തീപ്പെട്ടിക്കൊള്ളികള്‍ ഉണ്ടാക്കാന്‍ ഏറ്റവും അത്യാവശ്യമുളള മട്ടി കിട്ടാനില്ലെന്ന് തീപ്പെട്ടി നിര്‍മ്മാതാക്കള്‍
തീപ്പെട്ടിക്കൊള്ളികള്‍ ഉണ്ടാക്കാന്‍ ഏറ്റവും അത്യാവശ്യമുളള മട്ടി കിട്ടാനില്ലാത്ത നിലയിലാണ്. വനമേഖലയിലും തരിശിടങ്ങളിലും വ്യാപകമായിരുന്ന മട്ടി പ്ലാന്റേഷന്‍ കൂടി ഇല്ലാതായതോടെ തീപ്പെട്ടി നിര്‍മ്മാതാക്കള്‍ കാര്‍ഷിക സര്‍വകലാശാലയിലെ കോളേജ് ഒഫ് ഫോറസ്ട്രിയെ തേടിയെത്തി.
വ്യവസായികളുടെയും ശാസ്ത്രജ്ഞരുടെയും കര്‍ഷകരുടെയും മരംമുറിക്കാരുടെയുമെല്ലാം കണ്‍സോര്‍ഷ്യം രൂപീകരിച്ച് മട്ടിക്കൃഷി ഇനി വ്യാപകമാക്കും. ഉത്പാദനം, സംസ്‌കരണം, വിപണനം തുടങ്ങിയ മേഖലകളില്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ കണ്ടെത്തി ശാസ്ത്രസാങ്കേതിക പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കും. കൃഷി കൂടുതല്‍ ലാഭകരവും സുസ്ഥിരവും ഫലപ്രദവുമാക്കും. കേരളത്തിന്റെ വിവിധയിടങ്ങളിലെ നൂറോളം മട്ടിക്കര്‍ഷകരാണ് കോളേജ് ഒഫ് ഫോറസ്ട്രിയിലെ ശില്‍പ്പശാലയിലെത്തിയത്. കീടങ്ങളുടെ ആക്രമണം, വനനിയമത്തിലെ സാങ്കേതിക തടസം എന്നിവയെല്ലാം കര്‍ഷകര്‍ ഉന്നയിച്ചെങ്കിലും അതിനെല്ലാം പരിഹാരം നിര്‍ദ്ദേശിച്ചു.
മട്ടിയില്‍ നിന്നും ടാപ്പ് ചെയ്തെടുക്കുന്ന മട്ടിപ്പശ അഗര്‍ബത്തി നിര്‍മ്മാണത്തിനും പെയിന്റ് ഉണ്ടാക്കാനും ആവശ്യമായ റെസിനായി (ഒരുതരം പശ) ഉപയോഗിക്കുന്നു. കറ ഉള്ളതിനാല്‍ പേപ്പര്‍ പള്‍പ്പ് പ്ലൈവുഡ് ആവശ്യങ്ങള്‍ക്ക് സാധാരണയായി ഉപയോഗിക്കില്ല. കുന്തിരിക്കം പോലെ മറ്റ് സുഗന്ധദ്രവ്യ നിര്‍മ്മാണത്തിനും ഉപയോഗിക്കാം. ഇലകളില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ഡൈയുകള്‍ കറുപ്പുനിറം ഉള്ളതാണ്. തൊലിയില്‍ നിന്നും ഭക്ഷ്യയോഗ്യമല്ലാത്ത കുറഞ്ഞ അളവില്‍ എണ്ണ കിട്ടും. ഔഷധഗുണങ്ങള്‍ ഉള്ള മട്ടി തണല്‍ മരമായും കുരുമുളക് പടര്‍ത്താനും വശങ്ങളില്‍ നിന്നുള്ള വെയിലിനെ പ്രതിരോധിക്കാത്തതിനാല്‍ ഇടവിള കൃഷിക്കും അനുയോജ്യമാണ്.
കേരളത്തില്‍ ആദ്യമായാണ് ശാസ്ത്രജ്ഞരെയും വൃക്ഷകര്‍ഷകരെയും വ്യവസായികളെയും സംരംഭകരെയും ഏകോപിപ്പിച്ച് വൃക്ഷ കര്‍ഷക കൂട്ടായ്മ രൂപീകരിക്കാനൊരുങ്ങുന്നത്. കോളേജ് ഒഫ് ഫോറസ്ട്രി, എ.ഐ.സി.ആര്‍.പി അഗ്രോഫോറസ്ട്രി, സ്റ്റേറ്റ് മാച്ച് സ്പ്ലിന്റ്സ് ആന്‍ഡ് വെനീര്‍സ് മാനുഫാക്ചേഴ്സ് അസോസിയേഷനും (കെ.എസ്.എം.എസ്.വി.എം.എ) സംയുക്തമായാണ് 'ശാസ്ത്രീയ വൃക്ഷാധിഷ്ഠിത കൃഷി രീതിയിലൂടെ: തീപ്പെട്ടി വ്യവസായ പുനരുജ്ജീവനം' എന്ന ശില്‍പ്പശാല നടത്തിയത്.
https://www.facebook.com/Malayalivartha