മലയാള സാഹിത്യ ലോകത്തെ അതുല്യപ്രതിഭ അന്തരിച്ച എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായരുടെ മൃതദേഹം പൊതു ദര്‍ശനത്തിനു ശേഷം വൈകുന്നേരം അഞ്ചിന് മാവൂര്‍ റോഡ് ശ്മശാനത്തില്‍ സംസ്‌കരിക്കും
മലയാള സാഹിത്യ ലോകത്തെ അതുല്യപ്രതിഭ അന്തരിച്ച എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായരുടെ മൃതദേഹം പൊതു ദര്‍ശനത്തിനു ശേഷം വൈകുന്നേരം അഞ്ചിന് മാവൂര്‍ റോഡ് ശ്മശാനത്തില്‍ സംസ്‌കരിക്കും
നടക്കാവ് കൊട്ടാരം റോഡിലെ വീടായ സിതാരയില്‍ ഇന്ന് വൈകിട്ട് വരെ പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം വൈകുന്നേരം സംസ്‌കരിക്കും. തന്റെ മരണാന്തര ചടങ്ങുകള്‍ എങ്ങിനെയായിരിക്കണം എന്ന് എം ടി നേരത്തെ കുടുംബാംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എല്ലാം നിശ്ചയിച്ചിരിക്കുന്നത്. കോഴിക്കോട്ടെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10 മണിയോടെയാണ് അദ്ദേഹം വിട പറഞ്ഞത്.
അതേസമയം ഈ മാസം 15 നാണ് അദ്ദേഹത്തെ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടയില്‍ ഹൃദയാഘാതമുണ്ടായി. കഴിഞ്ഞ നാല് ദിവസം ആരോഗ്യനിലയില്‍ കാര്യമായ മാറ്റമുണ്ടായിരുന്നില്ല.
യന്ത്ര സഹായമില്ലാതെ ശ്വസിക്കാന്‍ സാധിക്കുമായിരുന്നു. ഇന്നലെ കിഡ്‌നിയുടെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനം മന്ദഗതിയിലായതോടെ രാത്രി 10 മണിയോടെ മരണം സംഭവിച്ചു. എംടിയുടെ വിയോഗത്തില്‍ സംസ്ഥാനത്ത് രണ്ട് ദിവസം ദുഖാചരണം പ്രഖ്യാപിച്ചു. ഔദ്യോഗിക പരിപാടികളെല്ലാം മാറ്റിവച്ചു. ഏഴ് പതിറ്റാണ്ടിലേറെ തന്റെ എഴുത്തിലൂടെ സാധാരണക്കാര്‍ക്കും ബുദ്ധിജീവികള്‍ക്കും ഒരുപോലെ കടന്നുചെല്ലാന്‍ കഴിയുന്ന സാഹിത്യലോകമായിരുന്നു എം ടി സൃഷ്ടിച്ചത്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ പരമോന്നത സാഹിത്യപുരസ്‌ക്കാരമായ ജ്ഞാനപീഠം മുതല്‍ രാഷ്ട്രത്തിന്റെ ആദരവായ പത്മഭൂഷണ്‍ വരെ എം ടിയെ തേടിയെത്തിയിരുന്നു.
നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകന്‍, ചെറുകഥാകാരന്‍, നാടകകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനായ മലയാളിയാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന എം ടി വാസുദേവന്‍ നായര്‍. മലയാളസാഹിത്യത്തിലും ചലച്ചിത്രരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച എംടി പത്രാധിപരായും ശോഭിച്ചു. ജ്ഞാനപീഠ ജേതാവാണ്. രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്‌കാരം, ജെസി ഡാനിയല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം എന്നിവയും കേരള നിയമസഭ പുരസ്‌കാവും ലഭിച്ചു.
ആദ്യമായി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ച നോവല്‍ 'നാലുകെട്ട്'ആണ് (1958). ആദ്യനോവലിനു തന്നെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. പില്‍ക്കാലത്ത് 'സ്വര്‍ഗ്ഗം തുറക്കുന്ന സമയം', 'ഗോപുരനടയില്‍' എന്നി കൃതികള്‍ക്കും കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചിരുന്നു.
https://www.facebook.com/Malayalivartha