എത്ര ടേക്കുകള്‍ക്കും റെഡി... എം.ടി. തിരക്കഥകളില്‍ ഏറ്റവും കൂടുതല്‍ അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച നടിയാണ് താനെന്ന് സീമ; അദ്ദേഹം വിശ്വസ്തമായ കൈകളിലേ കഥാപാത്രങ്ങളെ ഏല്‍പിക്കുകയുള്ളൂ
എംടി വാസുദേവന്‍ നായരുടെ വേര്‍പാടില്‍ ഓര്‍മ്മകള്‍ പങ്കുവച്ച് നടി സീമ. എം.ടി. തിരക്കഥകളില്‍ ഏറ്റവും കൂടുതല്‍ അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച നടിയാണ് ഞാന്‍. ആ അഭിനയഭാഗ്യം എനിക്ക് സമ്മാനിച്ചത് ഐ.വി ശശിയാണ്. എം.ടി എഴുതിക്കൊടുക്കുന്ന തിരക്കഥകളില്‍ അദ്ദേഹം എഴുതാതെവെച്ച മൗനം കൂടി അഭിനേതാക്കളിലൂടെ വരുത്തുമായിരുന്നു ശശിയേട്ടന്‍. അതിനുവേണ്ടി ടേക്കുകള്‍ എത്രവേണമെങ്കിലും എടുക്കാന്‍ ഞങ്ങള്‍ തയ്യാറായിരിക്കണം. അദ്ദേഹത്തിന്റെ തിരക്കഥകളില്‍ ഒരുവാക്കുപോലും മാറ്റാതിരിക്കാന്‍ ശശിയേട്ടന്‍ ശ്രദ്ധാലുവായിരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.
സാധാരണ തിരക്കഥാകൃത്തുക്കള്‍ 'അതെന്താ' എന്നെഴുതുന്നയിടത്ത് 'എന്താദ്' എന്നായിരിക്കും എം.ടി. എഴുതിയിട്ടുണ്ടാവുക. രണ്ടും ഒന്നാണ്. പക്ഷേ അതിന്റെ സംവേദനക്ഷമതയില്‍ വ്യത്യാസമുണ്ട്. എന്താദ് എന്നുചോദിക്കുന്നതിലെ പവര്‍ പലപ്പോഴും ഞങ്ങള്‍ തിരിച്ചറിഞ്ഞിട്ടുള്ളതാണ്. അത്തരത്തിലുള്ള സംഭാഷണങ്ങളില്‍ ശശിയേട്ടന്‍ ജാഗ്രത കാണിച്ചിരുന്നു.
ജീവിതഗന്ധിയായ കഥ, കഥാപാത്രങ്ങള്‍ എന്നിവയൊക്കെ ഞാന്‍ അനുഭവിച്ചതും അഭിനയിച്ചതും എം.ടി. തിരക്കഥകളിലൂടെയാണ്. കോഴിക്കോട് വരുമ്പോഴെല്ലാം ഞാന്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഒരേയൊരു വ്യക്തിത്വം എം.ടി. മാത്രമേയുള്ളൂ. ശശിയേട്ടന്‍ ഉള്ളപ്പോള്‍ അത് കുടുംബസന്ദര്‍ശനമായിരുന്നു. ഞങ്ങളെ കാണുമ്പോള്‍ അദ്ദേഹത്തിന് വലിയ സന്തോഷമാണ്. അങ്ങനെയുള്ള ഒരു കൂടിക്കാഴ്ചയില്‍ അദ്ദേഹം പറഞ്ഞു: 'നീയൊന്നും അഭിനയിക്കാത്തതു കാരണം എനിക്കെഴുതാന്‍ പറ്റുന്നില്ല.' അതുകേട്ടപ്പോള്‍ ഞാനദ്ദേഹത്തെ സ്രാഷ്ടാംഗം നമസ്‌കരിച്ചു. ഇനി എനിക്കെന്തിന് ദേശീയ അവാര്‍ഡ് വേണം? എം.ടി.യുടെ ആ വാക്കുകളാണ് എന്റെ അഭിനയജീവിതത്തിലെ ഏറ്റവും വലിയ പുരസ്‌കാരം.
എം.ടി. തിരക്കഥകള്‍ ലഭിക്കുക എന്നതുതന്നെ ഏതൊരു സംവിധായകന്റെയും അഭിമാനമായിരുന്നു. ഒരു സിനിമ കാണുന്നതുപോലെ എഴുതിവെച്ചിട്ടുണ്ടാകും. സംവിധായകന്‍ ആ എഴുത്തിനെ അനുസരിക്കുക മാത്രം ചെയ്താല്‍ മതി. എം.ടി.യെ വായനയിലൂടെ അറിയുന്നവരാണെങ്കില്‍ അത് വളരെ എളുപ്പമായിരിക്കും. അദ്ദേഹത്തിന്റെ തിരക്കഥകള്‍ കോഹിനൂര്‍ രത്‌നം പോലെയാണ്. സിനിമാ സെറ്റില്‍ എം.ടി. വരികയൊന്നുമില്ല. അത്രയും വിശ്വസ്തമായ കൈകളില്‍ മാത്രമേ അദ്ദേഹം തന്റെ കഥാപാത്രങ്ങളേ ഏല്‍പിക്കുകയുള്ളൂ. അദ്ദേഹത്തിന്റെ നോട്ടത്തില്‍ നിന്നും നമുക്കത് മനസ്സിലാക്കിയെടുക്കാന്‍ കഴിയും. എം.ടി. തിരക്കഥ എഴുതുക എന്നത് ശശിയേട്ടന്‍ ഉള്‍പ്പെടെയുള്ള അന്നത്തെ സംവിധായകരുടെ ആവശ്യമായിരുന്നു. പക്ഷേ എം.ടി.ക്ക് തോന്നിയാല്‍ മാത്രമേ അദ്ദേഹം സമ്മതം മൂളിയിരുന്നുള്ളൂ.
ഒരു പ്രൊജക്ട് നടന്നുകിട്ടാന്‍വേണ്ടിയുള്ള ഒരു ശ്രമവും അദ്ദേഹം നടത്തിയിരുന്നില്ല. മറിച്ച് അദ്ദേഹത്തെക്കൊണ്ട് എഴുതിക്കാനുള്ള ശ്രമം അന്നത്തെ മികച്ച സംവിധായകരെല്ലാം നടത്തിയിരുന്നു. ആര് കഥ ആവശ്യപ്പെട്ടാലും നോ എന്ന മറുപടി എളുപ്പം വരും. പണത്തിനോ അധികാരത്തിനോ ഒരു സ്ഥാനവും ഇല്ല. പക്ഷേ സ്‌നേഹത്തിനുമുമ്പില്‍ അദ്ദേഹം എന്നും കീഴടങ്ങിയിരുന്നു. സ്‌നേഹപൂര്‍വമായ സമീപനത്തെ മാത്രം അദ്ദേഹം പരിഗണിച്ചു. അദ്ദേഹത്തോട് അടുക്കാന്‍ എല്ലാവരും ഒന്നുഭയക്കുമായിരുന്നു. എം.ടി.യുടെ ഒരു നോട്ടമുണ്ട്. ആ നോട്ടത്തില്‍ അദ്ദേഹം ആളുകളെ അളന്നു മനസ്സിലാക്കി.
അഭിനയിച്ചിട്ട് ഞാന്‍ കാണാതെ പോയ ധാരാളം സിനിമകളുണ്ട്. ഇപ്പോള്‍ അതെല്ലാം തിരഞ്ഞുപിടിച്ച് കണ്ടുകൊണ്ടിരിക്കുക എന്നതാണ് പ്രധാനവിനോദം. ഏറ്റവും കൂടുതല്‍ 'ആള്‍ക്കൂട്ടത്തില്‍ തനിയെ' എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ കഥാപാത്രം എന്റെ കഥാപാത്രമായ അമ്മുക്കുട്ടിയോട് ചോദിക്കുന്നു: 'അമ്മുക്കുട്ടി എന്താ ഇവിടെ ഇങ്ങനെ...' അപ്പോള്‍ അമ്മുക്കുട്ടി പറയുന്നു: 'ഞാനിവിടെ ഇങ്ങനെ തനിയേ...' നൂറായിരം അര്‍ഥമാണ് അതിനുള്ളത്. ഞാന്‍ യഥാര്‍ഥത്തില്‍ അങ്ങനെ ആയിപ്പോയതുകൊണ്ടാണ് എനിക്കാ ഡയലോഗിന്റെ ഡെപ്ത്തില്‍ പിടിക്കാന്‍ കഴിഞ്ഞത്. അതുകൊണ്ടാണ് എനിക്ക് കരച്ചില്‍ വന്നത്. ശരിക്കും എന്റെയുള്ളില്‍ കൊണ്ടാണ് ഞാനത് പറഞ്ഞത്. ആ ഇമോഷന്‍ എന്റെ ജീവിതത്തില്‍ സത്യമായിട്ടുള്ളതാണ്.
എല്ലാ ജീവിതത്തിലും അത്തരത്തിലുള്ള ഏകാന്തതയുണ്ട്. അത് എം.ടി. നിരീക്ഷിച്ചിരിക്കുന്നു. അടിയൊഴുക്കുകള്‍, അക്ഷരങ്ങള്‍, അനുബന്ധം, ആരൂഢം...എന്റെ അഭിനയജീവിതത്തിലെ സുവര്‍ണകാലഘട്ടമായിരുന്നു. ആരൂഢത്തിലെ നീലി എന്ന കഥാപാത്രം എന്റെ കരിയറിലെ മികച്ച ഒന്നാണ്. നീലിക്ക് ദേശീയ അവാര്‍ഡ് നഷ്ടമായത് പുലയര്‍ ബ്ലൗസിനടിയില്‍ ബ്രായിടില്ല, പുരികം വെളുത്തിരിക്കുന്നു എന്ന ജൂറിയുടെ കണ്ടെത്തലുകളാണ്. പക്ഷേ എനിക്കതില്‍ നഷ്ടബോധമില്ല. സീമ അഭിനയിക്കാത്തതുകൊണ്ട് എഴുതാറില്ല എന്ന എം.ടി.യുടെ വാക്കുകളാണ് എനിക്ക് അവാര്‍ഡ്.
അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളെ എല്ലാംതന്നെ എനിക്കുതന്നെ ലഭിച്ചു. അതാണ് എന്റെ ഭാഗ്യം. ജീവിതത്തിന്റെ എല്ലാ സങ്കീര്‍ണതകളെയും നിശ്ചയദാര്‍ഢ്യംകൊണ്ട് അതിജീവിച്ച എം.ടി. ഇന്ന് നവതിയുടെ നിറവിലാണ്. എം.ടി.യുടെ സ്‌നേഹം ആത്മാര്‍ഥമാണ്. ആ സ്‌നേഹത്തിന്റെ തണലില്‍ എനിക്കും ഇടമുണ്ട് എന്നതാണ് എന്റെ സന്തോഷം. നന്ദി എന്ന വാക്ക് ഇന്നത്തെ കാലത്ത് അങ്ങോട്ടും ഇങ്ങോട്ടും ആര്‍ക്കും ആത്മാര്‍ഥമായിട്ടില്ല. ഞാന്‍ ഇന്നത്തെ സീമയായി ഇരിക്കുന്നതിനു കാരണക്കാരനാണ് ശശിയേട്ടന്‍. അദ്ദേഹം എനിക്ക് ജീവിതം തന്നെ കൈയില്‍ വെച്ചുതന്നു. എന്റെ അഭിനയത്തിന്റെ എല്ലാ സാധ്യതകളും പൂര്‍ണമായും ഉപയോഗപ്പെടുത്തിയത് എം.ടി.യുടെ തിരക്കഥകളാണ്.
"
https://www.facebook.com/Malayalivartha