മറക്കില്ല ആ മഹാപ്രതിഭയെ... മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായരുടെ വേര്‍പാടില്‍ വേദനിച്ച് കേരളം; ഇന്ന് വൈകിട്ട് നാല് മണി വരെ പൊതുദര്‍ശനം; പ്രിയപ്പെട്ട എംടിയെ വീട്ടിലെത്തി കണ്ട് മോഹന്‍ലാല്‍
മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായരുടെ വേര്‍പാടില്‍ കേരളം ഒന്നാകെ വേദനിക്കുകയാണ്. കോഴിക്കോട്ടെ ആശുപത്രിയില്‍ ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. ഏഴുപതിറ്റാണ്ട് എഴുത്തിന്റെ 'സുകൃത'മായി നിറഞ്ഞ അതുല്യ വ്യക്തിത്വമാണ് മലയാളത്തോട് വിടപറയുന്നത്. കൈവെച്ച മേഖലകളില്‍ എല്ലാം 'ഉയരങ്ങളില്‍' എത്തിയ പ്രതിഭാശാലിയായിരുന്നു അദ്ദേഹം.
എം ടി വാസുദേവന്‍ നായരെ വീട്ടിലെത്തി അവസാനമായി കണ്ട് അന്ത്യോപചാരം അര്‍പ്പിച്ച് മോഹന്‍ലാല്‍. എംടിയുടെ സ്‌നേഹം വേണ്ടുവോളം അനുഭവിക്കാന്‍ ഭാഗ്യമുണ്ടായെന്ന് മോഹന്‍ലാല്‍ അനുസ്മരിച്ചു. എനിക്ക് ഏറ്റവും നല്ല കഥാപാത്രങ്ങള്‍ തന്ന വ്യക്തിയാണ് എംടി വാസുദേവന്‍ നായര്‍. ഒരുപാട് തവണ പരസ്പരം കാണുന്നില്ലെങ്കിലും തമ്മില്‍ നല്ല സ്‌നേഹ ബന്ധമുണ്ടായിരുന്നു. ഞാന്‍ അഭിനയിച്ച നാടകങ്ങള്‍ കാണാന്‍ അദ്ദേഹം മുംബൈയില്‍ എത്തിയിരുന്നു. തമ്മില്‍ വൈകാരികമായ അടുപ്പം ഉണ്ടായിരുന്നു. ഓളവും തീരവുമാണ് അവസാന ചിത്രം. ഇന്ത്യ കണ്ട മികച്ച എഴുത്തുകാരനെയാണ് നഷ്ടമായതെന്നും മോഹന്‍ലാല്‍ അനുസ്മരിച്ചു
എംടിയുടെ പൊതുദര്‍ശനം നടക്കുന്ന 'സിതാര' വീട് സ്ഥിതി ചെയ്യുന്ന കൊട്ടാരം റോഡ് അടച്ചു. കോഴിക്കോട്ടെ കൊട്ടാരം റോഡില്‍ സ്ഥിതി ചെയ്യുന്ന വീട്ടിലാണ് എംടിയുടെ പൊതുദര്‍ശനം നടക്കുന്നത്. ഇന്ന് വൈകിട്ട് വരെ ഈ റോഡില്‍ വാഹനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കില്ല. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തുന്നവര്‍ മറ്റിടങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്ത് എത്തണം. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മാവൂര്‍ റോഡ് ശ്മശാനത്തിലാണ് സംസ്‌കാരം.
അന്തരിച്ച മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മലയാള സാഹിത്യത്തെയും സിനിമയെയും പത്രപ്രവര്‍ത്തനത്തെയും ഒരുപോലെ സമ്പന്നമാക്കിയ ബഹുമുഖ പ്രതിഭയായിരുന്നു ജ്ഞാനപീഠ സമ്മാനിതനായ എം ടി വാസുദേവന്‍ നായരെന്ന് അദ്ദേഹം അനുസ്മരിച്ചു.
എംടിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് മുന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍. മലയാളത്തിന്റെ ആത്മാവറിഞ്ഞ കഥാകാരന് വിട! അക്ഷരങ്ങളുടെ ലോകത്ത് എം.ടിയുടെ സംഭാവനകള്‍ അനശ്വരമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം കേരളത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നു. ഓം ശാന്തി എന്നും അദ്ദേഹം കുറിച്ചു.
മലയാളത്തിന്റെ മഹാ പ്രതിഭയും അതുല്യ കലാകാരനും എഴുത്തിന്റെ പെരുന്തച്ചനുമായ എം ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അതി വൈകാരിക കുറിപ്പുമായി മമ്മൂട്ടി. ചിലരെങ്കിലും പറയാറുണ്ട് എം ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന് പറഞ്ഞ മഹാനടന്‍, എം ടിക്കൊപ്പമുള്ള അനുഭവവും പങ്കുവച്ചു. ആദ്യമായി കണ്ട ദിവസം മുതല്‍ ആ ബന്ധം വളര്‍ന്നെന്നും സ്‌നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകിയെന്നും മമ്മൂട്ടി കുറിച്ചു.നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയില്‍ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചില്‍ ചാഞ്ഞു നിന്നപ്പോള്‍, ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നിയെന്നും മമ്മൂട്ടി വിവരിച്ചു.
ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാനവതരിപ്പിച്ചിട്ടുണ്ടെന്നും അതൊന്നും ഓര്‍ക്കുന്നില്ലിപ്പോളെന്നും വിശദീകരിച്ച മമ്മൂട്ടി, മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നുവെന്നും ഞാനെന്റെ ഇരു കൈകളും മലര്‍ത്തിവെക്കുന്നുവെന്നും പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിച്ചത്.
"
https://www.facebook.com/Malayalivartha