കോട്ടയം എം.സി റോഡിൽ നിയന്ത്രണം നഷ്ടമായകാർ റോഡരികിൽ നിർത്തിയിട്ട മറ്റൊരു കാറിൽ ഇടിച്ച് മറിഞ്ഞ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കോട്ടയം എം.സി റോഡിൽ നിയന്ത്രണം നഷ്ടമായകാർ റോഡരികിൽ നിർത്തിയിട്ട മറ്റൊരു കാറിൽ ഇടിച്ച് മറിഞ്ഞ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കാട്ടാക്കട കിള്ളി അമീൻ മൻസിലിൽ പരേതനായ സൈനുലാത്തിന്റെ ഭാര്യ അനീഷ (54) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ 7.15 ഓടെ പള്ളം മാവിളങ്ങ് ജംഗ്ഷനിലെ പെട്രോൾ പമ്പിനു സമീപത്തായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തു നിന്നും വരികയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാർ നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞു. അനീഷക്കൊപ്പം മകൾ സബീന, മരുമകൻ നൗഷാദ്, നൗഷാദിന്റെ സുഹൃത്ത് പീർ മുഹമ്മദ് എന്നിവരും കാറിലുണ്ടായിരുന്നു. നൗഷാദ് ആണ് കാർ ഓടിച്ചിരുന്നത്. അപകടത്തെ തുടർന്ന് ഓടിക്കൂടിയ പ്രദേശവാസികളും ചിങ്ങവനം പൊലീസും ചേർന്ന് പരിക്കേറ്റവരെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അനീഷയുടെ ജീവൻ രക്ഷിക്കാനായില്ല.
കാൻസർ രോഗിയായിരുന്നു അനീഷ. പ്രമേഹവുമുണ്ടായിരുന്നു. കാലിൽ മുറിവുണ്ടായിരുന്നു. ഇതേതുടർന്ന് ചികിത്സയുടെ ഭാഗമായി തൃശൂരിലേക്ക് പോകവെയാണ് അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നതായി ചിങ്ങവനം പൊലീസ് പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. സംഭവത്തിൽ പൊലീസ് കേസെടുത്തു. മറ്റ് മക്കൾ: സജീല, ഷജീർ. മറ്റ് മരുമക്കൾ: ബഹദൂർ ഷാൻ, ഷമീല. സംസ്‌കാരം വിഴിഞ്ഞത്ത് നടത്തി.
https://www.facebook.com/Malayalivartha