കെ.സ്മാര്‍ട്ട് സംവിധാനം ഏപ്രില്‍ മുതല്‍ എല്ലാ പഞ്ചായത്തുകളിലും നിലവില്‍ വരും....
നഗരങ്ങളിലെ തദ്ദേശസ്ഥാപനങ്ങളില്‍ നിന്നുള്ള സേവനം ആവശ്യക്കാര്‍ ഓഫീസിലെത്താതെ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്ന കെ.സ്മാര്‍ട്ട് സംവിധാനം ഏപ്രില്‍ മുതല്‍ എല്ലാ പഞ്ചായത്തുകളിലും നിലവില്‍ വരും. പരീക്ഷണാര്‍ത്ഥം ജനുവരി ഒന്നു മുതല്‍ തിരുവനന്തപുരം ജില്ല പഞ്ചായത്ത്, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, കരകുളം ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ നടപ്പാക്കും.
പഞ്ചായത്തുകളില്‍ ഉപയോഗിക്കുന്ന ഐ.എല്‍.ജി.എം.എസിന്റെ പോരായ്മകള്‍ പരിഹരിച്ചാണ് കെ.സമാര്‍ട്ട് എത്തുന്നത്. ഇന്‍ഫര്‍മേഷന്‍ കേരളാ മിഷനാണ് രണ്ട് സോഫ്റ്റുവെയറുകളും വികസിപ്പിച്ചത്. 941 ഗ്രാമപഞ്ചായത്തുകളിലെയും 152 ബ്ലോക്ക് പഞ്ചായത്തിലെയും 14 ജില്ലാ പഞ്ചായത്തിലെയും ജീവനക്കാര്‍ക്കുള്ള പരിശീലനം ജനുവരിയില്‍ ആരംഭിക്കും.
ഓണ്‍ലൈനായി എല്ലാ സേവനവും സമയബന്ധിതമായി പൂര്‍ത്തിയാക്കാനാവുന്ന സംവിധാനം പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടുമെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ഈ വര്‍ഷം ജനുവരി ഒന്നുമുതല്‍ നഗരസഭകളില്‍ നടപ്പാക്കിയ കെ സ്മാര്‍ട്ട് വിജയകരമായതോടെയാണ് പഞ്ചായത്തുകളിലും സജ്ജമാക്കുന്നത്.
കെ സ്മാര്‍ട്ട് പഞ്ചായത്തുകളിലും വിന്യസിക്കുന്നതോടെ ഇ ഗവേണന്‍സ് രംഗത്ത് കേരളത്തിന്റെ കുതിച്ചുചാട്ടമാകും. കെ സ്മാര്‍ട്ട് ദേശീയ തലത്തില്‍ ശ്രദ്ധ നേടിക്കഴിയുകയും ചെയ്തു.
https://www.facebook.com/Malayalivartha