എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ തെളിവുകള്‍ സംരക്ഷിക്കണമെന്ന കുടുംബത്തിന്റെ ഹര്‍ജി... വിധി പറയുന്നത് 26ലേക്ക് മാറ്റി
എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ തെളിവുകള്‍ സംരക്ഷിക്കണമെന്ന കുടുംബത്തിന്റെ ഹര്‍ജി... വിധി പറയുന്നത് 26ലേക്ക് മാറ്റി. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പി.പി.ദിവ്യ, സാക്ഷികളായ ടി.വി.പ്രശാന്തന്‍, കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ.വിജയന്‍ എന്നിവരുടെ ഫോണ്‍ കോള്‍ രേഖകള്‍ ശേഖരിച്ച് സൂക്ഷിക്കണമെന്നും കണ്ണൂര്‍ കളക്ടറേറ്റ്, റെയില്‍വേ സ്‌റ്റേഷന്‍ പരിസരം, ക്വാട്ടേഴ്‌സ് പരിസരം എന്നിവിടങ്ങളിലെ സിസി ടിവി ദൃശ്യങ്ങള്‍ സംരക്ഷിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നുമായിരുന്നു കുടുംബത്തിന്റെ ആവശ്യമുണ്ടായിരുന്നത്.
ഹര്‍ജി പരിഗണിക്കുന്നത് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് .
അതേസമയം എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി ദിവ്യയുടെ ജാമ്യ ഉപാധികളില്‍ ഇളവ്. കണ്ണൂര്‍ ജില്ല വിട്ട് പോകരുതെന്ന ഉപാധി ഒഴിവാക്കി. ജില്ലാ പഞ്ചായത്ത് യോഗങ്ങളില്‍ പങ്കെടുക്കാം. എല്ലാ തിങ്കളാഴ്ചയും പോലീസിന് മുന്നില്‍ ഹാജരാകണം എന്നതിലും ഇളവുണ്ട്.
പി.പി ദിവ്യക്ക് ജാമ്യം അനുവദിച്ചപ്പോഴുണ്ടായിരുന്ന പ്രധാന ഉപാധികളിലാണ് ഇപ്പോള്‍ ഇളവ് വരുത്തിയിരിക്കുന്നത്. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഉപാധികളില്‍ ഇളവ് നല്‍കിയത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ മാത്രം ഹാജരായാല്‍ മതിയാകും. കണ്ണൂര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ആയിരുന്ന നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണക്കേസില്‍ അറസ്റ്റിലായി റിമാന്‍ഡിലായ ദിവ്യയ്ക്ക് 11 ദിവസത്തിനു ശേഷം നവംബര്‍ എട്ടിനാണ് ജാമ്യം കിട്ടിയത്.
https://www.facebook.com/Malayalivartha