മലയാളത്തിന്റെ സ്വന്തം എഴുത്തുകാരന്‍ എംടിക്ക് വിട; സ്മൃതിപഥം ശ്മശാനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികള്‍ നല്‍കി, സംസ്‌കാരച്ചടങ്ങുകള്‍ പൂര്‍ത്തിയായി
മലയാളത്തിന്റെ സ്വന്തം എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായര്‍ക്ക് വിട. സ്മൃതിപഥം ശ്മശാനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികള്‍ നല്‍കിയ ശേഷമായിരുന്നു സംസ്‌കാരം. എംടിയുടെ സഹോദരന്റെ മകന്‍ ടി സതീശനാണ് ചടങ്ങുകള്‍ നിര്‍വ്വഹിച്ചത്. ചടങ്ങില്‍ മന്ത്രിമാരായ എ കെ ശശീന്ദ്രന്‍, മുഹമ്മദ് റിയാസ്, എം ബി രാജേഷ്, കടന്നപ്പളളി രാമചന്ദ്രന്‍, കോഴിക്കോട് എം പി എം കെ രാഘവന്‍, വടകര എം പി ഷാഫി പറമ്പില്‍, സംവിധായകന്‍ ലോല്‍ ജോസ്, കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് എന്നിവരും എത്തിച്ചേര്‍ന്നു. സംസ്ഥാനത്ത് രണ്ട് ദിവസം ദുഃഖാചാരണം നടക്കും.
നിരവധി പേരാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വസതിയായ സിതാരയില്‍ എത്തിയത്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും എംടിയെ അനുസ്മരിച്ചു. മലയാളത്തിനപ്പുറം വായനക്കാരെ സ്വന്തമാക്കിയ എഴുത്തുകാരനാണ് എംടി, ഭാഷയ്ക്കും സമൂഹത്തിനും എംടി നല്‍കിയ സംഭാവന തലമുറകളോളം നിലനില്‍ക്കുമെന്നുമാണ് സ്റ്റാലിന്‍ അനുസ്മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു എംടിയുടെ അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹം കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു. മരണസമയത്ത് മകള്‍ അശ്വതിയും ഭര്‍ത്താവ് ശ്രീകാന്തും കൊച്ചുമകന്‍ മാധവും സമീപത്തുണ്ടായിരുന്നു.
മലയാള സാഹിത്യത്തിനും ചലച്ചിത്ര ലോകത്തിനും മികച്ച സംഭാവനകള്‍ നല്‍കിയിട്ടുള്ള എംടി, രാജ്യത്തെ സാഹിത്യരംഗത്തെ ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമായ ജ്ഞാനപീഠം 1995ല്‍ നേടി. 2005ല്‍ രാജ്യം അദ്ദേഹത്തിന് പദ്മഭൂഷണ്‍ ബഹുമതി നല്‍കി ആദരിച്ചു. മലയാളികളുടെ എന്നും പ്രിയപ്പെട്ട നോവലുകളായ മഞ്ഞ്,നാലുകെട്ട്, അസുരവിത്ത്, കാലം,രണ്ടാമൂഴം, എന്‍ പി മുഹമ്മദുമായി ചേര്‍ന്നെഴുതിയ അറബിപ്പൊന്ന് എന്നിവ ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ്. ഇരുട്ടിന്റെ ആത്മാവ്, നിന്റെ ഓര്‍മ്മയ്ക്ക്, കുട്ട്യേടത്തി, ഓളവും തീരവും, ഷെര്‍ലക്ക്, വാനപ്രസ്ഥം, വേദനയുടെ പൂക്കള്‍, രക്തം പുരണ്ട മണ്‍തരികള്‍ എന്നീ കഥകളും ഏറെ വായിക്കപ്പെടുകയും ചര്‍ച്ചചെയ്യപ്പെടുകയും ചെയ്തു.
https://www.facebook.com/Malayalivartha