കെ.കരുണാകരനെ അട്ടിമറിച്ചവര്‍ക്ക് ചരിത്രം മാപ്പു നല്‍കില്ല: ചെറിയാന്‍ ഫിലിപ്പ്
കേരളത്തില്‍ കോണ്‍ഗ്രസ് കെട്ടിപ്പടുക്കാന്‍ ഏറ്റവുമധികം ത്യാഗം സഹിച്ച കെ.കരുണാകരനെ രണ്ടു തവണ മുഖ്യമന്ത്രി പദത്തില്‍ നിന്നും അട്ടിമറിച്ചവര്‍ക്ക് ചരിത്രം മാപ്പു നല്‍കില്ല.
കരുണാകരന്റെ ചരമവാര്‍ഷികം ആചരിക്കുമ്പോഴെങ്കിലും അദ്ദേഹത്തെ വേട്ടയാടിയവര്‍ പശ്ചാത്തപിക്കേണ്ടതാണ്. രാജന്‍ കേസില്‍ കരുണാകരനെ കൊലയാളിയായും, ചാരവൃത്തിക്കേസില്‍ രാജ്യദ്രോഹിയായും ചിത്രീകരിച്ചവര്‍ മഹാപാപികളാണ്.
ചെയ്യാത്ത കുറ്റത്തിന്റെ പേരിലാണ് കരുണാകരനെ പലപ്പോഴും സ്വന്തം പാര്‍ട്ടിക്കാര്‍ പോലും ശിക്ഷിച്ചത്. ആരെയും തള്ളിപ്പറയാതെ അദ്ദേഹം എല്ലാ കുറ്റവും സ്വയം ഏറ്റെടുക്കുകയാണ് ചെയ്തത്. തന്നെ ക്രൂരമായി വിമര്‍ശിച്ച രാഷ്ട്രീയ നേതാക്കളോടും മാധ്യമങ്ങളോടും കരുണാകരന്‍ ഒരിക്കലും അസഹിഷ്ണത കാട്ടിയിട്ടില്ല.
തട്ടില്‍ എസ്റ്റേറ്റ് മാനേജറുടെ വധ കേസ്, അഴീക്കോടന്‍ രാഘവന്‍ വധ വിവാദം, രാജന്‍ വധ കേസ്, പാമോലിന്‍ അഴിമതി കേസ്, ഐ.എസ്.ആര്‍.ഒ ചാരവൃത്തി കേസ് എന്നിവയിലെല്ലാം ആരോപണ വിധേയനായ കരുണാകരന്‍ തന്റെ നിരപരാധിത്വം എന്നോട് മരണത്തിന് മുമ്പ് ദീര്‍ഘമായി വിശദീകരിച്ചിരുന്നു. വിശദമായ അന്വേഷണത്തിലൂടെ പിന്നീട് ഞാന്‍ കണ്ടെത്തിയ നിഗമനങ്ങള്‍ മുക്കാല്‍ ഭാഗവും എഴുതി പൂര്‍ത്തിയാക്കിയ 'ചരിത്രത്തിനൊപ്പം ' എന്ന എന്റെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 125 അദ്ധ്യായങ്ങളുള്ള ചരിത്രപരമായ അനുഭവ സാക്ഷ്യമായ ഈ പുസ്തകം 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശേഷം അന്നത്തെ കേരള മുഖ്യമന്ത്രി പ്രകാശനം ചെയ്യും. 1982-ല്‍ പ്രസിദ്ധീകരിച്ച ഇപ്പോഴും വിപണിയിലുള്ള 'കാല്‍ നൂറ്റാണ്ട്' എന്ന കേരള ചരിത്ര ഗ്രന്ഥത്തിന്റെ പിന്തുടര്‍ച്ചയായിരിക്കും ഇത്.
കെ.കരുണാകരന്റെ പാവനസ്മരണയ്ക്കു മുമ്പില്‍ 14ാം ചരമവാര്‍ഷിക ദിനത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു. (ഫേസ് ബുക്ക് പോസ്റ്റ്)
https://www.facebook.com/Malayalivartha