പെരിയ ഇരട്ടക്കൊലക്കേസ്: കേസിന്റെ വാദം പൂര്‍ത്തിയായി; സിബിഐ കോടതി വിധി ഡിസംബര്‍ 28ന്
പെരിയ ഇരട്ടക്കൊലക്കേസിന്റെ വാദം പൂര്‍ത്തിയായി. പ്രത്യേക സിബിഐ കോടതി ഡിസംബര്‍ 28ന് വിധി പറയും. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാല്‍, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം നേതാക്കളാണ് പ്രതികള്‍. മുന്‍ എംഎല്‍എയും സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി.കുഞ്ഞിരാമന്‍, സിപിഎം ഉദുമ ഏരിയ സെക്രട്ടറി കെ.എം.മണികണ്ഠന്‍, പെരിയ ലോക്കല്‍ സെക്രട്ടറി ബാലകൃഷ്ണന്‍ എന്നിവരുള്‍പ്പെടെ 24 പ്രതികളാണ് കേസിലുള്ളത്.
പി.പീതാംബരനാണ് കേസിലെ ഒന്നാംപ്രതി. കെ.വി.കുഞ്ഞിരാമന്‍ ഇരുപതാം പ്രതിയാണ്. 1300 ഓളം പേജുള്ള കുറ്റപത്രമാണ് സിബിഐ കോടതിയില്‍ നല്‍കിയത്. സിബിഐക്ക് വേണ്ടി ബോബി ജോസഫ്, കാഞ്ഞങ്ങാട് ബാറിലെ അഭിഭാഷകന്‍ കെ.പത്മനാഭന്‍ എന്നിവരും പ്രതിഭാഗത്തിന് വേണ്ടി നിക്കോളാസ്, സി.കെ.ശ്രീധരന്‍ തുടങ്ങിയ അഭിഭാഷകരും കോടതിയില്‍ ഹാജരായി.
2019 ഫെബ്രുവരി 17ന് രാത്രി കല്യോട് കൂരാങ്കര റോഡിലാണ് ശരത്ലാലും കൃപേഷും വെട്ടേറ്റു മരിച്ചത്. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ ആദ്യം 14 പേരെ പ്രതികളാക്കുകയും 11 സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒന്നാംപ്രതി പീതാംബരനടക്കം 11 പ്രതികള്‍ അഞ്ചര വര്‍ഷത്തിലേറെയായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ശരത് ലാലിന്റെയും ക്യപേഷിന്റെയും കുടുംബം നടത്തിയ നിയമപോരാട്ടത്തെത്തുടര്‍ന്ന് സുപ്രീംകോടതി കേസന്വേഷണം സിബിഐക്ക് കൈമാറി.
സിബിഐ അന്വേഷണത്തില്‍ 10 സിപിഎം പ്രവര്‍ത്തകരെക്കൂടി പ്രതിചേര്‍ത്തു. ഇതില്‍ 5 പേര്‍ 2021 ഡിസംബറില്‍ അറസ്റ്റിലായി. ഇവരിപ്പോള്‍ കാക്കനാട് ജയിലിലാണ്. മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമനുള്‍പ്പെടെയുള്ള 5 പേര്‍ ജാമ്യമെടുത്തു. 2023 ഫെബ്രുവരിയില്‍ ആരംഭിച്ച വിചാരണ ഒരു വര്‍ഷവും എട്ടു മാസവും പിന്നിട്ടാണ് പൂര്‍ത്തിയാക്കിയത്. ഇരുനൂറ്റന്‍പതോളം സാക്ഷികളുണ്ടായിരുന്ന കേസില്‍ പ്രോസിക്യൂഷന്‍ 154 സാക്ഷികളെ വിസ്തരിച്ചു. ശാസ്ത്രീമായ തെളിവുകളും ആയുധങ്ങളും രക്തംപുരണ്ട വസ്ത്രങ്ങളും കോടതിയില്‍ ഹാജരാക്കി.
ആദ്യം ബേക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ ആദ്യഘട്ടത്തില്‍ 14 പേര്‍ അറസ്റ്റിലായിരുന്നു. പിന്നീട് ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബങ്ങള്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി അന്വേഷണച്ചുമതല സിബിഐക്ക് കൈമാറി. തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ 10 പേരെ കൂടി പ്രതിചേര്‍ക്കുകയും 5 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
https://www.facebook.com/Malayalivartha