29-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് കൊടിയിറങ്ങി: മികച്ച സിനിമയ്ക്കുള്ള സുവര്‍ണ ചകോരം 'മലു' കരസ്ഥമാക്കി; മികച്ച ചിത്രത്തിനുള്ള പീപ്പിള്‍സ് അവാര്‍ഡ് മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമയ്ക്ക്
29-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിനു നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. 'സ്പിരിറ്റ് ഓഫ് സിനിമ' അവാര്‍ഡ് സംവിധായിക പായല്‍ കപാഡിയയ്ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. അഞ്ച് ലക്ഷം രൂപയും ഫലകവുമാണ് സമ്മാനം. മികച്ച ചിത്രത്തിനുള്ള പീപ്പിള്‍സ് അവാര്‍ഡ് മലയാള ചിത്രം ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത 'ഫെമിനിച്ചി ഫാത്തിമ' അഞ്ച് പുരസ്‌കാരങ്ങളാണ് സ്വന്തമാക്കിയത്.
മികച്ച സിനിമയ്ക്കുള്ള സുവര്‍ണ ചകോരം പെഡ്രെ ഫ്രെയെര്‍ സംവിധാനം ചെയ്ത 'മലു' കരസ്ഥമാക്കി. സംവിധായകനും നിര്‍മാതാക്കള്‍ക്കുമായി 20 ലക്ഷം രൂപയും പ്രശസ്തി പത്രവും സുവര്‍ണ്ണ ചകോരത്തിനൊപ്പം സമ്മാനിച്ചു. മികച്ച നവാഗത സംവിധാനത്തിനുള്ള രജത ചകോരം ചിലിയെന്‍ ചിത്രം ദ് ഹൈപ്പര്‍ബോറിയന്‍സ് സംവിധാനം ചെയ്ത ക്രിസ്റ്റോബല്‍ ലിയോണിനും ജോക്വിന്‍ കോസിനും ലഭിച്ചു. സിനിമയുടെ കലാ സംവിധായിക നതാലിയ ഗെയ്സാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. മൂന്നു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. ഹര്‍ഷാദ് ഷാഷ്മിയാണ് മികച്ച സംവിധായകന്‍. ചിത്രം 'മി മറിയം: ദ് ചില്‍ഡ്രന്‍ ആന്റ് 26 അദേഴ്സ്'. പോളിങ്ങിലൂടെ തിരഞ്ഞെടുത്ത മികച്ച പ്രേക്ഷക ചിത്രത്തിനുള്ള പുരസ്‌കാരവും ഫാസില്‍ മുഹമദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമയ്ക്കാണ്.
നിശാഗാന്ധിയില്‍ നടന്ന സമാപന ചടങ്ങില്‍ സുവര്‍ണ ചകോരം നേടിയ പെഡ്രെ ഫ്രെയെറുടെ 'മലു' പ്രദര്‍ശിപ്പിച്ചു. വിഖ്യാത ഫ്രഞ്ച് ഛായാഗ്രാഹക ആനിയസ് ഗൊദാര്‍ദ് ആണ് രാജ്യാന്തര മല്‍സര വിഭാഗത്തിന്റെ ജൂറി ചെയര്‍പഴ്സന്‍. ജോര്‍ജിയന്‍ സംവിധായിക നാനാ ജോജാദ്സി, ബൊളീവിയന്‍ സംവിധായകനും തിരക്കഥാകൃത്തുമായ മാര്‍ക്കോസ് ലോയ്സ, അര്‍മീനിയന്‍ സംവിധായകനും നടനുമായ മിഖായേല്‍ ഡോവ്ലാത്യന്‍, ആസാമീസ് സംവിധായകന്‍ മോഞ്ചുള്‍ ബറുവ എന്നിവരാണ് മറ്റു ജൂറി അംഗങ്ങള്‍.
ലോകരാഷ്ട്രങ്ങളിലെ മനുഷ്യാവസ്ഥകളും ജനങ്ങള്‍ കടന്നുപോവുന്ന സങ്കീര്‍ണമായ ജീവിത സാഹചര്യങ്ങളും അടുത്തറിയാനും അവരുമായി മാനസികമായി ഐക്യപ്പെടാനുമുള്ള വേദിയായി ഐഎഫ്എഫ്‌കെ മാറിയെന്ന് സമാപന ചടങ്ങില്‍ അധ്യക്ഷത വഹിച്ച സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. 15 തിയേറ്ററുകളിലായി നടന്ന മേളയില്‍ 13,000ത്തോളം ഡെലിഗേറ്റുകള്‍ ഇത്തവണ പങ്കെടുത്തു. മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ പിന്നണിപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, അനുബന്ധപരിപാടികളിലെ അതിഥികള്‍, ഒഫീഷ്യല്‍സ്, സ്പോണ്‍സര്‍മാര്‍ എന്നിവരുള്‍പ്പെടെ 15,000ത്തില്‍പ്പരം പേരുടെ സജീവമായ പങ്കാളിത്തം മേളയില്‍ ഉണ്ടായി. വിദേശത്തുനിന്നുള്ളവര്‍ ഉള്‍പ്പെടെ 238 ചലച്ചിത്രപ്രവര്‍ത്തകരും ഇത്തവണ ഐഎഫ്എഫ്‌കെയില്‍ അതിഥികളായി പങ്കെടുത്തു.
റവന്യൂ മന്ത്രി കെ രാജന്‍, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ദിവ്യ എസ് അയ്യര്‍ എന്നിവര്‍ സംസാരിച്ചു.
ഇനിയും സിനിമകള്‍ ചെയ്യാന്‍ ഐഎഫ്എഫ്‌കെയിലെ അവാര്‍ഡ് പ്രചോദനമാകുമെന്ന് 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി'ന്റെ സംവിധായിക പായല്‍ കപാഡിയ പറഞ്ഞു. മലയാളത്തില്‍ സിനിമയെടുത്തത് ഒരു തരത്തില്‍ ഭ്രാന്തന്‍ ആശയമായിരുന്നു. പക്ഷേ കേരളത്തില്‍ ഈ സിനിമക്ക് ലഭിച്ച പിന്തുണയില്‍ ഏറെ അഭിമാനമുണ്ടെന്നും അംഗീകാരം ഏറെ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നതെന്നും പായല്‍ കപാഡിയ പറഞ്ഞു. തന്റെ സിനിമയിലെ അഭിനേത്രിമാര്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിക്കഴിഞ്ഞു എന്നതിലും അഭിമാനമുണ്ടെന്ന് പായല്‍ കപാഡിയ അറിയിച്ചു. ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിലെ അഭിനേത്രിമാരായ കനി കുസൃതിയും ദിവ്യ പ്രഭയും സദസ്സില്‍ സന്നിഹിതരായിരുന്നു.
https://www.facebook.com/Malayalivartha