ഷെഫീഖ് വധശ്രമക്കേസില്‍ ശിക്ഷ വിധിച്ച് കോടതി: പിതാവ് ഷെരീഫിന് 7 വര്‍ഷവും രണ്ടാനമ്മ അനീഷയ്ക്ക് 10 വര്‍ഷ കഠിന തടവും
കുമളിയില്‍ ആറുവയസുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അച്ഛനും രണ്ടാനമ്മയ്ക്കും കഠിനതടവ്. കുട്ടിയുടെ പിതാവ് ഷെരീഫ് ഏഴുവര്‍ഷവും അമ്മ അനിഷ 10 വര്‍ഷവും തടവ് ശിക്ഷ അനുഭവിക്കണം. സംഭവം നടന്ന് 11 വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് ശിക്ഷ വിധി.
പിഞ്ചുകുഞ്ഞിനോടുള്ള കണ്ണില്ലാത്ത ക്രൂരതയ്ക്ക് ഒടുവില്‍ കഠിനതടവ് ശിക്ഷ വിധിച്ചു കോടതി. വധശ്രമത്തിന് രണ്ടാനമ്മ 10 വര്‍ഷം കഠിനതടവ് അനുഭവിക്കണം. കുഞ്ഞിനെ അപായപ്പെടുത്തിയ കേസില്‍ 4 വര്‍ഷവും ജെജെ ആക്ട് പ്രകാരം ഒരു വര്‍ഷവും തടവുശിക്ഷ. ഒന്നാംപ്രതി ഷെരീഫ് 7 വര്‍ഷം തടവിനൊപ്പം വിവിധ വകുപ്പുകളില്‍ 3 വര്‍ഷം കൂടി ശിക്ഷ അനുഭവിക്കണം. അനീഷ രണ്ട് ലക്ഷവും ഷെരീഫ് 50000 രൂപയും പിഴ ഒടുക്കുകയും വേണം. ഇല്ലാത്തപക്ഷം ഓരോ വര്‍ഷം കൂടി തടവ് അനുഭവിക്കണം.
ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യ തെളിവുകളും മെഡിക്കല്‍ തെളിവുകളും ആണ് പ്രോസിക്യൂഷന്‍ തുണയായത്. 17 സാക്ഷികളെ വിസ്തരിച്ചു. കണ്ണില്ലാത്ത ക്രൂരതയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ നല്‍കണം എന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യം. ചെറിയ കുഞ്ഞുങ്ങളുണ്ടെന്നും ഇളവ് വേണമെന്നും അനീഷ കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഇത് പരിഗണിച്ചാവാം ജീവപര്യന്തം തടവ് വിധിക്കാതിരുന്നത് എന്നാണ് പ്രോസിക്യൂഷന്റെ നിരീക്ഷണം.
2013 ജൂലൈ 15നാണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ് അവശനിലയിലായ ഷഫീഖിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്നാണ് പിഞ്ചുകുഞ്ഞിനോട് ചെയ്ത ക്രൂരത പുറത്ത് വരുന്നതും. കട്ടപ്പനയിലും പിന്നീട് വെല്ലൂരിലും മാസങ്ങള്‍ നീണ്ട ചികിത്സയ്‌ക്കൊടുവില്‍ ആണ് ഷഫീഖ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. എന്നാല്‍ തലച്ചോറിനേറ്റ ഗുരുതര ക്ഷതം കുഞ്ഞിന്റെ മാനസിക വളര്‍ച്ചയെ കാര്യമായി തന്നെ ബാധിച്ചു. നിലവില്‍ രാഗിണി എന്ന ആയയുടെ പരിചരണത്തില്‍ തൊടുപുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ കീഴില്‍ ചികിത്സയിലാണ് ഷഫീഖ്.
https://www.facebook.com/Malayalivartha