വീണ്ടും ജനുവരി ഒരു ഓര്‍മ്മ... ക്രിസ്മസ് വിരുന്നൊരുക്കി കാത്തിരുന്ന് ഗവര്‍ണര്‍; ഇത്തവണയും ഗവര്‍ണറുടെ ക്രിസ്മസ് വിരുന്നിന് മുഖ്യമന്ത്രിയും മന്ത്രിമാരുമില്ല
പകല്‍ എസ്എഫ്‌ഐക്കാരുടെ പ്രതിഷേധത്തില്‍ പ്രതിഷേധം അറിയിച്ചാണ് ഗവര്‍ണര്‍ കേരള സര്‍വകലാശാല വിട്ടത്. പഴയത് പോലെ എസ്എഫ്‌ഐക്കാര്‍ക്ക് രണ്ട് ഡയലോഗും നല്‍കിയാണ് ഗവര്‍ണര്‍ മടങ്ങിയത്. വൈകിട്ടത്തെ ഗവര്‍ണറുടെ ക്രിസ്മസ് വിരുന്നില്‍നിന്ന് ഇത്തവണയും വിട്ടുനിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും.
ചൊവ്വാഴ്ച വൈകിട്ട് രാജ്ഭവനില്‍ സംഘടിപ്പിച്ച വിരുന്നില്‍ നിന്നാണ് മന്ത്രിസഭയാകെ വിട്ടുനിന്നത്. സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ മാത്രം ചടങ്ങില്‍ പങ്കെടുത്തു. സര്‍വകലാശാലകളിലെ ഗവര്‍ണറുടെ ഇടപെടലില്‍ രാജ്ഭവന്‍ സര്‍ക്കാര്‍ പോര് തുടരുന്നതിനിടെയാണ് വിട്ടുനില്‍ക്കല്‍. മുഖ്യമന്ത്രി, സ്പീക്കര്‍, മന്ത്രിമാര്‍, എംഎല്‍എമാര്‍, എംപിമാര്‍ മതമേലദ്ധ്യക്ഷന്മാര്‍ അടക്കം 400 പേര്‍ക്കായിരുന്നു ക്ഷണം. വിരുന്നിനായി അഞ്ച് ലക്ഷം രൂപ സര്‍ക്കാര്‍ നേരത്തെ അനുവദിച്ചിരുന്നു.
നവംബര്‍ 27ന് പണം ആവശ്യപ്പെട്ട് രാജ്ഭവനില്‍നിന്നു സര്‍ക്കാരിന് കത്തു നല്‍കിയതിനു പിന്നാലെ ഡിസംബര്‍ 13നാണ് തുക അനുവദിച്ചത്. കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധിയായ കെ.വി തോമസ്, വിവിധ മതമേലധ്യക്ഷന്മാര്‍, സാമുദായിക നേതാക്കള്‍ എന്നിവര്‍ വിരുന്നില്‍ പങ്കെടുത്തു. ഗവര്‍ണറും സര്‍ക്കാരുമായുള്ള ഭിന്നത മൂലം കഴിഞ്ഞവര്‍ഷവും മുഖ്യമന്ത്രി ഗവര്‍ണറുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്തിരുന്നില്ല.
ഇന്നലെ രാവിലേയാണ് എസ്എഫ്‌ഐക്കാര്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ചത്. സംസ്‌കൃത വിഭാഗത്തിന്റെ അന്താരാഷ്ട്ര സെമിനാര്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു സര്‍വകലാശാല ആസ്ഥാനത്തേക്ക് എസ്എഫ്‌ഐ തള്ളിക്കയറിയത്. രണ്ടര വര്‍ഷത്തിന് ശേഷമാണ് സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരള സര്‍വകലാശാല ആസ്ഥാനത്തെത്തിയത്. ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധമുണ്ടാകുമെന്ന് എസ്എഫ്‌ഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
രാവിലെ മുതല്‍ സര്‍വകലാശാല ആസ്ഥാനത്ത് കനത്ത പൊലീസ് കാവല്‍ ഉണ്ടായിരുന്നു. 11.30ഓടെ ഗവര്‍ണര്‍ യൂണിവേഴ്സിറ്റി ആസ്ഥാനത്തെത്തി. ഹാളിനുള്ളില്‍ എസ്എഫ്‌ഐക്കാര്‍ ഉണ്ടെന്ന നിഗമനത്തില്‍ ഹാളിന്റെ വാതിലുകളും ജനലുകളും പൊലീസ് അടച്ചുപൂട്ടി. പൊലീസ് ജാഗ്രത തുടരുന്നതിനിടെ പ്രധാന ഗേറ്റ് തള്ളിത്തുറന്ന് നൂറോളം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സര്‍വകലാശാല ക്യാമ്പസിലേക്ക് പ്രവേശിക്കുകയായിരുന്നു.
പിന്നീട് പ്രതിഷേധം അവസാനിപ്പിച്ച് എസ്എഫ്‌ഐ മടങ്ങി. പിന്നാലെ പുറത്തിറങ്ങിയ ഗവര്‍ണര്‍ സുരക്ഷാ വീഴ്ചയില്‍ കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു.
കേരള സര്‍വകലാ ആസ്ഥാനത്ത് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ കാലുകുത്തുന്നത് തടയുമെന്ന എസ്എഫ്‌ഐ മോഹം പൊലിഞ്ഞു. സെനറ്റ് ഹാളിലെ തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷിനിര്‍ത്തി ഗവര്‍ണര്‍ അന്താരാഷ്ട സംസ്‌കൃത സെമിനാര്‍ ഉദ്ഘാടനം ചെയ്ത് മടങ്ങി.
സംസ്‌കൃത വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യാന്‍ ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ വരുന്നതിന് തുടക്കം മുതല്‍ ഇടതു കക്ഷികള്‍ എതിരായിരുന്നു. ചെറിയ പരിപാടിയാണ്, ഗവര്‍ണര്‍ വരേണ്ടതില്ല, 50 ല്‍ താഴെ പേരെ മാത്രമേ പങ്കെടുപ്പിക്കാനാകൂ എന്നൊക്കെ പറഞ്ഞ് ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ഇടങ്കോലിട്ടു. ഗവര്‍ണറുടെ പ്രിതിനിധികളായി സെനറ്റിലെത്തി സിന്‍ഡിക്കേറ്റ് അംഗങ്ങളായ രണ്ടുപേര്‍ ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടി നടത്തണമെന്നും ആളുകളെ എത്തിക്കുന്ന ചുമതല ഏറ്റെടുക്കാമെന്നും അറിയിച്ചു. തുടര്‍ന്ന് വൈസ് ചാന്‍സലര്‍ പരിപാടി നടത്താന്‍ പച്ചക്കൊടി നല്‍കി. ഇതിനായി പ്രത്യേക യോഗം വിളിച്ചപ്പോള്‍ ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ഒറ്റക്കെട്ടായി ബഹിഷ്‌ക്കരിച്ചു. കോണ്‍ഗ്രസിന്റെ ഏക അംഗം യോഗത്തില്‍ പങ്കെടുത്തെങ്കിലും നിലപാടൊന്നും പറഞ്ഞില്ല.
ഗവര്‍ണര്‍ എത്തുമ്പോള്‍ തടയുമെന്ന തരത്തില്‍ പ്രചാരണം ഉണ്ടായിരുന്നു. വലിയ പോലീസ് സന്നാഹവും തയ്യാറായിരുന്നു. എന്നാല്‍ ഗവര്‍ണര്‍ എത്തി സെനറ്റ് ഹാളില്‍ കയറി പരിപാടി തുടങ്ങിയിട്ടും ഒരു തരത്തിലുമുള്ള പ്രതിഷേധവും ഉണ്ടായില്ല. അതേ സമയം സെനറ്റ് ഹാല്‍ തിങ്ങി നിറഞ്ഞ് ആളുകളും എത്തി.
പരിപാടി ആരംഭിച്ച് കുറച്ചു സമയത്തിനുശേഷം സര്‍വകലാശാലയിലേക്ക് അതിക്രമിച്ച് കടന്ന പ്രതിഷേധക്കാര്‍ സെമിനാര്‍ നടക്കുന്ന ഹാളിന് പുറത്ത് പ്രതിഷേധിച്ചു. എസ് എഫ് ഐക്കാര്‍ സര്‍വകലാശാല ആസ്ഥാനത്തെ ഗേറ്റ് ചാടികടന്ന് പരിപാടി നടക്കുന്ന ഹാളിന് സമീപത്തേയ്ക്ക് എത്തിയത്. ഈ സമയം സെനറ്റ് ഹാളിന്റെ വാതിലുകളും ജനലുകളും പോലീസ് അടച്ചു. യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും പ്രകടനമായാണ് എസ് എഫ് ഐ പ്രവര്‍ത്തകരെത്തിയത്. ഗവര്‍ണര്‍ അധികാരദുര്‍വിനിയോഗം നടത്തുന്നു, മതിയായ യോഗ്യതയില്ലാത്തയാളെ സ്വന്തം നിലയില്‍ വിസിയായി നിയമിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ ഉയര്‍ത്തുന്നത്. അകത്തും പുറത്തും പ്രതിഷേധം ഉണ്ടാകുമെന്ന് പറയുന്നുണ്ടായിരുന്നെങ്കിലും പുറത്ത് നടക്കുന്ന ബഹളം അകത്ത് അറിഞ്ഞതുമില്ല. അകത്ത് ചെറു പ്രതിഷേധസ്വരം പോലും ഉയര്‍ന്നതുമില്ല.
"
https://www.facebook.com/Malayalivartha