മുതലാളിമാര്‍ക്ക് പൊള്ളും... റോഡ് അപകടങ്ങള്‍ കുറക്കാന്‍ കര്‍ശന നടപടികളിലേക്ക് സര്‍ക്കാര്‍; അപകട മരണമുണ്ടായാല്‍ ബസ് പെര്‍മിറ്റ് 6 മാസത്തേക്ക് റദ്ദാക്കും
സംസ്ഥാനത്ത് ഞെട്ടിപ്പിക്കുന്ന റോഡ് അപകടങ്ങള്‍ കുറക്കാനുള്ള പല തരത്തിലുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. അതിനിടെ കര്‍ശന നടപടികളിലേക്ക് ഗതാഗത വകുപ്പ്. സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ട് ആളുകള്‍ മരിക്കുന്ന സാഹചര്യമുണ്ടായാല്‍ 6 മാസം പെര്‍മിറ്റ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ അറിയിച്ചു.
അശ്രദ്ധമായി വണ്ടി ഓടിച്ച് പരിക്കേല്‍ക്കുന്ന സാഹചര്യമുണ്ടായാല്‍ മൂന്ന് മാസം പെര്‍മിറ്റ് റദ്ദാക്കും. സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ക്ലീനര്‍മാര്‍ക്കും പൊലീസ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ പരാതി പറയാന്‍ ഉടമകള്‍ ബസില്‍ നമ്പര്‍ പ്രസിദ്ധീകരിക്കണം.
ബസുകളുടെ മത്സരയോട്ടം തടയാന്‍ ജിയോ ടാഗ് ചെയ്യും. ബസ് ഉടമകളുടെ സൊസെറ്റി ഇത് ചെയ്യണം. പെര്‍മിറ്റ് എടുത്തിരിക്കുന്ന സ്വകാര്യ ബസുകള്‍ ലാസ്റ്റ് ട്രിപ്പ് നിര്‍ബന്ധമായി ഓടണം. ഒരു വണ്ടിയെങ്കിലും ഓടണം. ഇല്ലെങ്കില്‍ പെര്‍മിറ്റ് ക്യാന്‍സല്‍ ചെയ്യണം. മാര്‍ച്ച് മാസത്തിനുള്ളില്‍ ബസില്‍ ക്യാമറ സ്ഥാപിക്കണം.
കഴിഞ്ഞ ദിവസം അപകടമരണമുണ്ടായ പാലക്കാട് പനയമ്പാടത്ത് വേഗത കുറയ്ക്കാനുള്ള നടപടികള്‍ തുടങ്ങിയതായി മന്ത്രി അറിയിച്ചു. സ്ഥലത്ത് സ്ഥിരമായി ഡിവൈഡര്‍ സ്ഥാപിക്കും. ബസ് ബേ മാറ്റി സ്ഥാപിക്കും. ഡിവൈഡര്‍ സ്ഥാപിക്കാന്‍ ഒരു കോടി രൂപ നാഷണല്‍ ഹൈവേ അതോറിറ്റി അനുവദിക്കും. ഊരാളുങ്കല്‍ സൊസൈറ്റി പണി ഏല്‍പ്പിക്കും. പാലക്കാട് ഐഐടിയുടെ 5 ശുപാര്‍ശ നടപ്പാക്കും. മുണ്ടൂര്‍ റോഡിലും എംവിഡി നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ മാറ്റം വരുത്തും. അടുത്ത ചൊവ്വാഴ്ചക്കു മുമ്പ് പിഡബ്ല്യൂഡി എസ്റ്റിമേറ്റ് സമര്‍പ്പിക്കും. പാലക്കാടിനും-കോഴിക്കോടിനുമിടയില്‍ 16 സ്ഥലങ്ങളില്‍ ബ്ലാക്ക് സ്‌പോര്‍ട്ട് കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥലങ്ങളില്‍ എന്‍എച്ച്എ മാറ്റം വരുത്തും. ഡിസൈന്‍ ചെയ്യുന്നവരാണ് ബ്ലാക്ക് സ്‌പോട്ട് ഉണ്ടാക്കുന്നത്. പനയം പാടത്ത് വിവിധ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് കൃത്യമായി ശ്രദ്ധിച്ചില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പത്തനംതിട്ട മുറിഞ്ഞകല്ലില്‍ മിനി ബസും കാറും കൂട്ടിയിടിച്ച് നവദമ്പതിമാരടക്കം നാലുപേര്‍ മരിച്ച സംഭവം ഡ്രൈവര്‍ ഉറങ്ങിപ്പോയതായിരിക്കാമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞു. റോഡിന് എന്തെങ്കിലും പ്രശ്‌നമുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഗതാഗത നിയമലംഘനകള്‍ വര്‍ധിച്ചുവരികയാണ്. ഫൈനുകള്‍ വര്‍ധിപ്പിക്കേണ്ട സാഹചര്യമാണുള്ളത്. റോഡുപയോഗിക്കുന്നവരെല്ലാം ശ്രദ്ധാലുക്കളാകുക എന്നതുമാത്രമേ ചെയ്യാനുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
ഒരപകടത്തില്‍ ഒരു മരണം എന്നത് ഒരു കുടുംബത്തിന്റെ അവസ്ഥയിലുണ്ടാവുന്ന ദുഃഖകരമായ മാറിമറിയല്‍ ആണെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ പറഞ്ഞു. അതുകൊണ്ടുതന്നെ റോഡപകടങ്ങളും മരണങ്ങളും കുറയേണ്ടത് നമ്മള്‍ ഓരോരുത്തരുടേയും ആവശ്യമാണ്. ഇതിനൊരു പരിഹാരം കാണണമെന്ന് എല്ലാവരും തീരുമാനമെടുക്കണം. വാഹനമോടിക്കുന്നവരും അല്ലാത്തവരും റോഡുപയോഗിക്കുമ്പോള്‍ വളരെ ശ്രദ്ധാലുക്കളായിരിക്കുകയല്ലാതെ വേറെ മാര്‍ഗമില്ലെന്നും അദ്ദേഹം പറഞ്ഞു.
'1999-ല്‍ സ്ഥലമേറ്റെടുത്തിട്ടതാണ് ഇപ്പോള്‍ അപകടമുണ്ടായ ഈ റോഡ്. ലോക ബാങ്ക് ഉപേക്ഷിച്ച റോഡായിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മന്ത്രി ജി.സുധാകരനുമേല്‍ വളരെയധികം സമ്മര്‍ദം ചെലുത്തി ഈ റോഡ് കൊണ്ടുവരാന്‍ ശ്രമിച്ചു. ഞാനാണ് അതിന്റെ മുന്‍പന്തിയിലുണ്ടായിരുന്നത്. പത്തനാപുരത്തു നിന്നാണ് റോഡിന്റെ ഉദ്ഘാടനംപോലും നടന്നത്. വളരെയധികം ഇടപെടല്‍ നടത്തിയ ശേഷമാണ് ലോകബാങ്കിനെ ഇതിലേക്ക് തിരിച്ചുകൊണ്ടുവന്നത്. മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ പറയുന്നതുപോലെ ഈ റോഡില്‍ അപകടസാധ്യതയുള്ള സ്ഥലങ്ങളില്ല. വീതി കൂടിയ, നേരെ പോകുന്ന ഒരുപാട് ഭാഗങ്ങളുണ്ട്. വിദഗ്ധരാണെന്ന് സ്വയം കരുതുന്ന ഡ്രൈവര്‍ വളരെ വേഗത്തിലാണ് വാഹനമോടിക്കുക, അതില്‍ വേറൊന്നും ചെയ്യാനില്ലെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha