മഞ്ഞപ്പിത്ത ബാധയ്ക്ക് കാരണം വെല്‍ക്കം ഡ്രിങ്കെന്ന് സംശയം: കളമശേരിയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 13ല്‍ നിന്ന് 29 ആയി ഉയര്‍ന്നു
എറണാകുളം ജില്ലയില്‍ പടര്‍ന്നു പിടിച്ച മഞ്ഞപ്പിത്ത ബാധയ്ക്ക് കാരണം ഒരു ഗൃഹപ്രവേശ ചടങ്ങില്‍ ഉപയോഗിച്ച കുടിവെള്ളമെന്നു സംശയം. മഞ്ഞപ്പിത്തം ഏറ്റവും കൂടുതല്‍ പടര്‍ന്നു പിടിച്ച കളമശ്ശേരി നഗരസഭയിലെ 10, 12, 13 വാര്‍ഡുകളായ പെരിങ്ങഴ, എച്ച്എംടി എസ്റ്റേറ്റ്, കുറുപ്ര എന്നിവിടങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. രോഗം ബാധിച്ചവരുടെ എണ്ണം 13ല്‍ നിന്ന് 29 ആയി ഉയര്‍ന്നതോടെയാണ് ഇത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ 2 പേരുടെ നില ഗുരുതരമാണ്. 40ലധികം പേര്‍ക്ക് രോഗലക്ഷണങ്ങളുണ്ട്.
ഈ മാസം 17 ന് നടന്ന ഒരു ഗൃഹപ്രവേശ ചടങ്ങില്‍ വെല്‍ക്കം ഡ്രിങ്ക് ആയി നല്‍കിയ വെള്ളത്തില്‍ നിന്നാണോ രോഗം പടര്‍ന്നതെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധിക്കുന്നത്. രോഗം ബാധിച്ചവരിലേറെയും ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നു എന്നാണ് വിവരം. രോഗം പിന്നീട് ഇവരില്‍നിന്നു മറ്റുള്ളവരിലേക്ക് പടരുകയായിരുന്നു. ഈ ചടങ്ങില്‍ പങ്കെടുത്തവര്‍ എവിടെയൊക്കെ പോയി, ആരെയൊക്കെ കണ്ടു തുടങ്ങിയ കാര്യങ്ങള്‍ അധികൃതര്‍ പരിശോധിക്കുകയാണ്.
മഞ്ഞപ്പിത്തം പടര്‍ന്ന സാഹചര്യത്തില്‍ ഇന്ന് കളമശ്ശേരി എച്ച്എംടി കോളനി എല്‍പി സ്‌കൂളില്‍ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു. വാര്‍ഡിലെ മുഴുവന്‍ പേരെയും പരിശോധിക്കുക, ബോധവത്കരണം നടത്തുക തുടങ്ങിയവയാണ് ലക്ഷ്യം. വരും ദിവസങ്ങളില്‍ മറ്റു വാര്‍ഡുകളിലും ക്യാംപുകള്‍ സംഘടിപ്പിക്കും. സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി പി.രാജീവ്, രോഗം പടരുന്ന സാഹചര്യത്തില്‍ വെള്ളിയാഴ്ച അവലോകനയോഗം വിളിച്ചിരുന്നു. 3 വാര്‍ഡുകളിലേയും കിണറുകളിലും മറ്റ് ജലസ്രോതസ്സുകളിലുമുള്ള വെള്ളം പരിശോധിക്കല്‍, ഹോട്ടലുകള്‍, ഹോസ്റ്റലുകള്‍, ഐസും ശീതള പാനീയങ്ങളും വില്‍ക്കുന്ന കടകള്‍ എന്നിവിടങ്ങളിലെല്ലാം പരിശോധനകള്‍ തുടങ്ങിയവയും നടക്കുന്നുണ്ട്.
https://www.facebook.com/Malayalivartha