്ടി സമ്മേളനം: പരിപാടിയുടെ സംഘാടകരും അതില്‍ പങ്കെടുത്തവരും പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് കോടതി
വഞ്ചിയൂരില്‍ റോഡ് അടച്ചുകെട്ടി സിപിഎം സമ്മേളനം നടത്തിയതില്‍ രൂക്ഷവിമര്‍ശനം ആവര്‍ത്തിച്ച് ഹൈക്കോടതി. റാഡ് അടച്ചുകെട്ടുന്നതും നടപ്പാത തടസപ്പെടുത്തുന്നതുമൊക്കെ സംബന്ധിച്ച് 2021ലെ ഉത്തരവുണ്ട്. ഇത് ലംഘിച്ചിരിക്കുകയാണ്. ഇതിന് പരിപാടിയുടെ സംഘാടകരും അതില്‍ പങ്കെടുത്തവരും പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.
സംസ്ഥാനത്ത് അലക്ഷ്യമായ വാഹനമോടിക്കല്‍ വര്‍ധിച്ചുവരികയാണെന്നും ഇത് ഉത്കണ്ഠയുണ്ടാക്കുന്ന കാര്യമാണെന്നും കോടതി പറഞ്ഞു. സെക്രട്ടേറിയറ്റിനു മുന്നില്‍ നടപ്പാത തടഞ്ഞ് സമരം ചെയ്തതിലും വഞ്ചിയൂരില്‍ റോഡ് അടച്ചുകെട്ടി രാഷ്ട്രീയ പാര്‍ട്ടി സമ്മേളനം നടത്തിയതിലും കോടതിയലക്ഷ്യ കേസ് എടുക്കുന്നത് പരിഗണിക്കുകയാണെന്നും ജസ്റ്റിസുമാരായ അനില്‍ കെ.നരേന്ദ്രന്‍, എസ്.മുരളീകൃഷ്ണ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. കോടതിയലക്ഷ്യ ഹര്‍ജി ബുധനാഴ്ച ഡിവിഷന്‍ ബെഞ്ച് വീണ്ടും പരിഗണിക്കും.
സിപിഎമ്മിന്റെ പാളയം ഏരിയ സമ്മേളനം വഞ്ചിയൂരില്‍ റോഡ് അടച്ചുകെട്ടി നടത്തിയതില്‍ രൂക്ഷ വിമര്‍ശനം ഹൈക്കോടതി ഇന്നും തുടര്‍ന്നു. റോഡില്‍ എങ്ങനെയാണ് സ്റ്റേജ് നിര്‍മിച്ചതെന്ന് കോടതി ആരാഞ്ഞു. ഇതിനു വേണ്ടി റോഡ് കുത്തിപ്പൊളിച്ചെങ്കില്‍ കേസ് ഇനിയും ഗുരുതരമാകും
സിപിഐയുടെ ജോയിന്റ് കൗണ്‍സില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടപ്പാത അടച്ചുകെട്ടി സമരം നടത്തിയതും കോടതി പരിഗണിച്ചു. ഇത് നിയമലംഘനമാണെന്ന് വ്യക്തമാക്കിയ കോടതി, സംസ്ഥാനത്ത് ഫുട്പാത്തില്‍ നടക്കുന്നവര്‍ക്ക് പോലും രക്ഷയില്ലെന്നും പറഞ്ഞു. പാലക്കാട് പനയമ്പാടത്ത് 4 വിദ്യാര്‍ഥിനികള്‍ ലോറി മറിഞ്ഞ് മരിച്ച കാര്യവും കോടതി ചൂണ്ടിക്കാട്ടി. ബസ് കാത്തും മറ്റും ആളുകള്‍ റോഡരുകില്‍ നില്‍ക്കാറുണ്ട്. ആളുകള്‍ക്ക് നടക്കാനുള്ള ഫുട്പാത്തുകള്‍ അടച്ചുകെട്ടുന്നത് ഒട്ടേറെ നിയമങ്ങള്‍ ലംഘിക്കലാണെന്നും കോടതി പറഞ്ഞു.
https://www.facebook.com/Malayalivartha