അല്ലുവിന് മനസമാധാനം പോകുന്നു... അല്ലു അര്‍ജുന്റെ വാദം പൊളിച്ച് തെലങ്കാന പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടു; അല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; 8 പേര്‍ അറസ്റ്റില്‍
സൂപ്പര്‍ താരം അല്ലു അര്‍ജുനും തെലുങ്കാന സര്‍ക്കാരും തമ്മിലുള്ള അങ്കം തുടരുകയാണ്. പുഷ്പ 2 റിലീസ് ദിനം സ്ത്രീ മരിച്ച വിവരം പൊലീസ് അറിയിച്ചില്ലെന്ന നടന്‍ അല്ലു അര്‍ജുന്റെ വാദം പൊളിച്ച് തെല്ലങ്കാന പൊലീസ്. അല്ലു ഉണ്ടായിരുന്ന സന്ധ്യ തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പൊലീസ് പുറത്തുവിട്ടു. ഷോ പൂര്‍ത്തിയാകും മുന്‍പ് ഡിസിപിക്കൊപ്പം അല്ലു പുറത്തേക്ക് വരുന്നത് ദൃശ്യങ്ങളില്‍ ഉണ്ട്.
യുവതിയുടെ മരണത്തിന് പിന്നാലെ അല്ലുവിന്റെ മാനേജരോട് എസിപി വിവരം പറയുകയും നടന്‍ ഉടന്‍ മടങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പ്രതികരണം അനുകൂലം അല്ലാത്തതിനാല്‍ എസിപി തന്നെ നടനോട് നേരിട്ട് ആവശ്യപ്പെട്ടെങ്കിലും, ഷോ പൂര്‍ത്തിയാകും വരെ തിയേറ്ററില്‍ തുടരുമെന്ന് അല്ലു മറുപടി നല്‍കിയതായും പൊലീസ് പറഞ്ഞു. തുടര്‍ന്ന് എസിപി ഡിസിപിയെ ബാല്‍കാണിയിലേക്ക് വിളിച്ചു കൊണ്ടു വന്ന് നടനെ പുറത്തിറക്കിയെന്നാണ് പൊലീസ് വാദം.
അതേസമയം നടന്‍ അല്ലു അര്‍ജുന്റെ വസതിയില്‍ അതിക്രമം നടന്നു. ഹൈദരാബാദിലുള്ള നടന്റെ വീട്ടിലേക്ക് കയറിയ ഒരു കൂട്ടം യുവാക്കള്‍ ചെടിച്ചട്ടിയടക്കമുള്ളവ തല്ലിത്തകര്‍ക്കുകയായിരുന്നു. കല്ലുകളും തക്കാളിയുമൊക്കെ വലിച്ചെറിഞ്ഞുവെന്നും ജനല്‍ തകര്‍ത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ എട്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്.
പുഷ്പ 2ന്റെ റിലീസ് ദിനത്തില്‍ തിക്കിലും തിരക്കിലുംപെട്ട് മരിച്ച യുവതിയുടെ കുടുംബത്തിന് നീതി വേണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചാണ് ഗേറ്റിനുള്ളിലേക്ക് സംഘം കയറിയത്. ഒസ്മാനിയ യൂണിവേഴ്സിറ്റി ജോയിന്റ് ആക്ഷന്‍ കമ്മിറ്റി അംഗങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് ആരോപിക്കുന്നു.
ഡിസംബര്‍ നാലാം തീയതി പുഷ്പ 2 സിനിമയുടെ പ്രദര്‍ശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുമാണ് രേവതി എന്ന യുവതി മരിച്ചത്. അന്നത്തെ പ്രദര്‍ശനത്തിനിടെ അല്ലു അര്‍ജുനും തിയേറ്ററിലെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് വലിയ തിക്കും തിരക്കുമുണ്ടായത്. യുവതിയുടെ മകന് ഗുരുതരമായി പരിക്കേറ്റു. കുട്ടിയിപ്പോള്‍ കോമയില്‍ ചികിത്സയിലാണ്.
തിയേറ്ററിലെ തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവത്തില്‍ പോലീസ് അല്ലു അര്‍ജുനെതിരേ ദിവസങ്ങള്‍ക്ക് മുമ്പാണ് കേസെടുത്തത്. സംഭവം നടന്ന സന്ധ്യ തിയേറ്ററിലെ ജീവനക്കാരും കേസിലെ പ്രതികളാണ്. ഇതില്‍ രണ്ട് ജീവനക്കാരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തു. ഇതിനുപിന്നാലെ അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്തു. കീഴ്‌ക്കോടതി ജാമ്യം നിഷേധിച്ചതോടെ ഒരു രാത്രി ജയിലില്‍ കഴിയേണ്ടിവന്ന അല്ലു അര്‍ജുന്‍ ഇടക്കാല ജാമ്യത്തില്‍ പുറത്തിറങ്ങി.
പോലീസ് അനുമതി നിഷേധിച്ചിട്ടും പ്രീമിയര്‍ ഷോയില്‍ അല്ലു അര്‍ജുന്‍ പങ്കെടുക്കുകയായിരുന്നുവെന്നാണ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ആരോപിച്ചത്. തിയേറ്ററിലേക്ക് വന്നപ്പോഴും പുറത്തേക്ക് പോയപ്പോഴും തന്റെ കാറിന്റെ സണ്‍റൂഫിലൂടെ അല്ലു അര്‍ജുന്‍ ആരാധകരെ അഭിവാദ്യം ചെയ്തിരുന്നുവെന്നും താരത്തെ ഒരു നോക്കുകാണാനായി ആരാധകര്‍ തിക്കും തിരക്കും കൂട്ടിയതോടെ അപകടം സംഭവിക്കുകയായിരുന്നുവെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. യുവതിയുടെ മരണശേഷവും തിയേറ്റര്‍ വിടാതിരുന്ന അല്ലു അര്‍ജുനെ പോലീസ് നിര്‍ബന്ധിപ്പിച്ചാണ് പുറത്തിറക്കിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ ആരോപണത്തില്‍ അല്ലു അര്‍ജുന്‍ കഴിഞ്ഞ ദിവസം പ്രതികരണവുമായി രംഗത്ത് വന്നു. തിയേറ്റര്‍ മാനേജ്‌മെന്റിന്റെ അപേക്ഷയില്‍ പോലീസ് തങ്ങള്‍ക്ക് അനുവാദം നല്‍കിയിരുന്നു. പോലീസിന്റെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ അകത്ത് പ്രവേശിച്ചത്. അനുമതിയില്ലെന്ന് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ തിരിച്ചുപോകുമായിരുന്നു. നിയന്ത്രിക്കാന്‍ കഴിയാത്തത്ര ആള്‍ക്കൂട്ടമുണ്ടെന്നും അവിടെ നിന്ന് പോകണമെന്നും തന്റെ മാനേജറാണ് തന്നോട് പറഞ്ഞത്-അല്ലു അര്‍ജുന്‍ വ്യക്തമാക്കി.
അതേസമയം സിനിമകളുടെ പ്രചാരണത്തിന്റെ ഭാഗമായി താരങ്ങളുടെ തിയേറ്റര്‍ സന്ദര്‍ശനം അനുവദിക്കില്ലെന്ന് തെലങ്കാന നിയമസഭയില്‍ അറിയിച്ചിരിക്കുകയാണ് സിനിമാട്ടോഗ്രഫി വകുപ്പ് മന്ത്രി കോമാട്ടി റെഡ്ഡി വെങ്കട് റെഡ്ഡി. അധിക ഷോകള്‍ അനുവദിക്കില്ല. സിനിമാ വ്യവസായത്തിന്റെ പ്രോത്സാഹനത്തിനായി സര്‍ക്കാര്‍ പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്നത് തുടരും. പുഷ്പ 2 അടക്കം മുന്‍നിര താരങ്ങള്‍ അഭിനയിക്കുന്ന ബിഗ് ബജറ്റ് സിനിമകളുടെ നിരക്ക് വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി.
https://www.facebook.com/Malayalivartha