മാധ്യമങ്ങള്‍ക്ക് ഒരു അജന്‍ഡയുണ്ടെന്ന് എനിക്കറിയാം: സംസ്ഥാന സെക്രട്ടറി എനിക്കെതിരെ പറഞ്ഞുവെന്ന വാര്‍ത്ത പത്രക്കാര്‍ പരിശോധിക്കണം; എന്നോട് എന്തിനാണ് ഇത്ര വിരോധം?
മാധ്യമങ്ങള്‍ക്ക് ഒരു അജന്‍ഡയുണ്ടെന്ന് എനിക്കറിയാം, സംസ്ഥാന സെക്രട്ടറി എനിക്കെതിരെ പറഞ്ഞുവെന്ന വാര്‍ത്ത പത്രക്കാര്‍ പരിശോധിക്കണമെന്നുമ തന്നെയും പാര്‍ട്ടിയേയും തകര്‍ക്കാന്‍ ചിലര്‍ പ്ലാന്‍ ചെയ്തു പുറപ്പെട്ടിട്ടുണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍. ഇതിനായി ഒരു ആലോചന നടന്ന കാര്യം അറിയാമെന്നും അതുകൊണ്ടൊന്നും തകര്‍ന്നുപോകില്ലെന്നും ജയരാജന്‍ ഒരു മാധ്യമത്തോട് പറഞ്ഞു. തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തനിക്കെതിരെ സംസാരിച്ചെന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തയും അദ്ദേഹം നിഷേധിച്ചു.
''മാധ്യമങ്ങള്‍ക്ക് ഒരു അജന്‍ഡയുണ്ടെന്ന് എനിക്കറിയാം. ആ അജന്‍ഡ സിപിഎമ്മിനെ തകര്‍ക്കുകയും സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുകയുമാണ്. അതിനാലാണ് എനിക്കും ശശിക്കും മുഖ്യമന്ത്രിക്കുമെതിരെ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ടൊന്നും ഞങ്ങള്‍ ദുര്‍ബലരാവില്ല. സംസ്ഥാന സെക്രട്ടറി എനിക്കെതിരെ പറഞ്ഞുവെന്ന വാര്‍ത്ത പത്രക്കാര്‍ പരിശോധിക്കണം. എന്നോട് എന്തിനാണ് ഇത്ര വിരോധം? ഇതൊക്കെ തെറ്റായ നിലപാടാണ്. എന്നെ വ്യക്തിഹത്യ നടത്തുകയാണ്. ഇനി വാര്‍ത്തകള്‍ വന്നാല്‍ ഞാന്‍ നിഷേധിക്കില്ല. നിങ്ങള്‍ എന്തുവേണമെങ്കിലും കൊടുത്തോളൂ'' - ജയരാജന്‍ പറഞ്ഞു.
താന്‍ പങ്കെടുത്ത വയനാട് ജില്ലാ സമ്മേളനം നല്ല രീതിയിലാണ് നടന്നത്. ജില്ലാ സെക്രട്ടറിയെ മാറ്റിയതല്ല. സമ്മേളനം ഏകകണ്‌ഠേനയാണ് റഫീഖിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. അവിടെ തിരഞ്ഞെടുപ്പൊന്നും നടന്നിട്ടില്ല. റഫീഖിന്റെ പേര് വന്നപ്പോള്‍ എല്ലാവരും ചേര്‍ന്നാണ് അംഗീകരിച്ചതെന്നും ജയരാജന്‍ പറഞ്ഞു.
മലബാറിലെ സിപിഎം ജില്ലാ സമ്മേളനങ്ങളില്‍ പങ്കെടുക്കുമെന്നും ജയരാജന്‍ പറഞ്ഞു. ''കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സമ്മേളനങ്ങളില്‍ ഞാന്‍ പങ്കെടുക്കും. രണ്ട് ടീമായി തിരിഞ്ഞാണ് നേതാക്കള്‍ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നത്. രണ്ട് ടീമിന്റെയും തലപ്പത്ത് ഒരു പോളിറ്റ് ബ്യൂറോ അംഗമുണ്ട്. മലബാര്‍ ടീമിലാണ് ഞാനുള്ളത്.''
ഇ.പി.ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്നു മാറ്റിയത് പ്രവര്‍ത്തനത്തിലെ പോരായ്മ കൊണ്ടാണെന്നായിരുന്നു എം.വി.ഗോവിന്ദന്‍ ഇന്നലെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ സംഘടനാ റിപ്പോര്‍ട്ടിലുള്ള മറുപടിയില്‍ പറഞ്ഞത്. ഇ.പിയുടെ പ്രവര്‍ത്തനത്തില്‍ നേരത്തെ പോരായ്മയുണ്ടായിരുന്നു. പോരായ്മ പരിഹരിച്ചു മുന്നോട്ടു കൊണ്ടുപോകാനുള്ള പരിശ്രമം പാര്‍ട്ടി നടത്തി. എന്നാല്‍ അതിനു ശേഷവും തിരഞ്ഞെടുപ്പ് സമയത്ത് വിവാദങ്ങള്‍ ഉണ്ടാക്കി. അതിന്റെ കൂടി അടിസ്ഥാനത്തിലാണ് പദവിയില്‍നിന്നു മാറ്റിയതെന്നായിരുന്നു ഗോവിന്ദന്റെ വിശദീകരണം.
https://www.facebook.com/Malayalivartha