കേരളത്തെ നടുക്കിയ പെരിയ ഇരട്ടക്കൊല... പെരിയ കല്യോട്ട് ഗ്രാമം ഒരിക്കലും മറക്കില്ല ആ ദിവസം... കൊലയ്ക്കു മുമ്പ് രണ്ടു കേന്ദ്രങ്ങളിലായി മൂന്നുതവണ ഗൂഢാലോചന നടത്തി..
കേരളത്തെ നടുക്കിയ പെരിയ ഇരട്ടക്കൊലയ്ക്ക് ഇന്ന് കോടതി വിധി പറഞ്ഞിരിക്കുകയാണ് . ആറു വർഷത്തെ നിയമപോരാട്ടം അതിനാണ് ഇന്ന് അവസാനമായിരിക്കുന്നത് . 2019 ഫെബ്രുവരി 17, കാസര്‍കോട് പെരിയ കല്യോട്ട് ഗ്രാമം ഒരിക്കലും മറക്കില്ല ആ ദിവസം. നാടിന്റെ പ്രിയപ്പെട്ടവരായ, എന്തിനും ഏതിനും മുന്‍നിരയിലുണ്ടായിരുന്ന കൃപേഷിനെയും ശരത്ത് ലാലിനെയും അവര്‍ക്ക് നഷ്ടമായത് ആ ദിവസമായിരുന്നു. സി.പി.എം. കൊലയാളിസംഘം ആസൂത്രണംചെയ്ത് നടപ്പിലാക്കിയ അരുംകൊലയില്‍ കല്യോട്ടിന് നഷ്ടമായത് അവര്‍ക്കേറെ പ്രിയപ്പെട്ടവരായ രണ്ടുപേരെയായിരുന്നു.
2019 ഫെബ്രുവരി 17-ന് രാത്രി ഏഴരയോടെ കല്യോട്ട് ഭഗവതിക്ഷേത്രത്തിലെ പെരുങ്കളിയാട്ടത്തിന്റെ ഭാഗമായുള്ള സ്വാഗതസംഘം യോഗം കഴിഞ്ഞ് ബൈക്കില്‍ മടങ്ങുകയായിരുന്നു ശരത്ത് ലാലും കൃപേഷും. ഇതിനിടെയാണ് കൂരാങ്കര റോഡ് ജങ്ഷനില്‍വെച്ച് കൊലയാളിസംഘം ഇവരെ ആക്രമിച്ചത്. ബൈക്ക് തടഞ്ഞുനിര്‍ത്തിയ അക്രമിസംഘം കൃപേഷിനെയും ശരത്ത് ലാലിനെയും അതിക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു. കൃപേഷ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. മംഗളൂരുവിലെ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു ശരത്ത് ലാല്‍ മരിച്ചത്.
സി.ബി.ഐ. വന്നതോടെ പെരിയ ഇരട്ടക്കൊലക്കേസില്‍ സി.പി.എമ്മിന്റെ ജില്ലാ നേതാക്കളിലേക്കടക്കം അന്വേഷണമെത്തി. മുന്‍ എം.എല്‍.എ. കെവി. കുഞ്ഞിരാമന്‍ ഉള്‍പ്പെടെ കേസില്‍ പ്രതികളായി. പെരിയ കല്യോട്ട് നടന്നത് രാഷ്ട്രീയ ഗൂഢാലോചനയും രാഷ്ട്രീയ കൊലപാതകവുമാണെന്നായിരുന്നു സി.ബി.ഐ.യുടെ കുറ്റപത്രം.ശരത്ത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയത് പത്തുപേര്‍ ചേര്‍ന്നാണെന്നും കൊലയ്ക്കു മുമ്പ് രണ്ടു കേന്ദ്രങ്ങളിലായി മൂന്നുതവണ ഗൂഢാലോചന നടത്തിയെന്നും സി.ബി.ഐ. കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. ഗൂഢാലോചനയില്‍ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുള്‍പ്പെടെയുള്ളവരുണ്ട്. കൊല നടന്നതിനുശേഷം പ്രതികളെ ഒളിപ്പിക്കാനും മറ്റു സഹായംനല്‍കാനും പാര്‍ട്ടി ലോക്കല്‍-ജില്ലാ നേതാക്കളെത്തി.
https://www.facebook.com/Malayalivartha