മാര്‍പ്പാപ്പ എത്തും... വലിയ മാറ്റങ്ങളുടെ തുടക്കമായി ക്രൈസ്തവ സഭാ നേതാക്കളുമൊത്ത് ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്മസ് ആഘോഷം
ക്രൈസ്തവ വിശ്വാസികളെ ബിജെപിയ്‌ക്കെതിരെ തിരിച്ചു വിടാന്‍ ശ്രമം നടക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിസ്തുമസ് ആഘോഷത്തിനെത്തി. ക്രൈസ്തവ സഭാ നേതാക്കളുമൊത്ത് ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്മസ് ആഘോഷം. സിബിസിഐ ആസ്ഥാനത്ത് നടന്ന ആഘോഷത്തില്‍ വിവിധ കത്തോലിക്ക സഭകളുടെ പ്രമുഖരടക്കം മൂന്നോറോളം പേര്‍ പങ്കെടുത്തു.
സഭാ നേതാക്കള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാന്‍ കഴിഞ്ഞത് ഭാഗ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സ്‌നേഹവും സാഹോദര്യവുമാണ് ക്രിസ്തുവിന്റെ സന്ദേശം. അത് ശക്തിപ്പെടുത്താന്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാമെന്നും സമൂഹത്തില്‍ അക്രമം നടത്തുന്ന ശ്രമങ്ങളില്‍ വേദനയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. സമൂഹത്തില്‍ അക്രമം പടര്‍ത്തുന്നവര്‍ക്കെതിരെ ഒന്നിച്ച് നില്‍ക്കാന്‍ ക്രൈസ്തവ സഭകളോട് നരേന്ദ്ര മോദി അഭ്യര്‍ത്ഥിച്ചു.
ജര്‍മ്മനിയിലെ ക്രിസ്മസ് മാര്‍ക്കറ്റില്‍ അടക്കം നടന്ന അക്രമങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മോദി സിബിസിഐ ആസ്ഥാനത്ത് നടത്ത ക്രിസ്മസ് ആഘോഷത്തില്‍ ഇക്കാര്യം പറഞ്ഞത്. ദാരിദ്ര്യത്തിനെതിരെ ഇന്ത്യ നടത്തുന്ന യുദ്ധം യേശുക്രിസ്തുവിന്റെ വചനങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നതാണെന്നും മോദി പറഞ്ഞു.
വൈകിട്ട് ആറരയ്ക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ദില്ലിയിലെ സിബിസിഐ ആസ്ഥാനത്ത് എത്തിയത്. കത്തോലിക്ക സഭകളുടെ പ്രധാന നേതാക്കള്‍ ചേര്‍ന്ന് മോദിയെ സ്വീകരിച്ചു. ഒന്നര മണിക്കൂര്‍ അദ്ദേഹം സിബിസിഐ ആസ്ഥാനത്ത് ഉണ്ടായിരുന്നു. കുട്ടികളുടെ ക്രിസ്മസ് ഗാനങ്ങളും സ്റ്റീഫന്‍ ദേവസിയുടെ സംഗീതവും ഒക്കെ മോദി കേട്ടിരുന്നു. മന്ത്രി ജോര്‍ജ് കുര്യന്റെ വീട്ടിലെ ആഘോഷങ്ങളില്‍ പങ്കെടുത്തത് ചൂണ്ടിക്കാട്ടിയാണ് മോദി പ്രസംഗം തുടങ്ങിയത് മാര്‍പ്പാപ്പയെ രണ്ട് തവണ കണ്ടെന്നും ഇന്ത്യയിലേക്ക് ക്ഷണിച്ചെന്നും മോദി വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനിലും യെമനിലും ബന്ദികളായിരുന്ന ഫാദര്‍ അലക്‌സ് പ്രേം ഫാദര്‍ ടോം ഉഴുന്നാലില്‍ എന്നിവരെ രക്ഷിക്കാനായത് ഇന്നത്തെ ഇന്ത്യയ്ക്ക് എന്ത് ചെയ്യാന്‍ കഴിയും എന്നതിന് തെളിവാണെന്ന് മോദി പറഞ്ഞു. യേശു ക്രിസ്തു നല്‍കിയത് സ്‌നേഹത്തിന്റെ സാഹോദര്യത്തിന്റെയും സന്ദേശമാണ് എന്നാല്‍ സമൂഹത്തില്‍ ഭിന്നതയും അക്രമവും ചില ശക്തികള്‍ നടത്തുന്നത് തന്നെ വേദനിപ്പിക്കുന്നു എന്ന് വ്യക്തമാക്കിയാണ് ശ്രീലങ്കയിലെ പള്ളികളിലും ജര്‍മ്മനിയിലെ ക്രിസ്മസ് മാര്‍ക്കറ്റില്‍ അടുത്തിടെ നടന്ന ആക്രമണവും മോദി പരാമര്‍ശിച്ചത്.
പുതിയ കര്‍ദ്ദിനാല്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടിനെ മോദി ചടങ്ങില്‍ ആദരിച്ചു. ഇന്ത്യയില്‍ നിന്നൊരാള്‍ക്ക് ഈ അംഗീകാരം കിട്ടിയതില്‍ ഏറെ സന്തോഷമുണ്ടെന്നും മോദി അറിയിച്ചു. സിബിസിഐ അധ്യക്ഷന് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, കര്‍ദ്ദിനാള്‍മാരായ മാര്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, മാര്‍ ആന്റണി പൂല, മാര്‍ ബസേലിയോസ് ക്ലിമിസ്, മാര്‍ ജോര്‍ജ് കൂവക്കാട്ട്, മാര്‍ ജോര്‍ജ് ആലഞ്ചേരി, മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, ദില്ലി ആര്‍ച്ച് ബിഷപ്പ് മാര്‍ അനില്‍ കൂട്ടോ, ആര്‍ച്ച് ബിഷപ്പ് ജോര്‍ജ്ജ് ആന്റണി സാമി, ബിഷപ്പ് ജോസഫ് മാര്‍ തോമസ്, ഫാദര്‍ മാത്യു കോയിക്കല്‍ തുടങ്ങിയവര്‍ ഈ ആഘോഷതതില്‍ പങ്കെടുത്തു.
മന്ത്രി ജോര്‍ജ് കുര്യന്‍, രാജീവ് ചന്ദ്രശേഖര്‍, അല്‍ഫോണ്‍സ് കണ്ണന്താനം, ടോം വടക്കന്‍, അനില്‍ ആന്റണി, അനൂപ് ആന്റണി, ഷോണ്‍ ജോര്‍ജ് തുടങ്ങിയവരും പരിപാടിക്കെത്തിയിരുന്നു. മണിപ്പൂര്‍ അടക്കമുള്ള വിവാദ വിഷയങ്ങള്‍ ചര്‍ച്ചയായില്ല. ക്രിസ്ത്യന്‍ നേതൃത്വവുമായുള്ള ബന്ധം ശക്തമാക്കാന്‍ ആഗ്രഹിക്കുന്നു എന്ന സന്ദേശം തന്നെയാണ് മോദി തുടര്‍ച്ചയായ ഈ നീക്കങ്ങളിലൂടെ നല്‍കുന്നത്.
" f
https://www.facebook.com/Malayalivartha