ആർ. എസ്. എസ് നേതാവായിരുന്ന രാജേന്ദ്ര വിശ്വനാഥ് ആർലെകറെ കേരള ഗവർണർ ആക്കിയതിന് പിന്നിൽ... നരേന്ദ്രമോദിക്കും അമിത് ഷാക്കും ഒരു ലക്ഷ്യമുണ്ട്... പിണറായി വിജയനുള്ള യമണ്ടൻ പണിയാണ് ഇത്...
ആർ. എസ്. എസ് നേതാവായിരുന്ന രാജേന്ദ്ര വിശ്വനാഥ് ആർലെകറെ കേരള ഗവർണർ ആക്കിയതിന് പിന്നിൽ നരേന്ദ്രമോദിക്കും അമിത് ഷാക്കും ഒരു ലക്ഷ്യമുണ്ട്. അത് പിണറായി വിജയനുള്ള ഗമണ്ടൻ പണിയാണ്. ഇതു വരെ കണ്ടതൊന്നുമല്ല മോനേ വിജയാ കളിയെന്ന് ആർലെകർ കാണിച്ചുതരും. ബി.ജെ പിക്ക് ഒരു പാർലെമെന്റ് സീറ്റ് വാങ്ങിയ നൽകിയ ആരിഫ് മുഹമ്മദ് ഖാനെ ബീഹാർ ഗവർണറാക്കിയതിലൂടെ അദ്ദേഹത്തെ കേന്ദ്രം ആദരിക്കുകയും ചെയ്തു.കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലെകറെ നിയമിച്ചത് പെട്ടെന്നാണ്. നിയമനം വരെ വാർത്തകൾ പുറത്തുപോയിരുന്നില്ല. നിലവിൽ ബിഹാർ ഗവർണറാണ് ആർലെകർ. മറ്റ് 3 സംസ്ഥാനങ്ങളിലെ ഗവർണർമാർക്കും മാറ്റമുണ്ട്. ഒഡിഷ, മിസോറം, മണിപ്പുർ എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ ഗവർണർമാരെ നിയമിക്കുന്നത്.
സംസ്ഥാന സർക്കാരുമായി വിവിധ വിഷയങ്ങളിൽ അഭിപ്രായ ഭിന്നത തുടരുന്നതിനിടെയാണ് ആരിഫ് മുഹമ്മദ് ഖാന്റെ മാറ്റം. 2019 സെപ്റ്റംബർ 6ന് കേരള ഗവർണറായി ചുമതലയേറ്റ ആരിഫ് മുഹമ്മദ് ഖാന്‍, രണ്ടു പിണറായി സർക്കാരുകളുടെ കാലത്തായി അഞ്ചുവർഷവും സർക്കാരുമായി നേരിട്ടുള്ള പോരാട്ടത്തിലായിരുന്നു.ഗോവ സ്വദേശിയായ ആർലെകർ നേരത്തെ ഹിമാചൽ പ്രദേശ് ഗവർണറായും ഗോവയിൽ വനം–പരിസ്ഥിതി മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കുട്ടിക്കാലം മുതൽ ആർഎസ്എസ് അനുഭാവിയായ ആർലെകർ 1989ലാണ് ബിജെപിയിൽ ചേർന്നത്. 1980 മുതൽ ഗോവയിലെ ബിജെപിയിലെ പ്രധാന നേതാക്കളിലൊരാളാണ്. ഗോവ നിയമസഭയെ ഇന്ത്യയിലെ ആദ്യ പേപ്പർ രഹിത നിയമസഭയാക്കി മാറ്റുന്നതിൽ മുഖ്യ പങ്കുവഹിച്ചത് ആർലെകറാണ്.
2015ൽ വനം പരിസ്ഥിതി മന്ത്രിയായും ചുമതലയേറ്റു. 2021 ജൂലൈ 6നാണ് അദ്ദഹം ഹിമാചൽ പ്രദേശ് ഗവർണറായത്. ആർ എസ് എസ് നേതാവ് എന്ന നിലയിൽ ആദർശത്തിൽ അടിയുറച്ച ജീവിതമാണ് ആർലെ കറിന്റേത്. ആരിഫ് മുഹമ്മദ് ഖാൻ ഒരളവു വരെ പിണറായിയുമായി ഏതെങ്കിലുമൊക്കെ അവസരങ്ങളിൽ വിട്ടു വീഴ്ച ചെയ്തിരുന്നു. എന്നാൽ പുതിയ ഗവർണർ അങ്ങനെയല്ല.2026 ൽ കേരളം നിയമസഭാ തിരഞ്ഞടുപ്പിന് ഒരുങ്ങുമ്പോഴാണ് ആർലെകറെ കോളത്തിലേക്ക് കൊണ്ടു വരുന്നത്. ഒരു കാരണവശാലും പിണറായിയുമായി രമ്യത പുലർത്തേണ്ട എന്ന സന്ദേശമാണ് പുതിയ ഗവർണർക്ക് നൽകുക. 2026 ൽ മൂന്നോ നാലോ സീറ്റുകളെങ്കിലും വാങ്ങി നൽകണം എന്നാണ് ബി ജെ പിയുടെ ആഗ്രഹം.
അതിനു വേണ്ടി സുസജ്ജനായ ഒരാളെ കണ്ടെത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. പിണറായിക്കും ഇതിൽ ഭയം തോന്നി തുടങ്ങിയിട്ടുണ്ട്. കാരണം അമിത് ഷായുടെ വിശ്വസ്തനാണ് ഗവർണർ. അമിത് ഷാ പിണറായി ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത നേതാവാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി വിചാരിച്ചിട്ട് പോലും ഇതിൽ ഒരു മാറ്റവും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. അമിത് ഷാ പുതിയ ഗവർണർക്ക് മാർഗ നിർദ്ദേശം നൽകുമെങ്കിലും അത് തനിക്ക് വിനയാകുമെന്നും പിണറായിക്ക് അറിയാം. ഇതിനേക്കാൾ ഭേദം ആരിഫ് മുഹമ്മദ് ഖാനാണെന്ന് പിണറായി കരുതുന്ന നാളുകൾ ദൂരെയല്ല.ബി ജെ പി നേതാവും ഗോവ മുഖ്യമന്ത്രിയുമായിരുന്ന മനോഹർ പരീക്കറിന്റെ കാബിനറ്റിൽ അംഗമായിരുന്നു ആർലെകർ. ഗോവ നിയമസഭയെ പേപ്പർ രഹിത നിയമസഭയാക്കിയതും ആർലെകറാണ്.
ആശയങ്ങളുടെ തമ്പുരാനാണ് പുതിയ ഗവർണർ. കമ്യൂണിസ്റ്റ് പാർട്ടികളുടെ ഒന്നാം നമ്പർ ശതുവാണ് അദ്ദേഹം. കോൺഗ്രസിനെതിരെ കർശന നിലപാടാണ് അദ്ദേഹം എക്കാലവും സ്വീകരിച്ചിരുന്നത്.ഇതാണ് പിണറായിക്ക് വിനയായി തീർന്നത്.പിണറായിയും ബി ജെ പിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന പ്രചരണത്തിനും ഇതോടെ അന്ത്യം കുറിക്കും. പിണറായിക്ക് കേന്ദ്ര സർക്കാരിൽ വലിയ പിടിപാട് ഉണ്ടായിരുന്നെങ്കിൽ ആരിഫ് മുഹമ്മദ് ഖാൻ മാറുകയില്ലായിരുന്നു. ചില വിഷയങ്ങളിൽ ഗവർണർ ഇടപെടുന്നതും പിന്നീട് പിൻമാറുന്നതും പതിവായിരുന്നു. അത് കേന്ദ്ര നിർദ്ദേശ പ്രകാരമാണെന്നായിരുന്നു ആരോപണം.ഇതാണ് ബി.ജെ പി ബന്ധം എന്ന ആരോപണത്തിന് കാരണമായത്. എന്നാൽ ഗവർണറെ മാറ്റിയതിന് പിന്നിലും പിണറായിയുടെ ബി. ജെ.പി ബന്ധം ആരോപിക്കുന്നവരുണ്ട്.
പക്ഷേ ഗവർണർ തന്റെ കാലാവധി പൂർത്തിയാക്കിയിരുന്നു.കേരളത്തിന്റെ ഭരണത്തലവന്‍ എന്ന നിലയില്‍ 5 വര്‍ഷത്തിലേറെ സജീവ ഇടപെടലുകള്‍ നടത്തിയാണ് ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവന്റെ പടിയിറങ്ങുന്നത്. പി.സദാശിവത്തിന്റെ പിന്‍ഗാമിയായി എത്തിയ ആരിഫ് മുഹമ്മദ് ഖാന്‍, പല വിഷയങ്ങളിലും സ്വീകരിച്ച അതിശക്തമായ നിലപാടുകള്‍ ഇടതുമുന്നണി സര്‍ക്കാരിനു വലിയ തലവേദനയാണു സൃഷ്ടിച്ചത്. ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവന്റെ പടിയിറങ്ങുമ്പോള്‍ ആശ്വസിക്കുന്നത് ഇടതുസര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനും ആയിരിക്കും.ചിലയാളുകൾ വരുമ്പോൾ ചരിത്രം വഴിമാറും എന്ന് പറയുന്നത് പോലെയായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ കാര്യം.
2019 സെപ്റ്റംബർ 6ന് കേരള ഗവർണറായി ചുമതലയേറ്റ ആരിഫ് മുഹമ്മദ് ഖാന്‍, രണ്ടു പിണറായി സർക്കാരുകളുടെ കാലത്തായി 5 വർഷത്തിലേറെ സംസ്ഥാന സർക്കാരുമായി നേരിട്ടുള്ള പോരാട്ടത്തിലായിരുന്നു. പൗരത്വഭേദഗതി നിയമ വിഷയത്തിൽ തുടങ്ങി കണ്ണൂർ വിസി നിയമനത്തിലൂടെ പോര് മൂർച്ഛിച്ചു. ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിക്കുന്ന നിലയിലേക്കു ഗവര്‍ണര്‍ എത്തി. ഇതോടെ, കെയര്‍ടേക്കര്‍ ഗവര്‍ണര്‍ ബിജെപിയുടെ കയ്യിലെ ആയുധമാണെന്ന ആരോപണവുമായി സിപിഎം നേരിട്ടു രംഗത്തിറങ്ങി.പി.വി.അന്‍വര്‍ വിവാദം വന്നതിനു പിന്നാലെ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ ‘മലപ്പുറം’ പരാമര്‍ശവും ദ് ഹിന്ദു പത്രത്തില്‍ വന്ന അഭിമുഖത്തിലെ ‘ദേശവിരുദ്ധ’ പരാമര്‍വും ആയുധമാക്കി മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയത്.
മുഖ്യമന്ത്രിക്കു വിശ്വാസ്യത ഇല്ലെന്നും പലതും ഒളിക്കാനുണ്ടെന്നും ഗവര്‍ണര്‍ തുറന്നടിച്ചതോടെ സര്‍ക്കാരുമായുള്ള തുറന്നപോരിനു കളമൊരുങ്ങി. വിഷയവുമായി ബന്ധപ്പെട്ടു ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും നേരിട്ടു രാജ്ഭവനിലേക്കുള്ള വിളിപ്പിക്കാനുള്ള നീക്കം സര്‍ക്കാര്‍ വെട്ടിയതും ഗവര്‍ണറെ ചൊടിപ്പിച്ചു. തുടര്‍ന്നു കത്തും മറുപടിക്കത്തുകളുമായി ഗവര്‍ണര്‍-മുഖ്യമന്ത്രി പോര് നീണ്ടു.ചാൻസലർ എന്ന നിലയിൽ സർവകലാശാലാ ഭരണത്തിൽ പിടിമുറുക്കിയ ഗവർണർക്കെതിരെ ഇടതുമുന്നണി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യക്ഷ സമരത്തിനിറങ്ങി. 9 വിസിമാരുടെ രാജി ആവശ്യപ്പെട്ടാണു ഗവർണർ തിരിച്ചടിച്ചത്. വിസിമാരെ നിയമിക്കാൻ സ്വന്തം നിലയ്ക്കു സേർച് കമ്മിറ്റി രൂപീകരിച്ചും താൽപര്യമുള്ളവരെ സെനറ്റിലേക്കു നാമനിർദേശം ചെയ്തുമെല്ലാം ഗവർണർ സർക്കാരിന്റെ കണ്ണിലെ കരടായി. എസ്എഫ്ഐയെ തെരുവിലിറക്കി ഗവർണറെ നേരിടാനുള്ള സിപിഎം തീരുമാനം പ്രത്യാഘാതങ്ങളുണ്ടാക്കി.
സർക്കാരിന്റെ പൊലീസിനെ വേണ്ടെന്നുവച്ച ഗവർണർ സ്വന്തം സുരക്ഷയ്ക്കു കേന്ദ്രസേനയെ നിയോഗിച്ചു.നിയമസഭ പാസാക്കിയ ബില്ലുകൾ പിടിച്ചുവച്ച ഗവർണർക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുന്ന തലത്തിലേക്കു വരെ പോരു വളർന്നു. ചാൻസലർ സ്ഥാനത്തുനിന്നു ഗവർണറെ നീക്കാനുള്ള ബില്ലും പിടിച്ചുവച്ചവയുടെ കൂട്ടത്തിലുണ്ടായിരുന്നു. ഗവർണറുടെ അനുമതി വേണ്ട മനുഷ്യാവകാശ കമ്മിഷൻ നിയമനത്തിലടക്കം അദ്ദേഹം ഇടംതിരിഞ്ഞുനിന്നതു സർക്കാരിനെ വെട്ടിലാക്കി. 2021 ജൂലൈ 29 മുതല്‍ 2024 ജനുവരി 1 വരെയുള്ള 1,095 ദിവസങ്ങളില്‍ 328 ദിവസം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിനു പുറത്തായിരുന്നുവെന്ന കണക്ക് സംസ്ഥാന സര്‍ക്കാര്‍ വിവരാവകാശ നിയമപ്രകാരം പുറത്തുവിട്ടു.
കെടിയു മുന്‍ വൈസ് ചാന്‍സലര്‍ ഡോ.സിസ തോമസിനു വീണ്ടും വിസി നിയമനം നല്‍കിയതാണ് ആരിഫ് മുഹമ്മദ് ഖാന്റെ ഒടുവിലത്തെ നടപടി. ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ആയാണു സിസ തോമസിനെ നിയമിച്ചത്. സര്‍വകലാശാല വിഷയത്തില്‍ ഗവര്‍ണറുടെ നിര്‍ദേശങ്ങള്‍ പാലിച്ചതിന്റെ പേരില്‍ സിസ തോമസിന്റെ പെന്‍ഷന്‍ മുടക്കാൻ സർക്കാർ ശ്രമിക്കുന്നതിനിടെയായിരുന്നു ഈ നീക്കം. സംസ്ഥാന സാങ്കേതിക സര്‍വകലാശാല (കെടിയു) വൈസ് ചാന്‍സലര്‍ ആയി ഡോ.കെ.ശിവപ്രസാദിനെയും നിയമിച്ചു. അതേസമയം, വയനാട് ദുരന്തബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നൽകണമെന്നു വിവിധ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടും തുക നേടിയെടുത്തുമെല്ലാം ഗവർണർ സർക്കാരിനൊപ്പം നിൽക്കുകയും ചെയ്തു.
ന്യായമായത് ചെയ്യാൻ ആരിഫ് മുഹമ്മദ് ഖാൻ മടിച്ചില്ലെന്ന് ചുരുക്കം. പക്ഷേ എന്നും പിണറായിയെ സംശയനിഴലിൽ നിർത്തുകയാണ് ആരിഫ് മുഹമ്മദ് ഖാൻ ചെയ്തത്. അത് അദ്ദേഹത്തിന്റെ ഒരു രീതിയായിരുന്നു. ഇത് പിണറായിക്ക് സഹിക്കാൻ കഴിയുന്നതിലുമപ്പുറമായിരുന്നു.പിണറായിയുടെ മകൾ അന്വേഷണങ്ങൾക്ക് നടുക്കായതിന് പിന്നിലും ആരിഫ് മുഹമ്മദ് ഖാന്റെ സ്വാധീനമുണ്ടായിരുന്നു. വി.എസ്. അച്ചുതാനന്ദൻ ഒരു കാലത്ത് സ്വന്തം പാർട്ടിയിൽ നിർവഹിച്ച പ്രതിപക്ഷ നേതാവിന്റെ റോളാണ് ആരിഫ് മുഹമ്മദ് ഖാൻ ഇക്കാലമത്രയും ഏറ്റെടുത്തത്. ഇതിനിടയിൽ വി.എസിന്റെ വീട്ടിൽ പോകാനും ആരിഫ് മുഹമ്മദ് ഖാൻ തയ്യാറായി. കേരളത്തിന്റെ മുക്കിലും മൂലയിലുമായി ആരിഫ് മുഹമ്മദ് ഖാൻ അടുത്ത സൗഹ്യദങ്ങൾ സൃഷ്ടിച്ചു. ആർക്കും അദ്ദേഹത്തോട് ഒരു പരിഭവവും ഉണ്ടായിരുന്നില്ല.
പിണറായിയുടെ മോശം ഇമേജ് സൃഷ്ടിച്ച ഒഴിവിൽ ആരിഫ് മുഹമ്മദ് ഖാൻ തകർത്തെന്ന് പറയാം. എന്നാൽ ആർലെകറിൽ നിന്നും പിണറായി ഒരു വിട്ടു വീഴ്ച പ്രതീക്ഷിക്കരുത്. ഏറ്റെടുക്കുന്ന വിഷയങ്ങളിൽ ഏതറ്റംവരെയും പോകുന്ന ഒരാളാണ് അദ്ദേഹം. എല്ലാ വിഷയങ്ങളും ഏറ്റെടുക്കാൻ ശ്രമിക്കുകയുമില്ല.ഒരു ഗവർണറുടെ റോൾ എന്താണെന്ന് അദ്ദേഹം കാണിച്ചുതരും. രാഷ്ട്രീയ നേതാക്കള്‍ക്ക് വിരമിച്ച ശേഷം സൗകര്യങ്ങളോടെ കഴിയാന്‍ ഭരണത്തിലുള്ള പാര്‍ട്ടിക്കാര്‍ നല്‍കുന്ന സൗജന്യമാണ് ഗവര്‍ണര്‍ സ്ഥാനം എന്നാണ് സി പി എം കരുതുന്നത്.പട്ടം താണുപിള്ളയെ പഞ്ചാബ് ഗവര്‍ണറാക്കി അയച്ചത് മുതല്‍ കുമ്മനം രാജശേഖനും അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ളയും ഗവര്‍ണര്‍ പദവിയിലേയ്ക്ക് പോയത് വരെ ഉദാഹരണങ്ങളായി സി പി എം ചൂണ്ടിക്കാണിക്കുന്നു..
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനമൊഴിഞ്ഞ പി.സദാശിവത്തെ വിരമിച്ചയുടനെ ഗവര്‍ണറാക്കി ഒരു കാലത്തെ കോടതി വിധികളെ വരെ സംശയത്തിലേയ്ക്ക് നയിച്ചു . ഗവർണർ പദവിക്കെതിരെ സംയുക്തമായി നീങ്ങാനാണ് ഇടതു മുന്നണി തീരുമാനിച്ചിരിക്കുന്നത്.ഫെഡറല്‍ സംവിധാനത്തിനനുസരിച്ച് അര്‍ദ്ധ പരമാധികാര സ്ഥാപനമായ സംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ രാഷ്ട്രപതിയുടെ പ്രതിനിധിയെന്ന നിലയില്‍ പ്രവര്‍ത്തിക്കുക എന്നതാണ് ഗവര്‍ണറുടെ ചുമതലയെന്ന് സർക്കാർ പറയുന്നു. മന്ത്രിസഭയുടെ താത്പര്യവും ഉപദേശവുമില്ലാതെ വ്യക്തിപരമായി തന്റെ അധികാരം പ്രയോഗിക്കാനോ സംസ്ഥാന മന്ത്രിസഭകളുടെ താത്പര്യത്തിനെതിരായി പ്രവര്‍ത്തിക്കാനോ ഗവര്‍ണര്‍ ശ്രമിക്കരുതെന്നാണ് ചട്ടമെന്ന് സി പി എം പറയുന്നു.
ആരിഫ് മുഹമ്മദ് ഖാൻ ഉൾപ്പെടെ ഒരു ഗവർണർമാരും ഇത്തരത്തിൽ പ്രവർത്തിച്ചിട്ടില്ല.സംസ്ഥാനങ്ങളോട് യോജിച്ച് വേണം ഗവർണർമാർ പ്രവര്‍ത്തിക്കേണ്ടത്. എന്നാൽ ഇത്തരമൊരു കീഴ് വഴക്കം അനുസരിക്കാത്തവരാണ് പല ഗവർണർമാരും.രാജ്യത്തിന്റെ ഒന്നാമത്തെ പൗരന്‍ രാഷ്ട്രപതിയാണ്. സംസ്ഥാനങ്ങളുടെ ഒന്നാം പൗരൻ ഗവര്‍ണറാണ്. രാജ്യത്തിന്റെ ഭരണ നേതൃത്വം പ്രധാനമന്ത്രിക്കാണ്. സംസ്ഥാനങ്ങളിലെ ഭരണനേത്യത്വം മുഖ്യമന്ത്രിക്കാണ്. ഇതാണ് സ്ഥിതിയെങ്കിലും രാഷ്ട്രപതിക്കും ഗവർണർക്കും അവരുടെതായ റോൾ നിർവഹിക്കാനുണ്ട്.ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിയമ നിര്‍മാണത്തിനുള്ള പരാധികാരമുണ്ട്..
നിയമ നിര്‍മാണത്തില്‍ കൈകടത്താനുള്ള അവകാശം ഗവര്‍ണര്‍ക്കില്ലെന്നാണ് സി പി എം പറയുന്നത്. സംശയങ്ങള്‍ ഉന്നയിക്കാനും വ്യക്തതകള്‍ ആവശ്യപ്പെടാനും ഗവര്‍ണര്‍ക്ക് കഴിയും. മന്ത്രിസഭ യോഗം നടത്താതിരിക്കുക, ഗവര്‍ണറെ കാര്യങ്ങള്‍ അറിയിക്കാതിരിക്കുക, ഭരണഘടനാനുസൃതമായ ചുമതലകളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ വീഴ്ചകള്‍ വരുത്തുക തുടങ്ങിയ സവിശേഷമായ സാഹചര്യങ്ങളില്‍ ഇടപെടാനുളള അധികാരവും ഗവര്‍ണര്‍ക്കുണ്ട്. പക്ഷേ അതും ശുപാര്‍ശകള്‍ നല്‍കുക എന്ന തലത്തില്‍ മാത്രമാണെന്ന് സി പി എം പറയുന്നു. 2014-ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ആദ്യം ചെയ്ത നടപടികളിലൊന്ന് മുന്‍ യു.പി.എ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണമാരെ പിരിച്ച് വിടുകയായിരുന്നു..
മുന്‍ ദേശീയ സുരക്ഷ ഉപദേശകനും പശ്ചിമ ബംഗാള്‍ ഗവര്‍ണറുമായിരുന്ന എം.കെ നാരായണന്‍, കേരള ഗവര്‍ണര്‍ ഷീല ദീക്ഷിത്, രാജസ്ഥാന്‍ ഗവര്‍ണര്‍ മാര്‍ഗരറ്റ് ആല്‍വ, ഗുജറാത്ത് ഗവര്‍ണര്‍ കമല ബേനിവാള്‍, മഹരാഷ്ട്ര ഗവര്‍ണര്‍ കെ.ശങ്കരനാരായണന്‍, ത്രിപുര ഗവര്‍ണര്‍ ദേവേന്ദ്ര കന്‍വ, യു.പി. ഗവര്‍ണര്‍ ബി.എല്‍.ജോഷി, കര്‍ണാടക ഗവര്‍ണര്‍ എച്ച്.ആര്‍.ഭരദ്വാജ്, അസം ഗവര്‍ണര്‍ ജെ.ബി പട്നായിക് എന്നിങ്ങനെ പത്ത് വര്‍ഷത്തെ യു.പി.എ ഭരണത്തില്‍ നിയമിച്ച ഗവര്‍ണർമാരില്‍ അധികാരത്തില്‍ തുടര്‍ന്നവരില്‍ പലരെയും വൈകാതെ കേന്ദ്രസര്‍ക്കാര്‍ പുറത്താക്കി.ഇക്കാലയളില്‍ കോണ്‍ഗ്രസ് നേതാവും യു.പി.എ സര്‍ക്കാരിലെ പ്രധാനിയുമായിരുന്ന പ്രണബ് കുമാര്‍ മുഖര്‍ജിയായിരുന്നു രാഷ്ട്രപതി . കേന്ദ്ര മന്ത്രിസഭയുടെ ഉപദേശം അനുസരിച്ച് തന്റെ പ്രതിനിധികളായ ഗവര്‍ണര്‍മാരെ പിന്‍വലിക്കാനും ആഭ്യന്തരവകുപ്പ് നിര്‍ദ്ദേശിക്കുന്ന പുതിയ ഗവര്‍ണര്‍മാരെ നിയമിക്കാനും മാത്രമേ രാഷ്ട്രപതിക്ക് സാധിക്കുമായിരുന്നുള്ളൂ..
2004-ല്‍ ഭരണത്തിലെത്തിയ യു.പി.എ സര്‍ക്കാര്‍ മുന്‍ എന്‍.ഡി.എ സര്‍ക്കാര്‍ നിയമിച്ച നാല് ഗവര്‍ണര്‍മാരെ പിരിച്ച് വിട്ടു.അക്കാലത്തും മുന്‍ സര്‍ക്കാരിന്റെ പിന്തുണയോടെ രാഷ്ട്രപതി പദവിയിലെത്തിയ ഡോ.എ.പി.ജെ.അബ്ദുള്‍കലാമിന് ആയിരുന്നു ഈ നിയോഗം. അന്ന് കേന്ദ്രസര്‍ക്കാരിന്റെ താത്പര്യമനുസരിച്ച് യു.പി (വിഷ്ണുകണ്ഠ് ശാസ്ത്രി),ഗുജറാത്ത് (കൈലാസ്പതി മിശ്ര), ഹരിയാണ (ബാബു പരമാനന്ദ്), ഗോവ (കേദാര്‍നാഥ് സാഹ്നി) ഗവര്‍ണര്‍മാരെ മാറ്റി പുതിയ ആളുകളെ രാഷ്ട്രപതി നിയമിച്ചു. സുപ്രീം കോടതിയില്‍ വരെ ഈ കേസ് എത്തുകയും സര്‍ക്കാരിന്റെ നിലപാട് വിമര്‍ശിക്കപ്പെടുകയും ചെയ്തതാണ്. അന്നത്തെ പരാതിക്കാരായിരുന്ന ബി.ജെ.പിയാണ് 2014-ല്‍ ഗവര്‍ണര്‍മാരുടെ ഒരു സംഘത്തെ തന്നെ സ്ഥാനഭൃഷ്ടരാക്കിയത്.
ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ നിന്നുള്ള ആരിഫ് മുഹമ്മദ് ഖാന്‍ ഭാരതീയ ക്രാന്തിദള്‍, കോണ്‍ഗ്രസ്, ജനതാദള്‍, ബി.എസ്.പി എന്നീ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് ബി.ജെ.പിയിലെത്തുന്നത്. 26 വയസു മുതൽ പാര്‍ലമെന്ററി രാഷ്ട്രീയത്തിലുള്ള അദ്ദേഹം നിയമസഭാംഗവും ലോകസഭാംഗവും കേന്ദ്ര കാബിനറ്റ് മന്ത്രിയുമായിരുന്നു. കേരളവും ആരിഫ് മുഹമ്മദ് ഖാന് അപരിചിതവുമല്ല. 1986-ലെ ഷാ ബാനു കേസും തുടര്‍ന്ന് രാജീവ് ഗാന്ധി സര്‍ക്കാര്‍ നടത്തിയ നിയമനിര്‍മ്മാണവും വലിയ വിവാദമായപ്പോള്‍ മുസ്ലീം സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയും മതാധികാരത്തിന്റെ ആണ്‍മേല്‍ക്കോയ്മയ്ക്കും എതിരെയും പുരോഗമന നിലപാടുകളുയര്‍ത്തി രംഗത്ത് വന്നവരില്‍ പ്രമുഖനായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍.
അന്ന് കേരളത്തില്‍ പുരോഗമന-സ്ത്രീപക്ഷ സംഘടനകളുടെ വേദികളിലെ സ്ഥിരം സാന്നിധ്യവുമായിരുന്നു ആരിഫ് ഖാന്‍. കേരളത്തിലെത്തിയ ആദ്യ നാളുകളില്‍ പഴയ തന്റെ കേരള ബന്ധങ്ങള്‍ ഓര്‍മ്മിച്ചെടുക്കുകയും സര്‍ക്കാരുമായി ചേര്‍ന്ന് പോവുകയും ചെയ്തതാണ് അദ്ദേഹം.ആരിഫ് മുഹമ്മദ് ഖാന് കേന്ദ്ര സർക്കാരിൽ ശക്തമായ സ്വാധീനം ഉണ്ട്. ഇന്ത്യയുടെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് വരെ അദ്ദേഹത്തിൻ്റെ പേരു പരിഗണിച്ചതാണ്. അദ്ദേഹത്തെ കുറിച്ച് രാഷ്ട്രീയ എതിരാളികൾക്ക് പോലും എതിരഭിപ്രായമില്ല. അദ്ദേഹം അനാവ ശ്യമായി സംസാരിക്കുന്ന ഒരാളല്ല. ആരെയും വ്യക്തിപരമായി മോശപ്പെടുത്തുന്നയാളുമല്ല . ചില ഗവർണർമാരെ പോലെ സംസ്ഥാന സർക്കാരിനെ മോശമാക്കാൻ ശ്രമിക്കുന്ന ആളുമില്ല. എന്നാൽ മാന്യമായ ഇടപെടലിന് പിണറായി സമ്മതിച്ചില്ലെന്നാണ് ചുരുക്കം.
ആർലെകറിനോടും പിണറായി തന്റെ പതിവു രീതികൾ പിന്തുടരാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ വിവരമറിയുമെന്ന് ചുരുക്കം.
https://www.facebook.com/Malayalivartha