സുരേഷ് ഗോപി അംബുലന്‍സ് ദുരുപയോഗം ചെയ്തെന്ന പരാതിയില്‍ പൊലീസ് നടപടി
തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദത്തില്‍, സുരേഷ് ഗോപി അംബുലന്‍സ് ദുരുപയോഗം ചെയ്തെന്ന പരാതിയില്‍ പൊലീസ് നടപടി. ബി.ജെ.പിക്ക് വേണ്ടി പ്രവര്‍ത്തിച്ച ഏജന്‍സിയുടെ മേധാവിയെ അന്വേഷണസംഘം ചോദ്യം ചെയ്തു. വരാഹി അസോസിയേറ്റ്സ് സി.ഇ.ഒ അഭിജിത്തിനെ തൃശൂരിലാണ് ചോദ്യം ചെയ്തത്. തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് സുരേഷ് ഗോപിക്ക് എത്താന്‍ ആംബുലന്‍സ് വിളിച്ചു വരുത്തിയത് അഭിജിത്താണെന്ന് ആംബുലന്‍സ് ഡ്രൈവര്‍ മൊഴി നല്‍കിയിരുന്നു. സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് സ്ട്രാറ്റജി കൈകാര്യം ചെയ്തത് വരാഹി അസോസിയേറ്റ്സായിരുന്നു. പൂരനഗരിയിലെത്താന്‍ സുരേഷ് ഗോപി ആംബുലന്‍സ് ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് സിപിഐ തൃശൂര്‍ മണ്ഡലം സെക്രട്ടറി അഡ്വ സുമേഷാണ് പൊലീസിന് പരാതി നല്‍കിയത്.
തൃശൂര്‍ പൂരം അലങ്കോലപ്പെട്ട രാത്രി സുരേഷ് ഗോപി വന്നത് സേവാഭാരതിയുടെ ആംബുലന്‍സിലായിരുന്നു. മണ്ണുത്തി നെട്ടിശേരിയിലെ വീട്ടില്‍ വിശ്രമത്തിലായിരുന്ന സുരേഷ് ഗോപിയോട് ഉടന്‍ തിരുവമ്പാടി ഓഫിസില്‍ എത്താന്‍ നിര്‍ദേശം വന്നിരുന്നു. ആ നിര്‍ദേശം നല്കിയതാകട്ടെ ബി.ജെ.പിയുടെ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങള്‍ ഏകോപിപ്പിച്ചിരുന്ന വരാഹി അസോസിയേറ്റ്സ് സിഇഒ അഭിജിത്തും.
ബിജെപി ജില്ലാ അധ്യക്ഷന്റെ കാറില്‍ സ്വരാജ് റൗണ്ടിന് സമീപത്ത് വന്ന സുരേഷ് ഗോപിയ്ക്ക് മുന്നോട്ടു പോകാനായില്ല. ജനത്തിരക്കായിരുന്നു കാരണം . സേവാഭാരതിയുടെ ആംബുലന്‍സില്‍ സുരേഷ് ഗോപിയെ ഓഫിസില്‍ എത്തിക്കാന്‍ അഭിജിത്ത് തന്നെ നിര്‍ദേശം നല്കി. അഭിജിത്ത് ഫോണില്‍ വിളിച്ചതായി ആംബുലന്‍സ് ഡ്രൈവര്‍ മൊഴി നല്‍കിയിരുന്നു.
പൂരം കലങ്ങിയത് അഭിജിത്ത് അറിഞ്ഞത് എങ്ങനെയെന്ന് പൊലീസ് ചോദിച്ചു. മാധ്യമങ്ങളിലൂടെ അറിഞ്ഞെന്നാണ് അഭിജിത്തിന്റെ മൊഴി. ഇടുക്കി സ്വദേശിയാണ് അഭിജിത്ത് വരാഹി. സിപിഐയുടെ പ്രാദേശിക നേതാവ് അഡ്വക്കേറ്റ് സുമേഷ് നല്കിയ പരാതിയില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയ്ക്ക് എതിരെ തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തിരുന്നു. ഐപിസി 279, 34, മോട്ടര്‍ വാഹന നിയമം 179, 184, 188, 192 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. 6 മാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിവ. ഈ കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് അഭിജിത്തിന്റെ മൊഴിയെടുത്തത്.
https://www.facebook.com/Malayalivartha