പ്രാര്‍ത്ഥനയോടെ വിശ്വാസികള്‍... ഇറാഖ് സന്ദര്‍ശനത്തിനിടെ തന്നെ വധിക്കാന്‍ ശ്രമമുണ്ടായെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വെളിപ്പെടുത്തല്‍; പഴയ സംഭവം വെളിപ്പെടുത്തിയത് ആത്മകഥയില്‍
വിശ്വാസികള്‍ക്ക് എല്ലാം എല്ലാമാണ് മാര്‍പ്പാപ്പ. ഇപ്പോള്‍ വിശ്വാസികളെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ഉണ്ടായിരിക്കുന്നത്. 3 വര്‍ഷം മുന്‍പ് ഇറാഖ് സന്ദര്‍ശനത്തിനിടെ തന്നെ വധിക്കാന്‍ ശ്രമമുണ്ടായെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വെളിപ്പെടുത്തല്‍.
2021 മാര്‍ച്ചില്‍ മൊസൂള്‍ സന്ദര്‍ശിക്കുന്നതിനിടെ ഒരു വനിതാ ചാവേറും സ്‌ഫോടകവസ്തുക്കള്‍ നിറച്ച ട്രക്കും ആക്രമണത്തിന് നീങ്ങുന്നതായി ബ്രിട്ടിഷ് ഇന്റലിജന്‍സ് വിവരം നല്‍കിയെന്നും ഇറാഖി പൊലീസ് തടഞ്ഞതിനെത്തുടര്‍ന്ന് അവ ലക്ഷ്യത്തിലെത്തും മുന്‍പ് പൊട്ടിത്തെറിച്ചെന്നും ഉടന്‍ പ്രസിദ്ധീകരിക്കുന്ന ആത്മകഥയിലാണ് മാര്‍പാപ്പ വെളിപ്പെടുത്തിയത്.
2025 മഹാജൂബിലി വര്‍ഷാചരണത്തോടനുബന്ധിച്ച് ജനുവരി 14ന് എണ്‍പതിലേറെ രാജ്യങ്ങളില്‍ പ്രകാശനം ചെയ്യുന്ന 'ഹോപ്' എന്ന പേരിലുള്ള ആത്മകഥയുടെ ചില ഭാഗങ്ങള്‍ ഒരു ഇറ്റാലിയന്‍ ദിനപത്രം പ്രസിദ്ധീകരിച്ചതിലാണ് ഇക്കാര്യം പറയുന്നത്.
മാര്‍പാപ്പയുടെ 88ാം പിറന്നാള്‍ ആഘോഷത്തോടനുബന്ധിച്ചായിരുന്നു പ്രസിദ്ധീകരണം. ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയിലും സഭയുടെ കാര്യത്തില്‍ വളരെ സജീവമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. നാളിതുവരെ 47 അപ്പസ്‌തോലിക് സന്ദര്‍ശനങ്ങളാണ് നടത്തിയിട്ടുള്ളത്.
1936 ഡിസംബര്‍ മാസം 17-ാം തീയതി അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിലാണ് മാര്‍പാപ്പ ജനിച്ചത്. ജോര്‍ജ് മരിയോ ബെര്‍ഗോളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. 1969 ഡിസംബര്‍ 13ന് ആര്‍ച്ച് ബിഷപ് റമോന്‍ ജോസ് കാസ്റ്റിലാനോയില്‍ നിന്നും പട്ടം സ്വീകരിച്ചു.
1973 ജൂലൈ 31ന് അര്‍ജന്റീനയിലെ ജസ്യൂട്ട് സന്യാസ സമൂഹത്തിന്റെ പ്രൊവിന്‍ഷ്യാലായി തിരഞ്ഞെടുക്കപ്പെട്ടു. 1986 മാര്‍ച്ചില്‍ ജര്‍മനിയിലെത്തി പിഎച്ച്ഡി പഠനം പൂര്‍ത്തിയാക്കി. ബ്യൂണസ് ഐറീസ് ആര്‍ച്ച് ബിഷപായിരുന്ന അന്റോണിയോ ഖറോസീനോയുടെ അഭ്യര്‍ഥന പ്രകാരം ജോര്‍ജ് ബെര്‍ഗോളിയെ ബിഷപാക്കുവാന്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തീരുമാനിച്ചു. 1992 മേയ് 20ന് സഭയുടെ ഉത്തരവിനു പിന്നാലെ 'ഫാ. ജോര്‍ജ് ബെര്‍ഗോളി'യെ മേയ് 27 നി ബിഷപ്പായി അഭിഷിക്തനാക്കി. തുടര്‍ന്ന് ബ്യൂണസ് ഐറീസിന്റെ സഹായമെത്രാന്‍, ഔക്ക രൂപതയുടെ മെത്രാന്‍ എന്നീ ചുമതലകളില്‍ നിയമിച്ചു.
1997 ജൂണ്‍ മൂന്നിന് ജോര്‍ജ് ബെര്‍ഗോളി ഓക്‌സിലിയറി ആര്‍ച്ച് ബിഷപായി. ഒന്‍പതു മാസങ്ങള്‍ക്ക് ശേഷം കര്‍ദിനാള്‍ അന്റോണിയോ ഖ്വാറാസീനോ കാലം ചെയ്തതിനെ തുടര്‍ന്ന് ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപായി ജോര്‍ജ് ബെര്‍ഗോളി നിയമിച്ചു. 1998 ഫെബ്രുവരി 28ന് ബ്യൂണസ് ഐറിസ് ആര്‍ച്ച് ബിഷപായി ചുമതലയേല്‍ക്കുകയും അര്‍ജന്റീനയിലെ കിഴക്കന്‍ സഭകളുടെ ആരാധന സമിതിയുടെ ചുമതലകളും നല്‍കി. 2001 ഫെബ്രുവരി 21ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ജോര്‍ജ് ബെര്‍ഗോളിയെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തി.
കര്‍ദിനാള്‍ പദവി ലഭിച്ച ശേഷം ബെര്‍ഗോളി ബിഷപ്പുമാരുടെ സിനഡിന്റെ ജനറല്‍ റിലേറ്റര്‍ പദവി നല്‍കി. ജോണ്‍ പോള്‍ രണ്ടാമന്റെ മരണത്തിനു ശേഷം 2005ല്‍ ചേര്‍ന്ന കോണ്‍ക്ലേവില്‍ ജോര്‍ജ്ജ് ബെര്‍ഗോളിയും പങ്കെടുത്തിരിന്നു. 2013 മാര്‍ച്ച് 13ന് നടന്ന കോണ്‍ക്ലേവില്‍ സഭാ ചരിത്രത്തിലെ 266-ാമത്തെ മാര്‍പാപ്പയായി അര്‍ജന്റീനക്കാരനായ കര്‍ദിനാള്‍ ജോര്‍ജി മരിയോ ബെര്‍ഗോളിയോ തിരഞ്ഞെടുത്തു. ഫ്രാന്‍സിസ് ഒന്നാമന്‍ എന്ന നാമത്തില്‍ മാര്‍പാപ്പയായി സ്ഥാനമേറ്റു. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പയും, ആദ്യമായി ഫ്രാന്‍സിസ് എന്ന പേര് സ്വീകരിച്ച മാര്‍പാപ്പയെന്ന ഖ്യാതിയും മാര്‍പാപ്പയ്ക്കാണ്.
https://www.facebook.com/Malayalivartha