എ.കെ ആന്റണി മികച്ച മതേതര മാതൃകയെന്ന് ചെറിയാൻ ഫിലിപ്പ്
എ.കെ ആന്റണി മികച്ച മതേതര മാതൃകയെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; എ.കെ.ആന്റണിയുടെ ശതാഭിഷേകമാണ് ഇന്ന്. 84 വയസ്. ആയിരം പൂർണ്ണ ചന്ദ്രനെ കണ്ട സന്തുഷ്ട ജീവിതം. ജവഹർലാൽ നെഹ്റുവിനെ പോലെ ഇന്ത്യയിലെ മികച്ച മതേതരമാതൃകയാണു എ.കെ.ആന്റണി.
നൂറു ശതമാനം മതേതരവാദിയായ ആന്റണി ജാതി-മത ശക്തികളുടെ സമ്മർദ്ദതന്ത്രങ്ങൾക്കു മുമ്പിൽ ഒരിക്കലും കീഴടങ്ങിയിട്ടില്ല. ജനിച്ച മതത്തിന്റെയോ മറ്റു സമുദായങ്ങളുടെയോ പിന്തുണയോ സഹായമോ കൂടാതെയാണ് ഇന്ത്യയിലും കേരളത്തിലും ആന്റണി രാഷ്ട്രീയ ഔന്നത്യം നേടിയത്.
രാഷ്ട്രീയ കക്ഷികളും നേതാക്കളും വർഗ്ഗീയപ്രീണനം മുഖ്യ നയമായി സ്വീകരിക്കുമ്പോൾ എന്നും വർഗ്ഗീയ വിരുദ്ധ നിലപാട് സ്വീകരിച്ചിട്ടുള്ള ആന്റണിക്ക് പ്രസക്തിയേറുന്നു. പല സന്ദർഭങ്ങളിലും സമുദായശക്തികൾ ആന്റണിയെ നിശിതമായി വിമർശിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം അതിനോടൊന്നും പ്രതികരിച്ചിരുന്നില്ല. ശതാഭിഷിക്‌തനാവുന്ന ആന്റണിക്ക് മംഗളം നേരുന്നു.
https://www.facebook.com/Malayalivartha