സഹകരണ ബാങ്കിനു മുന്നില്‍ ആത്മഹത്യ ചെയ്ത നിക്ഷേപകന്‍ സാബുവിന് യാത്രാമൊഴി
തന്റെ അക്കൗണ്ടിലുള്ള പണത്തിനായി പലതവണ സാബു ബാങ്കില്‍ കയറിയിറങ്ങിയിരുന്നുവെങ്കിലും പണം ലഭിക്കാത്തതില്‍ മനംനൊന്ത് സഹകരണ ബാങ്കിനു മുന്നില്‍ ആത്മഹത്യ ചെയ്ത നിക്ഷേപകന്‍ സാബുവിന്റെ മൃതദേഹം സംസ്‌കരിച്ചു. വൈകിട്ട് കട്ടപ്പന സെന്റ്.ജോര്‍ജ് പള്ളി സെമിത്തേരിയിലാണ് അന്ത്യ ശുശ്രൂഷകള്‍ നടന്നത്.
സാബു തന്റെ ജീവിതകാലത്തെ മുഴുവന്‍ സമ്പാദ്യവും നിക്ഷേപിച്ചിരുന്നത് കട്ടപ്പന റൂറല്‍ ഡവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലായിരുന്നു. ചികിത്സയുടെ ആവശ്യത്തിനായുള്ള പണത്തിനായാണ് അദ്ദേഹം ബാങ്കിനെ സമീപിച്ചത്. രണ്ടുലക്ഷം ചോദിച്ചപ്പോള്‍ ബാങ്കില്‍നിന്ന് ആകെ നല്‍കിയത് 80,000 രൂപയാണെന്നാണ് ബന്ധുക്കളുടെ ആരോപണം.
സാബുവിനെ സിപിഎം കട്ടപ്പന മുന്‍ ഏരിയ സെക്രട്ടറി വി.ആര്‍.സജി ഭീഷണിപ്പെടുത്തുന്ന സന്ദേശവും ഇതിനിടെ പുറത്തുവന്നിരുന്നു. സാബുവിനെ ബാങ്ക് ഭരണസമിതി ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു നേരത്തെ ബന്ധുക്കള്‍ ആരോപിച്ചിരുന്നത്. 'അടിമേടിക്കേണ്ട സമയം കഴിഞ്ഞെന്നും പണി മനസ്സിലാക്കി തരാമെന്നുമായിരുന്നു' സജിയുടെ ഭീഷണി.
സാബുവിന്റെ മരണത്തില്‍ ബാങ്ക് ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. ആത്മഹത്യ കുറിപ്പില്‍ പേരുള്ള ബാങ്ക് സെക്രട്ടറി റെജി, ജീവനക്കാരായ ബിനോയ്, സുജമോള്‍ എന്നിവരുടെ മൊഴികളാണ് ആദ്യഘട്ടത്തില്‍ രേഖപ്പെടുത്തുക. സാബു ബാങ്കില്‍ എത്തിയ സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
''സാബു ബാങ്കിലെത്തിയപ്പോള്‍ ജീവനക്കാരനായ ബിനോയ് മോശമായി പെരുമാറി. കൂടുതല്‍ പണം നല്‍കാനാവില്ലെന്ന് ബാങ്ക് സെക്രട്ടറിയും പറഞ്ഞു. ഇതിനു പിന്നാലെയാണ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് വി.ആര്‍. സജി ഭീഷണിപ്പെടുത്തിയത്. ട്രാപ്പില്‍ പെട്ടെന്ന് സാബു പറഞ്ഞു. വലിയ വിഷമത്തിലായിരുന്നു. ഇനി കിട്ടാനുള്ളത് 14 ലക്ഷം രൂപയാണ്.
ഒന്നരവര്‍ഷമായി ബാങ്കില്‍ കയറിയിറങ്ങുന്നു. സാബുവിനെതിരായ ആരോപണം പണം നല്‍കാതിരിക്കാനുള്ള അടവാണ്. സാബുവിനെ ദ്രോഹിച്ചവര്‍ക്കെതിരെ നടപടിയെടുക്കണം.'' - സാബുവിന്റെ ഭാര്യ മേരിക്കുട്ടി ആവശ്യപ്പെട്ടു. കട്ടപ്പന പള്ളിക്കവല വെറൈറ്റി ലേഡീസ് സെന്റര്‍ ഉടമ സാബുവിനെ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സഹകരണ ബാങ്കിനു മുന്നില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha