ആ പണി ഇനി വേണ്ട... സ്വകാര്യ വാഹനങ്ങള്‍ മറ്റുള്ള വ്യക്തികളുടെ ഉപയോഗത്തിലേക്കായി വാടകയ്ക്ക് നല്‍കുന്നത് തടയിടാന്‍ മോട്ടോര്‍ വാഹന വകുപ്പ്.
സ്വകാര്യ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ എടുത്ത് വണ്ട് വാടകയ്ക്ക് നല്‍കുന്നവര്‍ വെട്ടില്‍. സ്വകാര്യ വാഹനങ്ങള്‍ മറ്റുള്ള വ്യക്തികളുടെ ഉപയോഗത്തിലേക്കായി പണമോ പ്രതിഫലമോ വാങ്ങി വാടകയ്ക്ക് നല്‍കുന്നത് മോട്ടോര്‍ വാഹന നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ്.
അനധികൃതമായി വാടകയ്ക്ക് നല്‍കുന്ന സ്വകാര്യ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. വാഹന ഉടമയുടെ കുടുംബാംഗങ്ങള്‍ വാഹനം സ്ഥിരമായി ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ല. അതുപോലെതന്നെ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ അത്യാവശ്യഘട്ടങ്ങളില്‍ പ്രതിഫലം കൂടാതെ വാഹനം ഉപയോഗിക്കാന്‍ നല്‍കുന്നതിലും തെറ്റില്ല.
എന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ സ്ഥിരമായി മറ്റു വ്യക്തികളുടെ ഉപയോഗത്തിനായി വിട്ടു നല്‍കുന്നതും സ്ഥിരമായി പല വ്യക്തികളെ വിമാനത്താവളം റെയില്‍വേ സ്റ്റേഷന്‍ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുവരികയോ കൊണ്ടുപോവുകയോ ചെയ്യുന്നതും പത്രമാധ്യമങ്ങള്‍ വഴിയോ സോഷ്യല്‍ മീഡിയ വഴിയോ പരസ്യം നല്‍കി വാഹനങ്ങള്‍ മറ്റുള്ളവരുടെ ഉപയോഗത്തിന് വാടകയ്ക്ക് നല്‍കുന്നതും മോട്ടോര്‍ വാഹന നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
എട്ട് സീറ്റില്‍ കൂടുതല്‍ ഘടപ്പിച്ച് വാഹനങ്ങള്‍ വാഹന ഉടമയുടെയും കുടുംബാംഗങ്ങളുടെയും മാത്രം ഉപയോഗത്തിന് വേണ്ടിയുള്ളതാണ് എന്ന് സത്യവാങ്മൂലം വാഹന ഉടമ നല്‍കുന്നതിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ വാഹനമായി രജിസ്റ്റര്‍ ചെയ്തു നല്‍കിയിട്ടുള്ളത്. ഇത്തരം വാഹനങ്ങള്‍ മറ്റുള്ളവരുടെ ഉപയോഗത്തിന് വിട്ടു നല്‍കുന്നത് എന്താവശ്യത്തിനായാലും നിയമവിരുദ്ധമാണ്.
സ്വകാര്യ വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കാന്‍ നിയമം അനുവദിക്കുന്നില്ല (rent a car). എന്നാല്‍ മോട്ടോര്‍ വാഹന നിയമപ്രകാരം റെന്റ് എ ക്യാബ് (Rent a Cab) എന്ന നിയമാനുസൃത സംവിധാനം വഴി വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കാന്‍ അനുമതിയുണ്ട്. ഇത്തരത്തില്‍ വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതിനായി ലൈസന്‍സിന് അപേക്ഷിക്കുന്ന വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ 50 ല്‍ കുറയാത്ത ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ഉള്ള വാഹനങ്ങളും മറ്റ് അനുബന്ധ സൗകര്യങ്ങളും ആവശ്യമാണ്.
അതുപോലെ മോട്ടോര്‍സൈക്കിളുകള്‍ വാടകയ്ക്ക് നല്‍കുന്നതിനായി റെന്റ് എ മോട്ടോര്‍സൈക്കിള്‍ എന്ന സ്‌കീം പ്രകാരമുള്ള ലൈസന്‍സും നിയമപ്രകാരം അനുവദനീയമാണ്. റെന്റ് എ മോട്ടോര്‍സൈക്കിള്‍ സ്‌കീമില്‍ ലൈസന്‍സിന് അപേക്ഷിക്കുന്നതിനായി ചുരുങ്ങിയത് അഞ്ച് മോട്ടോര്‍സൈക്കിളുകള്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനമായി രജിസ്റ്റര്‍ ചെയ്തിരിക്കണം എന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. ഇത്തരം വാഹനങ്ങളില്‍ കറുത്ത പ്രതലത്തില്‍ മഞ്ഞനിറത്തിലുള്ള അക്ഷരങ്ങളിലാണ് രജിസ്‌ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കുന്നത്. റെന്റ് എ ക്യാബ് സ്‌കീമില്‍ ഉള്‍പ്പെട്ട ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ പച്ച പ്രതലത്തില്‍ കറുത്ത അക്ഷരത്തില്‍ ആണ് പ്രദര്‍ശിപ്പിക്കുന്നത്.
അതേസമയം അലങ്കരിച്ച വാഹനങ്ങളുമായി പൊതുനിരത്തുകളില്‍ ഇറങ്ങുന്നവര്‍ക്ക് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്തെത്തി. റോഡ് സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലും വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പറുകള്‍ മറയുന്ന തരത്തിലും വാഹനങ്ങള്‍ അലങ്കരിച്ചു കൊണ്ട് പൊതുനിരത്തില്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് എംവിഡി വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് കൊണ്ടാണ് എംവിഡി ഈ കാര്യം അറിയിച്ചത്.
കൂടാതെ ശബരിമല തീര്‍ഥാടകര്‍ വരുന്ന വാഹനങ്ങളില്‍ പലതും ഇത്തരത്തില്‍ അലങ്കാരങ്ങള്‍ തീര്‍ത്ത വാഹങ്ങളാണ് എന്നും മാത്രമല്ല പലതും ചന്ദനം, മഞ്ഞള്‍ എന്നിവ കൊണ്ട് രജിസ്ട്രേഷന്‍ നമ്പര്‍ മറച്ചുകൊണ്ടുള്ള അലങ്കാരങ്ങളും ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇത്തരം അലങ്കാരം വാഹങ്ങളില്‍ വേണ്ടെന്നും വ്യക്തമാക്കി. കൂടാതെ വാഹനങ്ങളുടെ പിന്നിലും മുന്നിലും ഉള്ള സുരക്ഷാ ഗ്ലാസുകളില്‍ പല നിറങ്ങളിലായി പതിപ്പിക്കുന്ന സ്റ്റിക്കറുകള്‍ ഡ്രൈവറുടെ പുറമെയുള്ള കാഴ്ച പരിമിതിയ്ക്ക് കരണമാകുന്നുണ്ടെന്നും ഇത് റോഡ് അപകടങ്ങള്‍ക്ക് കരണമാകുണ്ടെന്നും കൂടാതെ വാഹനങ്ങളില്‍ അനധികൃതമായി ലൈറ്റുകള്‍ ഘടിപ്പിക്കുന്നത് അതീവ സുരക്ഷാ മേഖലയായ ശബരിമലയിലെ സുരക്ഷാ പരിശോധനയില്‍ കൃത്യത കുറവ് വരുത്തും ഇത്തരം നിയമലംഘനങ്ങള്‍ ഒഴിവാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് എംവിഡി കര്‍ശന മുന്നറിയിപ്പ് നല്‍കിയത്.
"
https://www.facebook.com/Malayalivartha