പിണറായി വിജയൻ സർക്കാർ നേതൃത്വം നൽകുന്ന സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിക്കരുത്...ഭാരതീയ റിസർവ് ബാങ്ക് പലവട്ടം ഓർമ്മിപ്പിച്ചിട്ടും, അത് ചെവിക്കൊള്ളാതെ പണം നിക്ഷേപിച്ചവരാണ് ഇപ്പോൾ മരണത്തിന് പിന്നാലെ ഭ്രാന്തമായി പായുന്നത്. ..
പിണറായി വിജയൻ സർക്കാർ നേതൃത്വം നൽകുന്ന സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിക്കരുതെന്ന് ഭാരതീയ റിസർവ് ബാങ്ക് പലവട്ടം ഓർമ്മിപ്പിച്ചിട്ടും അത് ചെവിക്കൊള്ളാതെ പണം നിക്ഷേപിച്ചവരാണ് ഇപ്പോൾ മരണത്തിന് പിന്നാലെ ഭ്രാന്തമായി പായുന്നത്. കട്ടപ്പനയിലെ സാബുവിന്റെ ഭാര്യയുടെ വാക്കുകൾ കേട്ടു നിൽക്കാൻ കഴിയാത്ത തരത്തിൽ നമ്മെ സങ്കടത്തിലാക്കും. ഭർത്താവിന് പലവട്ടം സഹകരണബാങ്കിൽ പോയി കരഞ്ഞ് ഇറങ്ങിവരേണ്ട അവസ്ഥയുണ്ടായിട്ടുണ്ടെന്ന് കട്ടപ്പനയിൽ ജീവനൊടുക്കിയ നിക്ഷേപകൻ സാബുവിന്റെ ഭാര്യ മേരിക്കുട്ടി പറഞ്ഞു.. പണം ആവശ്യപ്പെട്ടപ്പോൾ ബാങ്കിലുളളവർ പലപ്പോഴായി ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
ചികിത്സയ്ക്കായി രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോൾ ബാങ്കിൽ നിന്നും വെറും 80,000 രൂപ മാത്രമാണ് ലഭിച്ചതെന്നും മേരിക്കുട്ടി പറഞ്ഞു. 'ബാങ്കിൽ 2007 മുതൽക്കേ ഞങ്ങൾ പണം നിക്ഷേപിക്കുമായിരുന്നു. സൊസൈറ്റിയിൽ ജോലിയുള്ള ഒരു സ്ത്രീ ഭർത്താവിനോട് കുറച്ച് നിക്ഷേപം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്ന സമയത്ത് സാബു പൈസ കൊടുത്തു. എല്ലാ പണവും അവിടെയായിരുന്നു. കഞ്ഞിക്കുഴിയിലെ സ്ഥലം വിറ്റ് പണം കൊടുക്കേണ്ട ആവശ്യം വന്നപ്പോൾ ബാങ്കിൽ പോയിരുന്നു. പണം തരാൻ സാധിക്കില്ലെന്നാണ് അപ്പോൾ സെക്രട്ടറി പറഞ്ഞത്.പത്ത് ലക്ഷം രൂപയുടെ ആവശ്യമുണ്ടായിരുന്നു. കുറച്ച് ദിവസം കഴിഞ്ഞ് അഡ്വാൻസ് കൊടുക്കാനായി പണം തന്നു. പിന്നീട് മുഴുവൻ തുക കൊടുക്കേണ്ട സമയമായപ്പോഴേയ്ക്കും ബാങ്കിൽ നിന്നും പണം കിട്ടാത്ത അവസ്ഥയായി.
അങ്ങനെ പലതവണ ബാങ്കിൽ പോയി തിരിച്ച് കരഞ്ഞുകൊണ്ട് വരേണ്ട ഗതിയായി. അഞ്ച് ലക്ഷം രൂപ വീതം എല്ലാം മാസവും തരാമെന്ന് ബോർഡ് അംഗങ്ങൾ പറഞ്ഞു. ഒരു മാസം കഴിഞ്ഞപ്പോൾ അഞ്ച് ലക്ഷം തരാൻ കഴിയില്ലെന്നും പണമെല്ലാം ലോൺ ആയി കിടക്കുവാണെന്നും അവർ പറഞ്ഞു.പിന്നീട് മാസംതോറും മൂന്ന് ലക്ഷം വീതം തരാമെന്ന് പറഞ്ഞു. ജനുവരിയിൽ മൂന്ന് ലക്ഷം തന്നു. പിന്നീട് ഒരു ലക്ഷവും പലിശയും തരാമെന്ന് ബോർഡിലുളളവർ പറഞ്ഞു. അതും കൃത്യസമയത്ത് തന്നിട്ടില്ല. അവർ ഞങ്ങളെ അതുപോലെ ഉപദ്രവിച്ചിട്ടുണ്ട്. ചിലപ്പോൾ അവർ കടയിൽ വന്ന് പൈസ ഉണ്ടാകില്ലെന്ന് പറയും. ഒന്നര വർഷമായി സഹിക്കുന്നു.എനിക്ക് ഓപ്പറേഷൻ ചെയ്യേണ്ട അവസ്ഥ വന്നു. ഇൻഷൂറൻസ് കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ഞങ്ങൾ. അത് കിട്ടിയില്ല.
രണ്ട് ലക്ഷം രൂപയെങ്കിലും ശസ്ത്രക്രിയ്ക്ക് വേണം. മകൾ പോയി അപേക്ഷിച്ചപ്പോൾ 40,000 രൂപ തന്നു. പിന്നീട് ഒരു 40,000 കൂടി തന്നു. എൺപതിനായിരം രൂപ കൊണ്ട് എന്ത് ചെയ്യാനാണ്? ബാക്കി പണവും അടയ്ക്കണം. ഇതിന് രാവിലെ പത്ത് മണിക്ക് ചെന്നപ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടായത്. ബിനോയ് എന്ന വ്യക്തി, പോടാ പുല്ലേ എന്നുപറഞ്ഞ് തള്ളിവിട്ടെന്ന് സാബു ഞങ്ങളോട് പറഞ്ഞു. അവരുടേൽ പണമുണ്ട്. പക്ഷെ അവർ പിടിച്ചുവയ്ക്കുകയാണെന്ന് സാബു പറഞ്ഞിരുന്നു.അഡ്ജസ്റ്റ് ചെയ്യൂവെന്ന് സെക്രട്ടറി പറഞ്ഞു. ട്രാപ്പിൽ പെട്ടെന്ന് കരഞ്ഞുകൊണ്ട് സാബു പറഞ്ഞു. ബാങ്കിലുളളവർക്കെല്ലാം അംഗങ്ങൾക്കെല്ലാം അറിയാം. ജോയി വെട്ടിക്കുഴി സാറിനെ പോയി കാണാമെന്ന് മരിക്കുന്നതിന് മുൻപ് സാബു പറഞ്ഞിരുന്നു.
സ്ഥാപനം നശിക്കരുതെന്ന് കരുതി ഞാനാണ് എല്ലാവരും അറിയുമെന്ന് പറഞ്ഞ് ഇത്തിരി കൂടി കാത്തിരിക്കാമെന്ന് പറഞ്ഞത്. ഇങ്ങനെ പെട്ടുപോയവർ വേറെയുമുണ്ട്. ആ ബാങ്കിന്റെ പേര് കളയല്ലേ എന്ന് തലേദിവസവും ഞാൻ പറഞ്ഞിട്ടാണ് ആളെ കൂട്ടി പോകാതിരുന്നത്. രണ്ട് പിള്ളേരുണ്ട്. അവർ വേദനിച്ച് കഴിയുകയാണ്. ഇനിയാർക്കും ഇത്തരം ഒരു അവസ്ഥ ഉണ്ടാകരുത്'- മേരിക്കുട്ടി പറഞ്ഞു.കഴിഞ്ഞ ദിവസമാണ് സാബു സിപിഎം ഭരിക്കുന്ന കട്ടപ്പന സഹകരണബാങ്കിന് മുൻപിൽ ജീവനൊടുക്കിയത്. സാബുവിന്റെ മൃതദേഹത്തിൽ നിന്ന് ആത്മഹത്യക്കുറിപ്പും കണ്ടെടുത്തിരുന്നു. ജീവനക്കാർ അപമാനിച്ചെന്നും പിടിച്ചുതളളിയും അസഭ്യം പറഞ്ഞും മടക്കി അയച്ചെന്നുമാണ് കുറിപ്പിൽ പറയുന്നത്.കട്ടപ്പനയിൽ ജീവനൊടുക്കിയ നിക്ഷേപകൻ സാബുവിനെ സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് വിആർ സജി ഭീഷണിപ്പെടുത്തുന്നതിന്റെ ഫോൺ സന്ദേശം പുറത്ത് വന്നു. സിപിഎം കട്ടപ്പന മുൻ ഏരിയ സെക്രട്ടറിയാണ് വിആർ സജി
. താൻ ബാങ്കിൽ പണം ചോദിച്ച് എത്തിയപ്പോൾ ജീവനക്കാരനായ ബിനോയ് പിടിച്ച് തള്ളിയെന്ന് സാബു ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്. തിരിച്ച് ആക്രമിച്ചെന്ന് പറഞ്ഞ് അയാൾ പ്രശ്നം ഉണ്ടാക്കുകയാണെന്നും സാബു പറഞ്ഞു.ഈ മാസത്തെ പണത്തിൽ പകുതി നൽകിയിട്ടും ജീവനക്കാരനെ ഉപദ്രവിച്ചത് എന്തിനാണെന്നാണ് സജി തിരിച്ച് ചോദിക്കുന്നത്. വിഷയം മാറ്റാൻ നോക്കേണ്ടെന്നും അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞെന്നും പറഞ്ഞ സജി, 'പണി മനസിലാക്കി തരാം' എന്ന് സാബുവിനെ ഭീഷണിപ്പെടുത്തി. പണം തരാൻ ഭരണ സമിതിയും ജീവനക്കാരും ശ്രമിക്കുമ്പോൾ ഒരു ജീവനക്കാരനെ ആക്രമിച്ചത് ശരിയായില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഭീഷണി.കേസിൽ കട്ടപ്പന റൂറൽ ഡെവലപ്പ്മെന്റ് കോർപ്പറേറ്റീവ് സൊസൈറ്റി ഭരണ സമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. സാബു ബാങ്കിലെത്തിയ സമയത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇത് വിശദമായി പരിശോധിക്കും.
പ്രാഥമിക പരിശോധനയിൽ സാബുവും ജീവനക്കാരും തമ്മിൽ കയ്യേറ്റം ഉണ്ടായതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.ആത്മഹത്യാക്കുറിപ്പിൽ പേരുള്ള ബാങ്ക് സെക്രട്ടറി റെജി, ജീവനക്കാരായ ബിനോയ്, സുജമോൾ എന്നിവരുടെ മൊഴികളാണ് ആദ്യഘട്ടത്തിൽ രേഖപ്പെടുത്തുക. ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. വിദേശത്തുള്ള ബന്ധുക്കൾ എത്തിയ ശേഷമായിരിക്കും സംസ്കാരം.പിണറായിയുടെയും സി പി എമ്മിൻെറയും സഹകരണ ബാങ്കുകൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സൂപ്പർ ചെക്ക് തുടങ്ങിയിട്ട് കുറച്ചുനാളായി. അത് തുടങ്ങിയ കാലത്ത് തന്നെ നിക്ഷേപകർ കബളിപ്പിക്കപ്പെടരുതെന്ന് റിസർവ് ബാങ്ക് അറിയിച്ചതാണ്.
ആര്‍ബിഐ നിയന്ത്രണമില്ലാത്ത ധനകാര്യ സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തിയവരുടെ കോടികള്‍ തിരിച്ചുകിട്ടാതെപോയിട്ടുണ്ടന്ന് തുറന്നു പറഞ്ഞു കൊണ്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡയറക്ടര്‍ സതീഷ് മറാത്തെയാണ് രംഗത്തെത്തിയത്. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണങ്ങളില്‍ അല്ലാത്ത സഹകരണ സ്ഥാപനങ്ങളുള്‍പ്പെടെയുള്ള വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിക്ഷേപിച്ചവരുടെ 65,000 കോടി രൂപയാണ് ഇത്തരത്തില്‍ തിരിച്ചുനല്‍കാത്തതതെന്ന് സതീഷ് മറാത്തെ വ്യക്തമാക്കി.ഏതാനും മാസങ്ങൾക്ക് മുമ്പ്, ഇതുസംബന്ധിച്ച് കേന്ദ്ര മന്ത്രിസഭാഉപസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാണ്. റിസര്‍വ് ബാങ്ക് നിയന്ത്രണമില്ലാത്ത സ്ഥാപനങ്ങളില്‍ നിന്നാണ് നിക്ഷേപം തിരിച്ചുനല്‍കാത്തത്.
അതിനാല്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് മേലുള്ള റിസര്‍വ്വ് ബാങ്കിന്റെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് ഗുണകരമാവില്ലെന്നും അദ്ദേഹം പറഞ്ഞു. ജന്മഭൂമിയുടെ നേതൃത്വത്തില്‍ ബാങ്കിങ്, വ്യവസായ, വാണിജ്യ രംഗത്തുള്ളവരുമായി നടത്തിയ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു സതീഷ് മറാത്തെ.സ്വകാര്യ പണിമിടപാട് സ്ഥാപനങ്ങള്‍ക്ക് ബാങ്ക് എന്ന പേര് ഉപയോഗിക്കാന്‍ അധികാരമില്ല. കാരണം, ബാങ്ക് എന്ന പേരുകൊണ്ട് തെറ്റിദ്ധരിച്ച് നിക്ഷേപകര്‍ വഞ്ചിക്കപ്പെടുന്നുണ്ട്. അതു തടയാനാണ് ഈ തീരുമാനം. സഹകരണ ബാങ്കുകളിലും മറ്റും നിക്ഷേപം നടത്തുന്നവര്‍ ആ ബാങ്കുകളുടെ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ വായിച്ച് മനസിലാക്കി ബാങ്കിന്റെ വിശ്വാസ്യതയും ഭാവിയും ഉറപ്പാക്കണം. രാജ്യത്തെ 300 അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കുകള്‍ക്ക് ആര്‍ബിഐ സി റേറ്റിങ്ങാണ് നല്‍കിയിരിക്കുന്നത്. സി, ഡി റേറ്റിങ്ങുള്ള ബാങ്കുകളില്‍ നിക്ഷേപിക്കരുത്, മറാത്തെ പറഞ്ഞു.
ചുരുക്കി പറഞ്ഞാൽ സി പി എമ്മിൻ്റെ അഭിമാന സ്ഥാപനങ്ങളായ സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിച്ചാൽ അത് നഷ്ടപ്പെടുമെന്നാണ് ആർ.ബി.ഐ ഡയറക്ടർ പറഞ്ഞത്. രാജ്യത്തെ അർബൻ സഹകരണ ബാങ്കുകൾ ആർബിഐ നിയന്ത്രണത്തിലെത്തിയത് 2020 ലാണ്.ഇതുസംബന്ധിച്ച ഓർഡിനൻസിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകുകയായിരുന്നു.. അർബൻ സഹകരണ ബാങ്കുകളും മൾട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകളും ആർബിഐ നിയമങ്ങൾക്ക് വിധേയമാക്കുന്ന ഓർഡിനൻസിനാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. പ്രധാനമായും അർബൻ സഹകരണ ബാങ്കുകളെയാണ് ഓർഡിനൻസ് ബാധിക്കുക. ഇതുവഴി 1482 അർബൻ സഹകരണ ബാങ്കുകൾ, 58 മൾട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകൾ എന്നിവ റിസർവ് ബാങ്കിന്റെ കീഴിലാകും.
നേരത്തെ ഇതിന് സമാനമായ ബാങ്കിങ് റെഗുലേഷൻ ബിൽ കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചിരുന്നുവെങ്കിലും സഭാ സമ്മേളനം കോവിഡ് വ്യാപനം മൂലം വെട്ടിച്ചുരുക്കിയതിനാൽ അത് പാസാക്കാൻ സാധിച്ചിരുന്നില്ല. ഇതേതുടർന്നാണ് ഓർഡിനൻസ് കൊണ്ടുവന്നത്. സഹകരണ ബാങ്കുകളിൽ 8.6 കോടി ആളുകൾക്ക് 4.84 ലക്ഷം കോടിയുടെ നിക്ഷേപമാണ് ഉള്ളത്. നിയന്ത്രണാധികാരം പൂർണമായും റിസർവ് ബാങ്കിലേക്ക് പോകും.ഇതൊടെ മറ്റ് ഷെഡ്യൂൾഡ് ബാങ്കുകളെപ്പോലെ സഹകരണ ബാങ്കുകളും റിസർവ് ബാങ്ക് നിയമങ്ങൾക്ക് വിധേയമാകും. കിട്ടാക്കടം ഉൾപ്പെടെയുള്ള വിഷയങ്ങൾ നേരിട്ട് റിസർവ് ബാങ്ക് പരിശോധിക്കും.
സമീപകാലത്തായി ചില സംസ്ഥാനങ്ങളിൽ സഹകരണ ബാങ്കുകളിലുണ്ടായ തട്ടിപ്പുകളുടെ പശ്ചാത്തലത്തിലാണ് നിയന്ത്രണം കർശനമാക്കുന്നത്. ഇത് എന്തായാലും സി റേറ്റിംഗാണ് റിസർവ് ബാങ്ക് നൽകിയിരിക്കുന്നത്. സി, ഡി റേ റ്റിംഗുള്ള ബാങ്കുകളിൽ നിക്ഷേപിക്കരുതെന്നാണ് റിസർവ് ബാങ്ക് ഇപ്പോൾ പറഞ്ഞിരിക്കുന്നത്.അമിത് ഷാ രാജ്യത്തെ ആദ്യത്തെ കേന്ദ്ര സഹകരണ മന്ത്രിയായതോടെ ഇടതു മുന്നണി പരിഭ്രാന്തിയോടെ ഓട്ടം തുടങ്ങിയിരുന്നു.. തങ്ങളുടെ കൈപ്പിടിയിലുള്ള സഹകരണ ബാങ്കുകൾ നഷ്ടപ്പെട്ടുപോകുമോ എന്ന ഭയമാണ് ഇടതുമുന്നണികൾക്കുണ്ടായിരുന്നത്. അമിത് ഷായായിരുന്നു ഗുജറാത്തിലെ സഹകരണ ബാങ്കുകളെ കോൺഗ്രസിൽ നിന്നും അടർത്തി ബിജെപിയുടെ പിടിയിലാക്കിയത്.
സി.പി.എമ്മിന് ആധിപത്യമുള്ള സംസ്ഥാനത്തെ സഹകരണമേഖലയിലേക്ക് സംഘികൾ നുഴഞ്ഞുകയറുമെന്നാണ് സി പി എമ്മിൻറെ പേടി. കേന്ദ്രസർക്കാർ പരീക്ഷിക്കാൻ പോകുന്ന ‘നിധി’ ബാങ്കുകൾ സഹകരണ മേഖലയിലേക്കുള്ള ബി ജെ പി കടന്നുകയറ്റമാണെന്ന് സി പി എം വിശ്വസിക്കുന്നു. പാർട്ടി അംഗങ്ങളും അനുഭാവികളും ‘നിധി’യിൽ അംഗത്വം എടുക്കരുതെന്ന കർശന നിർദേശം സി.പി.എം. കീഴ്ഘടകങ്ങൾക്ക് നൽകിയിരുന്നു . സഹകരണം സംസ്ഥാനവിഷയമാണ്. എന്നാൽ കേന്ദ്രത്തിന് ഇടപെടാൻ ധാരാളം സാധ്യതകളുണ്ട്.മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾ, നിധി കമ്പനികൾ എന്നിവയെല്ലാം കേന്ദ്രസഹകരണ വകുപ്പിനു കീഴിൽ വരുന്നതാണ്.
സഹകരണ സംഘങ്ങൾക്ക് സ്വാശ്രയ ഗ്രൂപ്പുകൾ, കർഷക ഉത്പാദക കമ്പനികൾ, സംരംഭങ്ങൾ എന്നിവ തുടങ്ങാം. ഇതിന് നബാർഡ്, എൻ.സി.ഡി.സി., നാഫെഡ് തുടങ്ങിയ കേന്ദ്രഏജൻസികൾ സഹായം നൽകുന്നുണ്ട്.ഇതിൽ ഒരു അപകടമുണ്ട്. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സഹകരണസംഘങ്ങൾക്ക് കേരള ബാങ്ക് വഴിയാണ് ഇപ്പോൾ സഹായം ലഭ്യമാകുന്നത്. കേന്ദ്ര സർക്കാറിൽ രജിസ്റ്റർ ചെയ്യുന്ന സഹകരണ സംഘങ്ങൾക്ക് കേരള ബാങ്കിനെ ഒഴിവാക്കി കേന്ദ്ര ഏജൻസികളുടെ സഹായം നേരിട്ട് ലഭിക്കും. കോൺഗ്രസിനെ ഇല്ലാതാക്കാൻ ഗുജറാത്തിൽ അമിത് ഷാ കൊണ്ടുവന്ന സഹകരണ രാഷ്ട്രീയ പരീക്ഷണമാണ് ഇത്. സഹകാരികളെ കൂടെനിർത്തിയും പുതിയ അംഗങ്ങളെ ചേർത്ത് സംഘങ്ങളിൽ ഭരണം നേടിയും അവർ ഗുജറാത്തിലെ ഭരണം പിടിച്ചെടുത്തു.
സഹകരണസംഘങ്ങളുടെ സേവനവും സ്വാധീനവും മറയാക്കി ഒരു മണ്ഡലത്തിൽ പതിനായിരം വോട്ടുവരെ മറിക്കാൻ ബി.ജെ.പി.ക്ക് കഴിഞ്ഞു. ഗുജറാത്തിലെ ഭൂരിപക്ഷം സഹകരണ സംഘങ്ങളും ഇപ്പോൾ ബി.ജെ.പി. നിയന്ത്രണത്തിലാണ്.ബി.ജെ.പിയുടെ ലക്ഷ്യം വ്യക്തമാണ്. 200 അംഗങ്ങളാണ് ഒരു നിധി കമ്പനിയിൽ വേണ്ടത്. സ്വാശ്രയസംഘങ്ങളും കേന്ദ്രതലത്തിൽ രജിസ്റ്റർ ചെയ്യാനാകും. ഇതിലൂടെ സഹകരണ സംരംഭങ്ങൾ വരും. അതിന് കേന്ദ്രസഹായവും ലഭിക്കും. അതിന്റെ ഭാഗമാകുന്നവരും കുടുംബവും ബി.ജെ.പി.യോട് ചേർന്നുനിന്നാൽ പാർട്ടിയുടെ സ്വാധീനം വർധിപ്പിക്കാനാകും. കേരളത്തിൽ ഇത്തരമൊരു സംഭരം വളരെ വേഗം വിജയിക്കും. കാരണം കേരളം സഹകാരികളുടെ സംസ്ഥാനമാണ്.അർബൻ ബാങ്കുകളുടെ കാര്യത്തിൽ സംസ്ഥാന സഹകരണ രജിസ്ട്രാർക്ക് ഉണ്ടായിരുന്ന അവകാശങ്ങൾ റിസർവ്വ് ബാങ്കിനു കൈമാറിക്കൊണ്ട് 2020 സെപ്തംബറിൽ പാർലമെന്റ് നിയമം പാസ്സാക്കി.
അതു പ്രാഥമിക സഹകരണ ബാങ്കുകൾക്കു ബാധകമാക്കുന്നതിന് ഒരു പ്രത്യേക നോട്ടിഫിക്കേഷൻ മതിയാകും. അതിലൂടെ വൈദ്യനാഥൻ കമ്മിറ്റി നിർദ്ദേശിച്ചതും നമ്മൾ തിരസ്കരിച്ചതുമായ കാര്യങ്ങൾ അടിച്ചേൽപ്പിക്കാനാകും. ബാങ്ക് എന്ന വിശേഷണം ഇനി സഹകരണ പ്രസ്ഥാനങ്ങൾക്ക് ഉപയോഗിക്കാനാവില്ല. ഡെപ്പോസിറ്റുകൾ വോട്ട് അവകാശമുള്ള എ ക്ലാസ് അംഗങ്ങളിൽ നിന്നു മാത്രമേ സ്വീകരിക്കാനാവൂ. അല്ലാതെയുള്ള 60,000 കോടി രൂപയുടെ ഡെപ്പോസിറ്റ് തിരിച്ചു കൊടുക്കേണ്ടിവരും. ചെക്ക് പാടില്ല. വിത്ഡ്രോവൽ സ്ലിപ്പേ പാടുള്ളൂ. പുതിയ ബാങ്കിംഗ് റെഗുലേഷന്റെ പശ്ചാത്തലത്തിൽ ഒരു നോട്ടിഫിക്കേഷനിലൂടെ ഇവ നടപ്പാക്കാനാവും. സി പി എമ്മിൻ്റെ കള്ളപ്പണ റിസർവ് ബാങ്കാണ് സഹകരണ സ്ഥാപനങ്ങൾ. കോടി കണക്കിന് രൂപയാണ് പാർട്ടിയുടേതായും പാർട്ടി നേതാക്കളുടേതായും സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചിരിക്കുന്നത്. സഹകരണ ബാങ്കുകളിൽ കേന്ദ്ര സർക്കാരോ അതിൻ്റെ ഏജൻസികളോ എത്തിയാൽ സി പി എമ്മിൻ്റെ പല നേതാക്കളും അവരുടെ ബന്ധുക്കളും അകത്താകും.
ഏതായാലും പിണറായിയുടെ സഹകരണ ബാങ്കുകളെ പൊളിക്കാൻ തന്നെയാണ് നരേന്ദ്ര മോദിയും അമിത് ഷായും തീരുമാനിച്ചിരിക്കുന്നത് .വാസവൻ പിണറായിയുടെ വിശ്വസ്തനാണ്. അതിനാലാണ് അദ്ദേഹത്തെ സഹകരണ മന്ത്രിയാക്കിയത്.
സഹകരണ ബാങ്കുകളിലെ അഴിമതിയിൽ കേന്ദ്ര സർക്കാർ പിടി മുറുക്കിയത് കേരളത്തിലെ സി പി എം ഹുഡായിപ്പ് ഇല്ലാതാക്കാൻ വേണ്ടിയാണ്. കരുവന്നൂരിൽ വേഗത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്. കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണത്തിന് സ്വാഭാവികമായ കാലതാമസം ഉണ്ടാകാൻ സാധ്യതയുണ്ട്. അതാണ് കരുവന്നൂരിലും സംഭവിക്കുന്നത്. ഈ സാഹചര്യത്തിലാണ് ചതിക്കുഴിയിൽ പെടരുതെന്ന് റിസർവ് ബാങ്ക് ഉപദേശിച്ചത്. എന്നാൽ മലയാളികൾ ആവർത്തിച്ച് ചതിക്കുഴിയിൽ പെട്ടുകൊണ്ടിരിക്കുന്നു.
സഹകരണ ബാങ്കുകളിലെ പണം സി പി എം നേതാക്കൾ കൈയേറുന്നതാണ് നിക്ഷേപകർ കബളിപ്പിക്കപ്പെടാനുള്ള പ്രധാന കാരണം. തിരുവനന്തപുരത്ത് സി പി എം നിയന്ത്രണത്തിലുള്ള നേമം സർവീസ് സഹകരണ ബാങ്കിൽ നിന്നും കോടികളാണ് നഷ്ടമായത്. ഇതും റിസർവ് ബാങ്ക് സി. റേറ്റിംഗിലുള്ള ബാങ്കാണ്. സഖാക്കൾ തന്നെയാണ് ഇവിടെ നിന്നും പണം കൊണ്ടുപോയത്. ചുരുക്കത്തിൽ കേരളത്തിലെ സഹകരണബാങ്കുകൾ സഖാക്കളെ കോടിപതികളാക്കുന്നു.
https://www.facebook.com/Malayalivartha