മീഡിയ സെന്റര്‍, ഐ&പി.ആര്.ഡി. സന്നിധാനം: അന്നദാനമണ്ഡപത്തിന് അഴകായി മനുവിന്റെ അയ്യപ്പചിത്രങ്ങള്‍
പതിനായിരങ്ങളുടെ വിശപ്പകറ്റുന്ന സന്നിധാനത്തെ അന്നദാനമണ്ഡപത്തിന് അഴകേറ്റി അയ്യപ്പചിത്രങ്ങള്‍. മണ്ഡലകാലം ആരംഭിച്ചപ്പോള്‍ മുതല്‍ കൊട്ടാരക്കര ചേകം സ്വദേശിയായ മനു വരച്ചുതുടങ്ങിയ അയ്യപ്പചിത്രങ്ങള്‍ അന്നദാനമണ്ഡപത്തിന്റെ ചുവരുകളില്‍ നിറങ്ങള്‍ ചാലിച്ചു നിറഞ്ഞു നില്‍ക്കുകയാണ്. ഭിന്നശേഷിക്കാരനായ മനു തന്റെ പരിമിതികളെ ഛായം പൂശിയ ബ്രഷില്‍ തൂത്തെറിഞ്ഞാണ് ചിത്രങ്ങള്‍ അയ്യപ്പനു സമര്‍പ്പിക്കുന്നത്. 30 അടി നീളത്തിലും 20 അടി വീതിയിലും പൂര്‍ത്തിയാക്കിയ സന്നിധാനത്തിന്റെ പശ്ചാത്തലത്തിലുള്ള അയ്യപ്പവിഗ്രഹത്തിന്റെ കൂറ്റന്‍ ചിത്രം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഇന്നലെ (ഡിസംബര്‍ 23) അനാവരണം ചെയ്തു. ദിവസം ഒരു ചിത്രം എന്ന നിലയിലാണ് വരയ്ക്കുന്നതെങ്കിലും ഒരാഴ്ച എടുത്താണ് രണ്ടുനിലകെട്ടിടത്തേക്കാള്‍ ഉയരമുള്ള ഈ ചിത്രം പൂര്‍ത്തിയാക്കിയത്.
ഇതേവലുപ്പത്തില്‍ പുലിവാഹനമേറിയ അയ്യപ്പന്റെ മറ്റൊരു ചിത്രം അന്നദാനമണ്ഡത്തിന്റെ വലത്തേയറ്റത്തെ ചുമരിലും മനു വരച്ചുപൂര്‍ത്തിയാക്കി. അയ്യപ്പചരിതം ചിത്രങ്ങളിലൂടെ പറയുന്നതിനാണ് മനു സന്നിധാനത്തെത്തിയത്. 14 ചിത്രങ്ങളാണ് ലക്ഷ്യമിട്ടിട്ടുള്ളത്. രണ്ടു വലിയ ചിത്രങ്ങളടക്കം ഒന്‍പതെണ്ണം പൂര്‍ത്തിയാക്കി. ബാക്കിയുള്ളവ രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കും.
ജന്മനാ വലത്തേകൈയുടെ മുട്ടിനു താഴോട്ടില്ലാത്ത മനു ഇടംകൈകൊണ്ടാണ് വരയ്ക്കുന്നത്. വലംകൈയുടെ ശേഷിക്കുന്ന ഭാഗം കഴിഞ്ഞവര്‍ഷം ജോലിക്കിടെ ഉണ്ടായ അപകടത്തില്‍പ്പെട്ട് ഒടിഞ്ഞ് ഉള്ളില്‍ കമ്പിയിട്ടിരിക്കുകയാണ്. കാലിനും ജന്മനാ സ്വാധീനക്കുറവാണ്. ഈ പരിമിതികളെ അതിജീവിച്ചാണ് വലിയ ഉയത്തില്‍ കയറി കൂറ്റന്‍ ചിത്രങ്ങള്‍ വരയ്ക്കുന്നത്.
സന്നിധാനത്തെ കനത്തവെയില്‍ കാരണം രാത്രിയിലാണ് ചിത്രം വരയ്ക്കല്‍. മാളികപ്പുറത്തും, ദേവസ്വം ഓഫീസിലും സന്നിധാനത്തും ചിത്രങ്ങള്‍ വരയ്ക്കണമെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നാല്പതു വയസായ മനു ജീവിതത്തിലാദ്യമായാണ് ശബരിമല കയറിയെത്തുന്നത്. എത്രയോ വലിയ കലാകാരന്മാര് ഉണ്ടായിട്ടും തനിക്കു മാത്രമാണ് ഈ ഭാഗ്യം ലഭിച്ചതെന്നും കടുത്ത സാമ്പത്തികപ്രയാസത്തില്‍ ജീവിക്കുന്ന തനിക്ക് അയ്യപ്പന് തുണ കാട്ടുമെന്നും മനു പറയുന്നു. ഭാര്യയും രണ്ടു മക്കളും ഉള്ള മനു വാഹനങ്ങള്‍ക്ക് പെയിന്റിങ്ങ് പണി എടുത്താണ് ജീവിച്ചിരുന്നത്. നമ്പര്‍ പ്ളേറ്റുകള്‍ സംബന്ധിച്ചുള്ള നയം മാറിയതോടെ ജീവിതം പ്രതിസന്ധിയിലായി. പിന്നീട് റബര്‍ ടാപ്പിങ് അടക്കമുള്ള പണികള്‍ പോയി. പിടവൂര്‍, മഹാവിഷ്ണുക്ഷേത്രം, കൊട്ടാരക്കര ഗണപതി ക്ഷേത്രം, പന്തളം കൊട്ടാരം എന്നിവിടങ്ങളിലെല്ലാം മനു ഇത്തരം ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. മനുവിന്റെ ചിത്രങ്ങളെക്കുറിച്ചറിഞ്ഞ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്താണ് ഇക്കുറി ശബരിമലയിലേക്ക് ക്ഷണിക്കുന്നത്.
https://www.facebook.com/Malayalivartha